ലാ പാസ്- ബൊളീവിയൻ വ്യോമസേനയുടെ ഹെർക്കുലീസ് (C-130) കാർഗോ വിമാനം പുതുതായി അച്ചടിച്ച ബാങ്ക് നോട്ടുകളുമായി പോകവേ എൽ ആൾട്ടോയിൽ തകർന്നുവീണു. വെള്ളിയാഴ്ചയായിരുന്നു അപകടം. സാന്താ ക്രൂസിൽ നിന്ന് പുറപ്പെട്ട വിമാനം എൽ ആൾട്ടോ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ മോശം കാലാവസ്ഥയെത്തുടർന്ന് റൺവേയിൽ നിന്ന് പുറത്തേക്ക് പോയി തിരക്കേറിയ ഹൈവേയിലെ വാഹനങ്ങളിൽ ഇടിക്കുകയായിരുന്നു. ഈ ദാരുണമായ അപകടത്തിൽ കുറഞ്ഞത് 15 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കൂടാതെ പന്ത്രണ്ടോളം വാഹനങ്ങളും തകർന്നു.
അപകടസ്ഥലത്ത് വിമാനത്തിൽ നിന്നും ബാങ്ക് നോട്ടുകൾ ചിതറിവീണത് ശേഖരിക്കാൻ ജനക്കൂട്ടം തടിച്ചുകൂടിയെങ്കിലും അധികൃതർ വാട്ടർ ഹോസുകൾ ഉപയോഗിച്ച് അവരെ നിയന്ത്രിച്ചു. എട്ട് ജീവനക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നതെന്ന് വ്യോമസേനാ കമാൻഡർ സെർജിയോ ലോറ അറിയിച്ചു, പ്രതിരോധ മന്ത്രി മാർസെലോ സാലിനാസ് അപകടം സ്ഥിരീകരിച്ചതിനെത്തുടർന്ന് വിമാനത്താവളം താൽക്കാലികമായി അടച്ചു. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ദൃശ്യങ്ങളിൽ തകർന്ന വിമാനത്തിന്റെയും ചിതറിക്കിടക്കുന്ന പണത്തിന്റെയും ദൃശ്യങ്ങൾ വ്യക്തമാണ്.



