കുവൈത്ത് സിറ്റി – ഇഷ്ടക്കാരിക്ക് കാര്‍ സമ്മാനിക്കാന്‍ കൂപ്പണ്‍ നറുക്കെടുപ്പില്‍ തട്ടിപ്പ് നടത്തിയതുമായി ബന്ധപ്പെട്ട് കുവൈത്തിൽ വൻ വിവാദം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പലപ്പോഴായി നടന്ന നറുക്കെടുപ്പുകളിൽ പ്രതിസ്ഥാനത്തുള്ള ഈജിപ്തുകാരിക്കും ഭർത്താവിനും ഏഴു കാറുകളാണ് ലഭിച്ചത്. അതേസമയം, ഇതുമായി ബന്ധപ്പെട്ട് സഹായം നൽകിയ വാണിജ്യ, വ്യവസായ മന്ത്രാലയ ഉദ്യോഗസ്ഥന്റെ സാന്നിധ്യം നറുക്കെടുപ്പ് നടന്ന മുഴുവൻ സ്ഥലങ്ങളിലും ഉണ്ടായിരുന്നതായും കണ്ടെത്തി. ഇയാളെ മന്ത്രാലയം സസ്‌പെന്റ് ചെയ്തിട്ടുണ്ട്. യാഹലാ ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ ഭാഗമായി കഴിഞ്ഞ ദിവസം നടത്തിയ ഗ്രാന്‍ഡ് പ്രൈസ് നറുക്കെടുപ്പിലാണ് കൃത്രിമം നടത്തിയത്. കാഡിലാക് കാറിനു വേണ്ടിയുള്ള നറുക്കെടുപ്പിൽ മന്ത്രാലയ ഉദ്യോഗസ്ഥന്‍ തട്ടിപ്പ് നടത്തുകയായിരുന്നു. നറുക്കെടുപ്പിന്റെ ദൃശ്യങ്ങള്‍ ടി.വിയിലൂടെ തത്സമയം സംപ്രേക്ഷണം ചെയ്തിരുന്നു.
തട്ടിപ്പ് നടത്തിയത് ഇങ്ങിനെ..
കൂപ്പണുകള്‍ സൂക്ഷിച്ച കറങ്ങുന്ന ബോക്‌സില്‍ ഉദ്യോഗസ്ഥൻ നറുക്കെടുക്കാൻ എന്ന വ്യാജേന കൈ പ്രവേശിപ്പിച്ചു. സ്വന്തം വസ്ത്രത്തിന്റെ നീളൻ കൈക്കുള്ളിൽ മറച്ചുപിടിച്ച കൂപ്പണ്‍ മറ്റുള്ളവരുടെ കണ്ണില്‍ പെടാതെ ഉദ്യോഗസ്ഥന്‍ പുറത്തെടുത്തു. ഇതിലെ സമ്മാനം തന്റെ ഇഷ്ടക്കാരിക്കായിരുന്നു. എന്നാല്‍ ഇത് ക്യാമറക്കണ്ണില്‍ പതിഞ്ഞു. കൂപ്പണുകള്‍ക്കുള്ളിലേക്ക് കൈ പ്രവേശിക്കുന്നതിനു തൊട്ടുമുമ്പായി ഉദ്യോഗസ്ഥന്റെ കൈയില്‍ കൂപ്പണ്‍ കാണുന്നുണ്ടായിരുന്നു. നറുക്കെടുപ്പില്‍ കൃത്രിമം തടയാന്‍ വേണ്ടിയാണ് വാണിജ്യ, വ്യവസായ മന്ത്രാലയ പ്രതിനിധി നറുക്കെടുപ്പ് വേദിയിലെത്തിയത്.
ഈജിപ്തുകാരിക്കാണ് നറുക്കെടുപ്പില്‍ കാഡിലാക് കാര്‍ ലഭിച്ചത്. ഇവര്‍ കുവൈത്തില്‍ ചാരിറ്റബിള്‍ സൊസൈറ്റി ജീവനക്കാരിയാണ്. തട്ടിപ്പ് പുറത്തായതോടെ ഈജിപ്തുകാരിയെ സുരക്ഷാ വകുപ്പുകള്‍ അറസ്റ്റ് ചെയ്തു. രാജ്യം വിടാന്‍ ശ്രമിക്കുന്നതിനിടെ കുവൈത്ത് എയര്‍പോര്‍ട്ടില്‍ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. സമീപ കാലത്ത് നടത്തിയ മറ്റൊരു നറുക്കെടുപ്പില്‍ സമ്മാനമായി ലഭിച്ച കാര്‍ ഈജിപ്തുകാരി തന്റെ ഭര്‍ത്താവിന്റെ പേരിലേക്ക് മാറ്റിയതായി കണ്ടെത്തിയിട്ടുണ്ട്. തട്ടിപ്പില്‍ പങ്കുണ്ടെന്ന സംശയത്തിൽ ഇവരുടെ ഈജിപ്തുകാരനായ ഭര്‍ത്താവിനെയും കസ്റ്റഡിയിലെടുത്തു. മുമ്പ് നടന്ന പല നറുക്കെടുപ്പുകളിലും ഈജിപ്തുകാരിക്ക് സമ്മാനങ്ങള്‍ ലഭിച്ചിരുന്നു. ഇവര്‍ക്ക് സമ്മാനങ്ങള്‍ ലഭിച്ച നറുക്കെടുപ്പുകളിലെല്ലാം ഇപ്പോള്‍ പ്രതിസ്ഥാനത്തുള്ള വാണിജ്യ, വ്യവസായ മന്ത്രാലയ ഉദ്യോഗസ്ഥന്റെ സാന്നിധ്യമുണ്ടായിരുന്നെന്നും ബന്ധപ്പെട്ടവര്‍ പറഞ്ഞു.
ഇതേവരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന നറുക്കെടുപ്പിൽ ഈജിപ്തുകാരിക്കും ഭര്‍ത്താവിനും ലഭിച്ചത് ഏഴു കാറുകളും നിരവധി വിലയേറിയ സമ്മാനങ്ങളുമായിരുന്നു.
ഇതേവരെ സമ്മാനം ലഭിച്ച അഞ്ചു കാറുകള്‍ ചാരിറ്റബിള്‍ സൊസൈറ്റി ജീവനക്കാരിയായ ഈജിപ്തുകാരിക്കും രണ്ടെണ്ണം ഭര്‍ത്താവിനുമാണ് ലഭിച്ചത്. ഭര്‍ത്താവ് വഴിയാണ് താന്‍ തട്ടിപ്പ് പദ്ധതികളില്‍ ഉള്‍പ്പെട്ടതെന്ന് ഈജിപ്തുകാരി കുറ്റസമ്മതം നടത്തി. ഒരുമിച്ച് ജോലി ചെയ്യുന്ന അറബ് വംശജനാണ് കൂപ്പണ്‍ തട്ടിപ്പിലേക്ക് ഭര്‍ത്താവിനെ പ്രലോഭിച്ച് ആകര്‍ഷിച്ചത്. ലോജിസ്റ്റിക്‌സ് സര്‍വീസ് കമ്പനിയില്‍ ജോലി ചെയ്യുന്ന കരീബിയന്‍ വംശജന് കൂപ്പണ്‍ നറുക്കെടുപ്പില്‍ വിജയം ഉറപ്പാക്കാന്‍ കഴിയുമെന്നും ഇതിന് കരീബിയക്കാരന് പണം നല്‍കണമെന്നും പറഞ്ഞാണ് സഹപ്രവര്‍ത്തകനായ അറബ് വംശജന്‍ ഭര്‍ത്താവിനെ തട്ടിപ്പ് സംഘത്തില്‍ കണ്ണിയാക്കിയതെന്നും യുവതി വെളിപ്പെടുത്തി. കേസില്‍ അറസ്റ്റിലായ വാണിജ്യ, വ്യവസായ മന്ത്രാലയ ഉദ്യോഗസ്ഥനായ കുവൈത്തി പൗരന്‍ കൂപ്പണ്‍ നറുക്കെടുപ്പില്‍ തട്ടിപ്പ് നടത്തിയതായി കുറ്റസമ്മതം നടത്തിയിട്ടുണ്ട്. തട്ടിപ്പിലൂടെ ലഭിക്കുന്ന പണം വീതിച്ചെടുക്കാമെന്ന് കരീബിയക്കാരനുമായി ധാരണയിലെത്തിയാണ് നറുക്കെടുപ്പില്‍ കൃത്രിമം കാണിച്ചതെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു. അതേസമയം, തട്ടിപ്പില്‍ നാല്‍പതു സ്വദേശികള്‍ക്കും വിദേശികള്‍ക്കും പങ്കുള്ളതായും സംശയമുണ്ട്.
കൂടുതൽ വിവരങ്ങൾ പുറത്ത്
യാഹലാ ഷോപ്പിംഗ് ഫെസ്റ്റിവല്‍ കൂപ്പണ്‍ നറുക്കെടുപ്പ് തട്ടിപ്പുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു. തട്ടിപ്പില്‍ നാല്‍പതു സ്വദേശികള്‍ക്കും വിദേശികള്‍ക്കും പങ്കുള്ളതായി സംശയം ഉയര്‍ന്നിട്ടുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി ഇവരെ വിളിച്ചുവരുത്തി ചോദ്യം ചെയ്യും. 2024 ആദ്യം മുതല്‍ ഇതുവരെ കുവൈത്തില്‍ നടന്ന മുഴുവന്‍ കൂപ്പണ്‍ നറുക്കെടുപ്പുകളും വാണിജ്യ, വ്യവസായ മന്ത്രാലയം പുനഃപരിശോധിക്കുകയും സൂക്ഷ്മ പരിശോധന നടത്തുകയും ചെയ്യുന്നുണ്ട്. നറുക്കെടുപ്പുകളില്‍ വിജയിച്ച എല്ലാവരുടെയും പേരുവിവരങ്ങള്‍ അടങ്ങിയ പട്ടികയും തയാറാക്കുന്നുണ്ട്. കാറുകള്‍, ക്യാഷ് പ്രൈസുകള്‍, മറ്റു വിലയേറിയ സമ്മാനങ്ങള്‍ എന്നിവയെല്ലാം ലഭിച്ചവരുടെ പേരുവിവരങ്ങള്‍ അടങ്ങിയ പട്ടികയാണ് തയാറാക്കുന്നത്.
കൂപ്പണ്‍ നറുക്കെടുപ്പ് തട്ടിപ്പ് സംഘത്തെ വാണിജ്യ, വ്യവസായ മന്ത്രാലയത്തിന്റെ സഹകരണത്തോടെ അറസ്റ്റ് ചെയ്തതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
ധാർമ്മിക ഉത്തരവാദിത്വം- വാണിജ്യ മന്ത്രാലയ അണ്ടര്‍ സെക്രട്ടറി രാജി സമര്‍പ്പിച്ചു
കൂപ്പണ്‍ നറുക്കെടുപ്പ് തട്ടിപ്പുമായി ബന്ധപ്പെട്ട് കുവൈത്ത് വാണിജ്യ, വ്യവസായ മന്ത്രാലയ അണ്ടര്‍ സെക്രട്ടറി സിയാദ് അല്‍നാജിം വകുപ്പ് മന്ത്രി ഖലീഫ അല്‍ഉജൈലിന് രാജിക്കത്ത് സമര്‍പ്പിച്ചു. കൂപ്പണ്‍ നറുക്കെടുപ്പ് തട്ടിപ്പ് കേസില്‍ നിയമ ലംഘകര്‍ക്കെതിരെ ഉടൻ നടപടികള്‍ സ്വകീരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈ സംഭവം വാണിജ്യ, വ്യവസായ മന്ത്രാലയത്തെ കുറിച്ച് പൗരന്മാര്‍ക്കിടയില്‍ മോശം പ്രതിച്ഛായ സൃഷ്ടിച്ചു. മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ എന്ന നിലയിലുള്ള ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്തും മന്ത്രാലയത്തിലെ എല്ലാ വിശ്വസ്തരായ ജീവനക്കാരുടെയും ശ്രമങ്ങളെ പ്രതിരോധിക്കാനുമായി രാജി സമര്‍പ്പിക്കുന്നു – രാജിക്കത്ത് സമര്‍പ്പിച്ച് സിയാദ് അല്‍നാജിം പ്രസ്താവനയില്‍ പറഞ്ഞു.