മക്ക- ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നെത്തിയ വിശ്വാസികളാൽ മക്കയിലെ വിശുദ്ധ ഹറമും പരിസരവും നിറഞ്ഞു കവിഞ്ഞു. വിശുദ്ധ റമദാനിലെ അവസാനത്തെ പത്തിലെ ഒറ്റയായ രാവിൽ കൂടുതൽ പുണ്യം ആഗ്രഹിച്ചെത്തിയ വിശ്വാസികളാൽ ഹറം നിറഞ്ഞു കവിഞ്ഞു. വിശ്വാസികളെ സംബന്ധിച്ചിടത്തോളം ഏറ്റവും കൂടുതൽ പുണ്യം ലഭിക്കുന്ന ദിനങ്ങളാണ് റമദാനിലെ അവസാനത്തെ പത്തു ദിവസങ്ങൾ. ഇതിൽ തന്നെ കൂടുതൽ പുണ്യമേറിയ ദിനങ്ങളാണ് ഒറ്റയായ രാവുകൾ. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ളവർ റമദാനിലെ പുണ്യം പ്രതീക്ഷിച്ച് ഹറമിലെത്തി.
അതേസമയം, കഴിഞ്ഞ വര്‍ഷം നാലാം പാദത്തില്‍ ഉംറ തീര്‍ഥാടകരുടെ എണ്ണം 31 ശതമാനം വര്‍ധിച്ചതായി ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് അറിയിച്ചു. തീര്‍ഥാടകരില്‍ 53 ശതമാനം പേര്‍ പുരുഷന്മാരും 47 ശതമാനം പേര്‍ വനിതകളുമായിരുന്നു.
ആകെ തീര്‍ഥാടകരില്‍ സൗദികള്‍ നാലര ശതമാനമായിരുന്നു. ആഭ്യന്തര തീര്‍ഥാടകരില്‍ കൂടുതല്‍ പേര്‍ മക്ക പ്രവിശ്യയില്‍ നിന്നുള്ളവരായിരുന്നു. 2023 നാലാം പാദത്തെ അപേക്ഷിച്ച് 2024 നാലാം പാദത്തില്‍ വിദേശ തീര്‍ഥാടകരുടെ എണ്ണം 26.2 ശതമാനം വര്‍ധിച്ചു. വിദേശ തീര്‍ഥാടകരില്‍ 64.7 ശതമാനവും ഉംറ വിസയിലാണ് രാജ്യത്തെത്തിയത്. ഏറ്റവും കൂടുതല്‍ വിദേശ തീര്‍ഥാടകര്‍ എത്തിയ മാസം ഡിസംബര്‍ ആണ്. നാലാം പാദത്തില്‍ വിദേശ തീര്‍ഥാടകരില്‍ 38.2 ശതമാനവും പുണ്യഭൂമിയിലെത്തിയത് ഡിസംബറിലായിരുന്നു. ആഭ്യന്തര തീര്‍ഥാടകര്‍ കൂടുതല്‍ എത്തിയത് നവംബറിലാണ്. ആഭ്യന്തര തീര്‍ഥാടകരില്‍ 34 ശതമാനം പേര്‍ നവംബറിലാണ് ഉംറ കര്‍മം നിര്‍വഹിച്ചത്.

ഹറമൈൻ ട്രെയിൻ സർവീസുകളുടെ എണ്ണം കൂട്ടി
വിശുദ്ധ റമദാന്‍ അവസാന പത്തിലേക്ക് പ്രവേശിച്ചതോടനുബന്ധിച്ച് തീര്‍ഥാടകരുടെയും സന്ദര്‍ശകരുടെയും കടുത്ത തിരക്ക് കണക്കിലെടുത്ത് മക്കക്കും മദീനക്കുമിടയില്‍ ഹറമൈന്‍ ട്രെയിന്‍ സര്‍വീസുകളുടെ എണ്ണം വര്‍ധിപ്പിച്ചു. പ്രതിദിന സര്‍വീസുകളുടെ എണ്ണം 130 ആയാണ് ഉയര്‍ത്തിയിരിക്കുന്നത്. റമദാനില്‍ ആകെ 3,400 ലേറെ സര്‍വീസുകളാണ് ഹറമൈന്‍ ഹൈസ്പീഡ് റെയില്‍വെയില്‍ നടത്തുന്നത്. ഈ സര്‍വീസുകളില്‍ ആകെ 16 ലക്ഷത്തിലേറെ സീറ്റുകള്‍ ലഭ്യമാണ്.
റമദാന്‍ അവസാന പത്തിലേക്ക് പ്രവേശിച്ചതോടെ യാത്രക്കാരെ സേവിക്കാന്‍ മദീന റെയില്‍വെ സ്‌റ്റേഷനില്‍ വലിയ ശ്രമങ്ങളാണ് നടത്തുന്നത്. റെയില്‍വെ സ്‌റ്റേഷന്‍ ഗെയ്റ്റുകളുടെ എണ്ണം എട്ടില്‍ നിന്ന് ഇരുപത്തിനാലായി ഉയര്‍ത്തിയിട്ടുണ്ട്. യാത്രക്കാരെ സ്വീകരിക്കാനും യാത്രയയക്കാനും രണ്ടു അധിക ഹാളുകളും സജ്ജീകരിച്ചിട്ടുണ്ട്. റെയില്‍വെ സ്റ്റേഷനും മസ്ജിദുന്നബവിക്കുമിടയില്‍ ഭിന്നശേഷിക്കാര്‍ക്കും പ്രായംചെന്നവര്‍ക്കും സൗജന്യ ഗതാഗത സേവനവും ഒരുക്കിയിട്ടുണ്ട്.

ലോകത്ത് ഏറ്റവും വേഗം കൂടിയ പത്തു ഇലക്ട്രിക് ട്രെയിനുകളില്‍ ഒന്നാണ് ഹറമൈന്‍ ഹൈസ്പീഡ് ട്രെയിന്‍. മധ്യപൗരസ്ത്യദേശത്തെ ഏറ്റവും വലിയ ഗതാഗത പദ്ധതികളില്‍ ഒന്നുമാണിത്. 453 കിലോമീറ്റര്‍ നീളമുള്ള ഇരട്ടപ്പാതയില്‍ മക്കക്കും മദീനക്കുമിടയിലെ ദൂരം താണ്ടാന്‍ ഹറമൈന്‍ ട്രെയിന്‍ രണ്ടു മണിക്കൂറാണെടുക്കുന്നത്. 13 കോച്ചുകള്‍ വീതം അടങ്ങിയതാണ് ഹറമൈന്‍ ട്രെയിനുകള്‍. ഇവയില്‍ ഫസ്റ്റ് ക്ലാസ്, ഇക്കോണമി ക്ലാസുകളില്‍ ആകെ 417 സീറ്റുകള്‍ വീതമുണ്ട്. മക്ക, മദീന, ജിദ്ദ സുലൈമാനിയ, ജിദ്ദ എയര്‍പോര്‍ട്ട്, റാബിഗ് കിംഗ് അബ്ദുല്ല ഇക്കണോമിക് സിറ്റി എന്നീ അഞ്ചു സ്‌റ്റേഷനുകളാണ് ഹറമൈന്‍ ഹൈസ്പീഡ് റെയില്‍വെയിലുള്ളത്.