റിയാദ് – തലസ്ഥാന നഗരി നിവാസികള്‍ക്കും സന്ദര്‍ശകര്‍ക്കും നവ്യാനുഭവം സമ്മാനിക്കുന്ന മെട്രോ സേവനം പ്രയോജനപ്പെടുത്തുന്നവരില്‍ ബഹുഭൂരിഭാഗവും വിദേശികള്‍. അധിക സര്‍വീസുകളിലും വിദേശികളുടെ കടുത്ത തിരക്കാണ് അനുഭവപ്പെടുന്നത്. മെട്രോ യാത്രാനുഭവം ആസ്വദിക്കാനും ജോലിയാവശ്യാര്‍ഥവും ഷോപ്പിംഗിനുമെല്ലാം വിദേശികള്‍ മെട്രോയില്‍ കയറുന്നുണ്ട്. കിംഗ് അബ്ദുല്ല ഫിനാന്‍ഷ്യല്‍ ഡിസ്ട്രിക്ട്, മന്‍ഫൂഹ സ്റ്റേഷനുകള്‍ അടക്കം മിക്ക മെട്രോ സ്‌റ്റേഷനുകളിലും നല്ല തിരക്കാണ് അനുഭവപ്പെടുന്നത്.
മനോഹരമായ അനുഭവമാണ് മെട്രോ യാത്ര സമ്മാനിച്ചതെന്ന് യാത്രക്കാര്‍ ഒന്നടങ്കം പറയുന്നു. തലസ്ഥാന നഗരിക്ക് ഗുണം ചെയ്യുന്ന പദ്ധതി വരും തലമുറകള്‍ക്കും പ്രയോജനപ്പെടും. മെട്രോ പദ്ധതി യാഥാര്‍ഥ്യമായതില്‍ അഭിമാനിക്കുന്നതായി സ്വദേശികളില്‍ ഒരാള്‍ പറഞ്ഞു. സ്വന്തം രാജ്യത്ത് മെട്രോയില്‍ യാത്ര ചെയ്യണമെന്ന സ്വപ്‌നാണ് യാഥാര്‍ഥ്യമായിരിക്കുന്നത്.
സര്‍ക്കാര്‍ സ്‌കോളര്‍ഷിപ്പോടെ ബ്രിട്ടനില്‍ താന്‍ നേരത്തെ ഉപരിപഠനം നടത്തിയിരുന്നു. അവിടെ അടിസ്ഥാന യാത്രാ സംവിധാനം മെട്രോ ആണ്. ബ്രിട്ടനിലെ മെട്രോയെക്കാള്‍ ഏറെ മികച്ചതാണ് റിയാദ് മെട്രോ. മെട്രോയിലെ വ്യത്യസ്ത ക്ലാസുകള്‍, ടിക്കറ്റ് നിരക്കുകള്‍, മറ്റു മാര്‍ഗനിര്‍ദേശങ്ങള്‍ എന്നിവയെ കുറിച്ച് നടത്തുന്ന ബോധവല്‍ക്കരണം പര്യാപ്തമാണെന്നും സൗദി യുവാവ് പറഞ്ഞു.
ഏറെ ഗതാഗതത്തിരക്കേറിയ റിയാദില്‍ വളരെ കുറഞ്ഞ നിരക്കില്‍ ജോലി സ്ഥലങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ആശുപത്രികളിലും സര്‍ക്കാര്‍ ഓഫീസുകളിലും പ്രധാന വാണിജ്യ കേന്ദ്രങ്ങളിലും എയര്‍പോര്‍ട്ടിലും മറ്റും എളുപ്പത്തിലും വേഗത്തിലും എത്താന്‍ റിയാദ് മെട്രോ നഗരവാസികളെയും സന്ദര്‍ശകരെയും സഹായിക്കുന്നു. കുറഞ്ഞ നിരക്കിലുള്ള ടിക്കറ്റുകള്‍ മെട്രോയിലേക്ക് യാത്രക്കാരെ ആകര്‍ഷിക്കാന്‍ സഹായിക്കും. ആപ്പ് സ്റ്റോറുകളില്‍ ലഭ്യമായ ‘ദര്‍ബ്’ ആപ്പ് വഴി യാത്രക്കാര്‍ക്ക് എളുപ്പത്തില്‍ ടിക്കറ്റ് വാങ്ങാന്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
മുന്‍കൂട്ടി ടിക്കറ്റുകള്‍ വാങ്ങാത്തവര്‍ക്ക് മെട്രോ സ്‌റ്റേഷനുകളില്‍ നിന്ന് ടിക്കറ്റ് ലഭിക്കും. സ്‌റ്റേഷനുകളിലെ സ്മാര്‍ട്ട് സ്‌ക്രീനുകളില്‍ നിന്ന് ഒരു മിനിറ്റിനകം ടിക്കറ്റ് വാങ്ങല്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയും. ടിക്കറ്റ് വെന്‍ഡിംഗ് മെഷീനുകള്‍ മൂന്നു ഭാഷകളെ സപ്പോര്‍ട്ട് ചെയ്യുന്നു. ഏതു റൂട്ടില്‍ എത്ര കാലാവധിയിലുള്ള ടിക്കറ്റാണ് വേണ്ടതെന്ന് സ്‌ക്രീന്‍ വഴി തെരഞ്ഞെടുത്ത ശേഷം ടിക്കറ്റ് നിരക്ക് ‘മദാ’ കാര്‍ഡ് വഴി അടക്കുകയാണ് വേണ്ടത്. പണമടച്ചുകഴിഞ്ഞാലുടന്‍ വെന്‍ഡിംഗ് മെഷീന്‍ ടിക്കറ്റ് പ്രിന്റ് ചെയ്ത് നല്‍കും.
ഒന്നാം ട്രാക്ക് ആയ ഉലയ്യ-ബത്ഹ (ബ്ലൂ ലൈന്‍), നാലാം ട്രാക്ക് ആയ കിംഗ് ഖാലിദ് എയര്‍പോര്‍ട്ട് (യെല്ലോ ലൈന്‍), ആറാം ട്രാക്ക് ആയ അബ്ദുറഹ്മാന്‍ ബിന്‍ ഔഫ് ജംഗ്ഷന്‍-ശൈഖ് ഹസന്‍ ബിന്‍ ഹുസൈന്‍ (വയലറ്റ് ലൈന്‍) എന്നീ മൂന്നു റൂട്ടുകളില്‍ ആണ് ഇന്നലെ രാവിലെ മുതല്‍ സര്‍വീസുകള്‍ ആരംഭിച്ചത്. രണ്ടാം ട്രാക്ക് ആയ കിംഗ് അബ്ദുല്ല റോഡ് (റെഡ് ലൈന്‍), അഞ്ചാം ട്രാക്ക് ആയ കിംഗ് അബ്ദുല്‍ അസീസ് റോഡ് (ഗ്രീന്‍ ലൈന്‍) എന്നീ റൂട്ടുകളില്‍ ഡിസംബര്‍ 15 മുതലും മൂന്നാം ട്രാക്ക് ആയ മദീന റോഡ് (ഓറഞ്ച് ലൈന്‍) റൂട്ടില്‍ ജനുവരി അഞ്ചു മുതലും സര്‍വീസുകള്‍ ആരംഭിക്കും.
രണ്ടു മണിക്കൂര്‍ നേരത്തെ ഉപയോഗത്തിനുള്ള ഓര്‍ഡിനറി ക്ലാസ് ടിക്കറ്റിന് നാലു റിയാലും മൂന്നു ദിവസ കാലാവധിയുള്ള ടിക്കറ്റിന് 20 റിയാലും ഏഴു ദിവസ കാലാവധിയുള്ള ടിക്കറ്റിന് 40 റിയാലും ഒരു മാസത്തെ ടിക്കറ്റിന് 140 റിയാലുമാണ് നിരക്ക്. ഫസ്റ്റ് ക്ലാസില്‍ രണ്ടു മണിക്കൂര്‍ ടിക്കറ്റിന് 10 റിയാലും മൂന്നു ദിവസ ടിക്കറ്റിന് 50 റിയാലും ഏഴു ദിവസ ടിക്കറ്റിന് 100 റിയാലും ഒരു മാസത്തെ ടിക്കറ്റിന് 350 റിയാലുമാണ് നിരക്ക് നിശ്ചയിച്ചിരിക്കുന്നത്. ആറു വയസില്‍ കുറവ് പ്രായമുള്ള കുട്ടികള്‍ക്ക് ടിക്കറ്റ് ആവശ്യമില്ല.
ലോകത്ത് ഒറ്റയടിക്ക് നടപ്പാക്കിയ ഏറ്റവും വലിയ മെട്രോ പദ്ധതിയാണ് റിയാദിലെത്. റിയാദ് മെട്രോയില്‍ ആകെ ആറു ട്രാക്കുകളാണുള്ളത്. ഇവയുടെ ആകെ നീളം 176 കിലോമീറ്ററാണ്. മെട്രോ പാതകളില്‍ ആകെ 85 സ്റ്റേഷനുകളുണ്ട്. ഇതില്‍ നാലെണ്ണം പ്രധാന സ്റ്റേഷനുകളാണ്. മണിക്കൂറില്‍ 80 കിലോമീറ്റര്‍ വേഗതയിലാണ് മെട്രോ ട്രെയിന്‍ സഞ്ചരിക്കുന്നത്. പ്രതിദിനം 11.6 ലക്ഷം യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ ശേഷിയിലാണ് റിയാദ് മെട്രോ പൂര്‍ത്തിയാക്കിയിരിക്കുന്നത്.