കുവൈത്ത്: വീട്ടുവളപ്പിൽ മൂന്നു ഏഷ്യക്കാരുടെ സഹായത്തോടെ കഞ്ചാവ് വളർത്തിയ കേസിൽ പ്രമുഖ കുടുംബാംഗത്തെ കുവൈത്തിൽ പോലീസ് അറസ്റ്റ് ചെയ്തു. കഞ്ചാവിന് പുറമെ മയക്കുമരുന്നു വിതരണത്തിലും ഇയാൾ ഏർപ്പെട്ടിരുന്നു.
വിവിധ വലുപ്പത്തിലുള്ള 270 കഞ്ചാവ് തൈകൾ, ഏകദേശം 5,130 കിലോഗ്രാം കഞ്ചാവ്, 4,000 ക്യാപ്റ്റഗൺ ഗുളികകൾ, 620 മരിജുവാന സിഗരറ്റുകൾ, 50 ഗ്രാം മയക്കുമരുന്ന് ഹാഷിഷ് എന്നിവയാണ് കണ്ടെത്തിയതെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം തിങ്കളാഴ്ച പ്രസ്താവനയിൽ വിശദീകരിച്ചു.
21 ഗ്രാം കൊക്കെയ്ൻ, 6 കാൻ കഞ്ചാവ് ഓയിൽ, 27 ഗ്രാം സൈക്കഡെലിക് മഷ്റൂം, 2 മരിജുവാന ഇലക്ട്രോണിക് സിഗരറ്റുകൾ, കഞ്ചാവ് കൊണ്ടുണ്ടാക്കിയ മധുരപലഹാരങ്ങൾ, 10 കുപ്പി മദ്യം എന്നിവയും കണ്ടെത്തി. പ്രതികളെയും പിടിച്ചെടുത്ത വസ്തുക്കളെയും നാർക്കോട്ടിക് പ്രോസിക്യൂഷനിലേക്ക് കൈമാറി.