തെഹ്‌റാന്‍ – ഫെബ്രുവരി 28 ന് ആരംഭിച്ച യുദ്ധത്തിന്റെ തുടക്കം മുതല്‍ യു.എസ്, ഇസ്രായില്‍ സേനകള്‍ നടത്തിയ വ്യോമാക്രമണങ്ങളില്‍ ഇറാനില്‍ 1,900 ലേറെ സാധാരണക്കാര്‍ കൊല്ലപ്പെടുകയും 21,000 ലേറെ സാധാരണക്കാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഇറാന്‍ റെഡ് ക്രസന്റ് സൊസൈറ്റി അറിയിച്ചു. പരിക്കേറ്റവരില്‍ 1,731 പേര്‍ 18 വയസ്സിന് താഴെയുള്ളവരാണ്. 4,163 സ്ത്രീകള്‍ക്കും പരിക്കേറ്റിട്ടുണ്ടെന്ന് ടെലിഗ്രാം ചാനലില്‍ പ്രസിദ്ധീകരിച്ച പ്രസ്താവനയില്‍ സൊസൈറ്റി പറഞ്ഞു. യു.എസ്, ഇസ്രായില്‍ വ്യോമാക്രമണങ്ങളില്‍ ഇറാനില്‍ 214 കുട്ടികളും 244 സ്ത്രീകളും കൊല്ലപ്പെട്ടിട്ടുണ്ട്.
യുദ്ധത്തിന്റെ തുടക്കം മുതല്‍ 80,000 ലേറെ റെസിഡന്‍ഷ്യല്‍ കെട്ടിടങ്ങള്‍, 20,000 ലേറെ വ്യാപാര സ്ഥാപനങ്ങള്‍, 296 മെഡിക്കല്‍ സെന്ററുകള്‍, 600 വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയുള്‍പ്പെടെ 1,02,043 സിവിലിയന്‍ ലക്ഷ്യങ്ങള്‍ ആക്രമിക്കപ്പെട്ടു. റെഡ് ക്രസന്റ് സൊസൈറ്റിയുടെ 18 മെഡിക്കല്‍ സെന്ററുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും 17 പേര്‍ക്ക് പരിക്കേല്‍ക്കുകയും രണ്ട് പേര്‍ മരിക്കുകയും ചെയ്തതായും സൊസൈറ്റി അറിയിച്ചു. ഫെബ്രുവരി 28 ന് യുദ്ധം ആരംഭിച്ചതിനുശേഷം 240 സ്ത്രീകളും 200 ലേറെ കുട്ടികളും ഉള്‍പ്പെടെ 1,900 ലേറെ പേര്‍ കൊല്ലപ്പെട്ടതായും സാധാരണക്കാരും സുരക്ഷാ സൈനികരും അടക്കം 24,800 ലേറെ പേര്‍ക്ക് പരിക്കേറ്റതായും ആരോഗ്യ മന്ത്രാലയം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



