തിരുവനന്തപുരം– നടൻ മണിയൻപിള്ള രാജു പ്രതിയായ വാഹനാപകടക്കേസിൽ പൊലീസിന്റെ ഭാഗത്ത് വീഴ്ചകളുണ്ടായിട്ടില്ലെന്ന് മ്യൂസിയം എസ്.എച്ച്.ഒ റിപ്പോർട്ട് നൽകി. അപകടം നടന്ന രാത്രിയിൽ തന്നെ നടനെ അന്വേഷിച്ച് വീട്ടിലെത്തിയിരുന്നെന്നും ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നെന്നും ഉദ്യോഗസ്ഥർ മൊഴി നൽകി. എന്നാൽ മണിയൻപിള്ള രാജു പൊലീസിനെ വിളിച്ചില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
നിലവിൽ മ്യൂസിയം പൊലീസ് സ്റ്റേഷനിലെ കോൾ റെക്കോർഡുകളും നടന്റെ മൊഴിയും വിശദമായി പരിശോധിക്കാനാണ് ഡി.സി.പി.യുടെ തീരുമാനം. കഴിഞ്ഞ വ്യാഴാഴ്ച രാത്രി പത്തുമണിയോടെ വഴുതക്കാട് ട്രിവാൻഡ്രം ക്ലബ്ബിന് മുന്നിൽ വെച്ചാണ് അപകടമുണ്ടായത്. ക്ലബ്ബിൽ നിന്നും പുറത്തേക്ക് വന്ന നടന്റെ വോൾവോ കാറിൽ ബൈക്കിടിച്ച് യുവാക്കൾക്ക് പരിക്കേൽക്കുകയും, അദ്ദേഹം വാഹനം നിർത്താതെ പോകുകയുമായിരുന്നു.



