മിന – ഗാസയില്‍ ഉടനടി വെടിനിര്‍ത്തല്‍ നടപ്പാക്കണമെന്നും അന്താരാഷ്ട്ര സമൂഹം 1967 ലെ അതിര്‍ത്തിയില്‍ കിഴക്കന്‍ ജറൂസലം തലസ്ഥാനമായി സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കണമെന്നും സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ ആവശ്യപ്പെട്ടു.
ഈ വര്‍ഷം ഹജ് കര്‍മം നിര്‍വഹിക്കുന്ന രാഷ്ട്ര നേതാക്കളെയും വിശിഷ്ട വ്യക്തികളെയും നേതാക്കളെയും രാജാവിന്റെ അതിഥികളെയും ഹജ് സംഘം മേധാവികളെയും ഹജ് മിഷന്‍ മേധാവികളെയും മിനാ കൊട്ടാരത്തില്‍ തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിനെ പ്രതിനിധീകരിച്ച്, സംസാരിക്കുകയായിരുന്നു കിരീടാവകാശി.
ഇരു ഹറമുകളുടെയും പുണ്യസ്ഥലങ്ങളുടെയും പരിചരണത്തിനും അവ സന്ദര്‍ശിക്കുന്നവരെ പരിപാലിക്കാനും അവരുടെ സുരക്ഷ ഉറപ്പുവരുത്താനുമുള്ള ചുമതല നല്‍കി സൗദി ഭരണാധികാരികളെയും ജനതയെയും ആദരിച്ചതിന് സര്‍വശക്തന് നന്ദി പറയുകയാണ്. ഈ മഹത്തായ കടമ തുടര്‍ന്നും നിര്‍വഹിക്കുന്നതില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു. അല്ലാഹുവിന്റെ അതിഥികള്‍ക്ക്, അവര്‍ സൗദിയിലെത്തുന്നതു മുതല്‍ സ്വദേശങ്ങളിലേക്ക് തിരിച്ചുപോകുന്നതുവരെ, എല്ലാവിധ സൗകര്യങ്ങളും ഒരുക്കാന്‍ മുഴുവന്‍ ശേഷികളും സൗദി അറേബ്യ പ്രയോജനപ്പെടുത്തുന്നു.
ഗാസയിലെ ഫലസ്തീനികള്‍ക്കെതിരെ ഇസ്രായില്‍ ഹീനമായ കുറ്റകൃത്യങ്ങള്‍ തുടരുന്നതിനിടെയാണ് ഇത്തവണ മുസ്‌ലിം ലോകം ബലിപെരുന്നാള്‍ ആഘോഷിക്കുന്നത്. ഗാസക്കെതിരായ ഇസ്രായില്‍ ആക്രമണം ഉടനടി നിര്‍ത്തണം. ഗാസയില്‍ ആളുകളുടെ ജീവന്‍ സംരക്ഷിക്കാന്‍ എല്ലാ നടപടികളും സ്വീകരിക്കാന്‍ അന്താരാഷ്ട്ര സമൂഹം മുന്നിട്ടിറങ്ങണം. ഗാസ വെടിനിര്‍ത്തലുമായി ബന്ധപ്പെട്ട് യു.എന്‍ രക്ഷാസമിതി അടുത്തിടെ അംഗീകരിച്ച പ്രമേയം നടപ്പാക്കേണ്ടത് ഏറെ പ്രാധാന്യം അര്‍ഹിക്കുന്നു. സമഗ്രവും നീതിപൂര്‍വവും ശാശ്വതവുമായ സമാധാനം കൈവരിക്കാനും ഫലസ്തീനികള്‍ക്ക് നിയമാനുസൃത അവകാശങ്ങള്‍ ലഭിക്കാനും 1967 ലെ അതിര്‍ത്തിയില്‍ കിഴക്കന്‍ ജറൂസലം തലസ്ഥാനമായി സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രത്തെ അന്താരാഷ്ട്ര സമൂഹം അംഗീകരിക്കണമെന്നും കിരീടാവകാശി പറഞ്ഞു.