മസ്‌കത്ത് – വടക്കന്‍ ബാത്തിന ഗവര്‍ണറേറ്റിലെ ലിവ വിലായത്തില്‍ കാളപ്പോരിനിടെ കാളയുടെ കുത്തേറ്റ് ഒമാനി യുവാവിന് ദാരുണാന്ത്യം. വെള്ളിയാഴ്ചയാണ് സംഭവം. ലിവ അരീനയില്‍ നൂറുകണക്കിന് കാണികളുടെ സാന്നിധ്യത്തില്‍ നടന്ന കാളപ്പോരിനിടെ കാളയുടെ ആക്രമണത്തില്‍ കാണികളിലെ യുവാവ് കൊല്ലപ്പെടുകയായിരുന്നു. നിരവധി കാണികള്‍ക്ക് പരിക്കേറ്റു. പോരില്‍ പങ്കെടുത്ത രണ്ടു കൂറ്റന്‍ കാളകള്‍ കാണികള്‍ക്കിടയിലേക്ക് പാഞ്ഞുകയറുകയായിരുന്നു.
പതിറ്റാണ്ടുകളായി ഒമാനി ഗ്രാമങ്ങളില്‍ കാളപ്പോര് നടക്കുന്നുണ്ട്. ബര്‍ക, ഖബൂറ, സഹാം, സോഹാര്‍, ലിവ വിലായത്തുകളില്‍ ഇന്നും ഇത് തുടരുന്നു. ആക്രമണത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ നിരവധി സാമൂഹികമാധ്യമ ഉപയോക്താക്കള്‍ മൃഗങ്ങളെയും കാണികളെയും സംരക്ഷിക്കുന്നതിന് കര്‍ശനമായ നിയമങ്ങളും സുരക്ഷാ നടപടികളും വേണമെന്ന് ആവശ്യപ്പെട്ടു. 2020 ല്‍ കാളപ്പോര് പോലുള്ള വിനോദത്തിനും കായിക വിനോദങ്ങള്‍ക്കും മൃഗങ്ങളെ ഉപയോഗിക്കുന്നത് നിരോധിച്ചിട്ടുണ്ടെങ്കിലും ഈ പരിപാടികള്‍ ഇപ്പോഴും ആഴ്ചതോറും സംഘടിപ്പിക്കപ്പെടുന്നു.
കലാപരമായും വിനോദപരമായുമുള്ള ആവശ്യങ്ങള്‍ക്ക് മൃഗങ്ങളെ ഉപയോഗിക്കുന്നവര്‍ക്ക് നിയമം പിഴ ചുമത്തുന്നുണ്ട്. ഈ നിയമ പ്രകാരം മൃഗങ്ങളെ പ്രകൃതിവിരുദ്ധ പ്രവൃത്തികള്‍ക്ക് വിധേയമാക്കുന്നതും ഗുസ്തി വേദികള്‍, സര്‍ക്കസുകള്‍ തുടങ്ങിയ വിനോദ പരിപാടികളില്‍ പ്രകടനം നടത്താന്‍ നിര്‍ബന്ധിക്കുന്നതും കശാപ്പിനായി തയാറാക്കുന്നതില്‍ ക്രൂരത കാണിക്കുന്നതും നിയമലംഘനമാണ്.
മൃഗങ്ങളെ അവഗണിക്കല്‍, മതിയായ പോഷകാഹാരവും വിശ്രമവും നിഷേധിക്കല്‍, അമിതമായി ജോലി ചെയ്യിക്കല്‍, അവയുടെ പ്രായവും ആരോഗ്യവും പരിഗണിക്കാതെ ഓടിക്കല്‍, രോഗം ബാധിച്ചതോ പരിക്കേറ്റതോ ആയ മൃഗങ്ങളെ പ്രദര്‍ശിപ്പിക്കല്‍, കച്ചവടം ചെയ്യല്‍, വേദനയുണ്ടാക്കുന്ന നിലക്ക് നടക്കാന്‍ കഴിയാത്ത മൃഗങ്ങളെ ഉയര്‍ത്തുകയോ വലിച്ചിഴക്കുകയോ ചെയ്യല്‍ എന്നിവയും ലംഘനങ്ങളാണ്. ലൈംഗിക പീഡനം ഉള്‍പ്പെടെ മൃഗങ്ങളെ ദുരുപയോഗം ചെയ്യല്‍, വളര്‍ച്ചാ ഉത്തേജകങ്ങളും അനധികൃത തീറ്റകളും നല്‍കല്‍, രോഗികളായ മൃഗങ്ങളെ മനുഷ്യത്വരഹിതമായി നീക്കം ചെയ്യല്‍ എന്നിവയും നിയമ ലംഘനങ്ങളാണ്. 2017 ല്‍ പുറപ്പെടുവിച്ച മൃഗക്ഷേമ നിയമത്തിലെ ആര്‍ട്ടിക്കിള്‍ 13 അനുസരിച്ച് നിയമ ലംഘനങ്ങള്‍ക്ക് ഒരു മാസം വരെ തടവോ 500 ഒമാനി റിയാലില്‍ കവിയാത്ത പിഴയോ അല്ലെങ്കില്‍ രണ്ടും കൂടിയോ ശിക്ഷ ലഭിക്കും.
ബര്‍ക്ക, ഖബൂറ, മുസാന, സോഹാര്‍, ലിവ എന്നീ വിലായത്തുകളില്‍ എല്ലാ വെള്ളിയാഴ്ചകളിലും കാളപ്പോര് കാണാന്‍ നൂറുകണക്കിന് ആരാധകര്‍ ഒത്തുകൂടുന്നു. മനുഷ്യനെ മൃഗത്തിനെതിരെ മത്സരിപ്പിക്കുന്ന സ്പാനിഷ് പാരമ്പര്യത്തില്‍ നിന്ന് വ്യത്യസ്തമായി, ഒമാനി പതിപ്പില്‍ മൂന്നു മുതല്‍ നാലു മിനിറ്റ് വരെ ദൈര്‍ഘ്യമുള്ള സുമോ-ഗുസ്തി പോലുള്ള പോരാട്ടത്തില്‍ രണ്ട് കാളകള്‍ തമ്മില്‍ കൊമ്പുകോര്‍ക്കുകയാണ് ചെയ്യുന്നത്. ഇത് സാധാരണയായി രക്തച്ചൊരിച്ചിലില്ലാതെ അവസാനിക്കുന്നു. ഒമാനി ഇസ്‌ലാമിക നിയമപ്രകാരം വാതുവെപ്പ് അനുവദനീയമല്ലാത്തതിനാല്‍ മത്സരത്തില്‍ ക്യാഷ് പ്രൈസ് ഇല്ല. എന്നിരുന്നാലും കാളകളെ നിക്ഷേപങ്ങളായി കാണുന്നു. ഓരോ മത്സരത്തിലും വിജയിക്കുന്തോറും അവയുടെ മൂല്യം വര്‍ധിക്കുന്നു. വിജയിക്കുന്ന ഒരു കാളയുടെ വില 50,000 ഒമാനി റിയാല്‍ വരെ എത്തും. ഈ കാളകളില്‍ ഭൂരിഭാഗവും ഇന്ത്യ, പാകിസ്ഥാന്‍, പോര്‍ച്ചുഗല്‍, സ്‌പെയിന്‍ എന്നിവിടങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്തവയാണ്. ഇവക്ക് നിറത്തിലും ഇനത്തിലും വലിപ്പത്തിലും വ്യത്യാസമുണ്ട്. ചിലതിന് ഒരു ടണ്ണില്‍ കൂടുതല്‍ ഭാരമുണ്ടാകും.
ധാന്യങ്ങള്‍, ഈത്തപ്പഴം, ഉണക്കമീന്‍ എന്നിവ അടങ്ങിയ ഉയര്‍ന്ന കാര്‍ബോഹൈഡ്രേറ്റ് ഭക്ഷണം നല്‍കിയാണ് ഇളം കാളകളെ വളര്‍ത്തുന്നത്. ചില ഉടമകള്‍ അവക്ക് പാല്‍, വാഴപ്പഴം, പ്രത്യേകം പാകം ചെയ്ത പച്ചിലകള്‍, ഈത്തപ്പഴം എന്നിവയുടെ മിശ്രിതം നല്‍കുന്നു. പോരാളി കാളകളെ ദിവസവും മസാജ് ചെയ്യുന്നു. കാളകള്‍ക്ക് ഏകദേശം ആറ് മാസം പ്രായമാകുമ്പോള്‍ പരിശീലനം ആരംഭിക്കുന്നു. രണ്ടു മുതല്‍ അഞ്ചു വയസ് വരെ പ്രായമുള്ളപ്പോള്‍ അവയെ മത്സരത്തില്‍ പങ്കെടുക്കുന്ന കാളക്കൂട്ടത്തിലേക്ക് പരിചയപ്പെടുത്തുന്നു. സ്റ്റാമിന വര്‍ധിപ്പിക്കുന്നതിന് കാളകളെ കടലില്‍ പരിശീലിപ്പിക്കുന്നു. ഇത് അവയുടെ നെഞ്ചിലെ പേശികളെ ശക്തിപ്പെടുത്തുകയും ക്ഷീണം തടയാന്‍ സഹായിക്കുകയും ചെയ്യുന്നതായി ഉടമകള്‍ പറയുന്നു.
ബര്‍കയിലെയും സോഹാറിലെയും കാളപ്പോര് വേദികളില്‍ മാത്രമാണ് സംരക്ഷണ തടസ്സങ്ങളും കാണികള്‍ക്കുള്ള സ്റ്റാന്‍ഡുകളും ഉള്ളത്. മറ്റു വിലായത്തുകളിലെ വേദികളില്‍ അത്തരം സുരക്ഷാ നടപടികള്‍ ഇല്ലെന്ന് സംഘാടകര്‍ പറയുന്നു. ഒമാനില്‍ കാളപ്പോരുമായി ബന്ധപ്പെട്ട മരണങ്ങള്‍ വളരെ അപൂര്‍വമാണ്. കഴിഞ്ഞ 30 വര്‍ഷത്തിനിടെ ഇത്തരത്തില്‍ പെട്ട വളരെ കുറച്ച് കേസുകള്‍ മാത്രമേ രേഖപ്പെടുത്തിയിട്ടുള്ളൂ.