ന്യൂദൽഹി: എക്സി(മുൻ ട്വിറ്റർ)ന് ബദലായി പ്രധാനമന്ത്രി നരേന്ദ്രമോഡിയും ബി.ജെ.പി നേതാക്കളടക്കം നിരവധി പ്രമുഖ വ്യക്തികളും ഒരു കാലത്ത് വളരെയധികം പ്രമോട്ട് ചെയ്തിരുന്ന ഇന്ത്യൻ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ കൂ സാമ്പത്തിക പ്രശ്‌നങ്ങൾ കാരണം അടച്ചുപൂട്ടുന്നതായി പ്രഖ്യാപിച്ചു. സാമ്പത്തിക പ്രയാസങ്ങളും പ്രവചനാതീതമായ വിപണി അന്തരീക്ഷവുമാണ് നടപടിക്ക് കാരണമെന്ന് കൂ സ്ഥാപകരായ അപ്രമേയ രാധാകൃഷ്ണയും മായങ്ക് ബിദാവത്കയും അറിയിച്ചു.
വളരെയധികം സ്നേഹത്തോടെ കെട്ടിപ്പടുത്ത ഒരു വസ്തുവിനെ ദയാവധം ചെയ്യാൻ ഏറെ പ്രയാസമാണ്. ആഗോള ഭീമൻമാരെ അവരുടെ കളിയിൽ വെല്ലുവിളിക്കാൻ ശ്രമിച്ച കൂവിന് എപ്പോഴും എൻ്റെ ഹൃദയത്തിൽ ഒരു പ്രത്യേക സ്ഥാനം ഉണ്ടായിരിക്കും. നമുക്ക് ഒരുപക്ഷേ അടുത്തതവണ ആഗോള ഭീമൻമാരെ പുറത്താക്കാനാകുമായിരിക്കും. അതുവരെ ഈ ചെറിയ മഞ്ഞപ്പറവ വിട പറയുന്നു…,” ബിദാവത്ക ലിങ്ക്ഡ്ഇനിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ അറിയിച്ചു.
കമ്പനിയിൽ സാമ്പത്തിക പങ്കാളിത്തം നൽകുന്നത് സംബന്ധിച്ച ചർച്ചകൾ പരാജയപ്പെട്ടുവെന്നും പൊതുജനങ്ങൾക്കുള്ള സേവനങ്ങൾ നിർത്തലാക്കുകയാണെന്നും കമ്പനി വ്യക്തമാക്കി.
ഞങ്ങൾ ഒന്നിലധികം വൻ ഇൻ്റർനെറ്റ് കമ്പനികൾ, കോർപ്പറേറ്റ് ഭീമൻമാർ, മാധ്യമ സ്ഥാപനങ്ങൾ എന്നിവയുമായി പങ്കാളിത്തം സംബന്ധിച്ച് ചർച്ച ചെയ്തു, എന്നാൽ ഈ ചർച്ചകൾ ഞങ്ങൾ ആഗ്രഹിച്ച ഫലം നൽകിയില്ല. അവരിൽ ഭൂരിഭാഗവും കൂ സൃഷ്ടിച്ച ഉള്ളടക്കവും ഒരു സോഷ്യൽ മീഡിയ കമ്പനിയുടെ വന്യമായ സ്വഭാവവും കൈകാര്യം ചെയ്യാൻ ആഗ്രഹിച്ചില്ല. ചിലർ കരാർ ഒപ്പിടുന്നതിന് തൊട്ടുമുമ്പായി തീരുമാനം മാറ്റി. ആപ്പ് പ്രവർത്തിപ്പിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നുവെങ്കിലും, ഒരു സോഷ്യൽ മീഡിയ ആപ്പ് പ്രവർത്തിപ്പിക്കുന്നതിനുള്ള സാങ്കേതിക സേവനങ്ങളുടെ ചെലവ് ഉയർന്നതാണ്. അതിനാൽ ഞങ്ങൾക്ക് ഈ കടുത്ത തീരുമാനം എടുക്കേണ്ടി വന്നു, -പോസ്റ്റ് പറയുന്നു.
എക്സുമായി മോഡി സർക്കാർ ഏറ്റുമുട്ടിയ 2020-ലാണ് കൂ സ്ഥാപിച്ചത്. ചില അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യണമെന്ന മോഡി സർക്കാറിന്റെ ആവശ്യം എക്സ് നിരസിച്ചതിനെ തുടർന്നായിരുന്നു തർക്കം. എക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യാൻ എക്സ് തയ്യാറായില്ല. തുടർന്ന് നരേന്ദ്ര മോദി സർക്കാരിൻ്റെ അഭ്യർത്ഥന കാരണം, 2020-ൽ കൂവിലേക്ക് ഒറ്റരാത്രികൊണ്ട് പല കേന്ദ്രമന്ത്രിമാരും ഭാരതീയ ജനതാ പാർട്ടി നേതാക്കളും കുടിയേറി.
സർക്കാറിന് വേണ്ടി ശക്തമായ പ്രചാരണം നടത്തുകയും മുസ്ലീം വിരുദ്ധ വിദ്വേഷ പ്രസംഗം അനിയന്ത്രിതമായി അനുവദിക്കുകയും ചെയ്തുവെന്ന് ആരോപിക്കപ്പെടുന്ന ആപ്പാണ് കൂ. നേരത്തെ, സാമ്പത്തിക ഞെരുക്കം ചൂണ്ടിക്കാട്ടി എല്ലാ ജീവനക്കാർക്കും കമ്പനി ശമ്പളം നൽകുന്നത് താൽക്കാലികമായി നിർത്തിവച്ചിരുന്നു.