മക്ക – ഈ വര്‍ഷത്തെ ഹജിന് അറഫ സംഗമത്തില്‍ ഖുതുബ നിര്‍വഹിക്കാനും ദുഹ്ര്‍, അസര്‍ നമസ്‌കാരങ്ങള്‍ക്ക് നേതൃത്വം നല്‍കാനും ഹറം ഇമാമും ഖതീബുമായ ശൈഖ് ഡോ. മാഹിര്‍ അല്‍മുഅയ്ഖ്‌ലിയെ നിയോഗിക്കാന്‍ തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവ് നിര്‍ദേശിച്ചതായി ഹറം മതകാര്യ വകുപ്പ് അറിയിച്ചു. അറഫ പ്രസംഗത്തിന് ലോക മുസ്‌ലിം സമൂഹം വലിയ പ്രാധാന്യമാണ് കല്‍പിക്കുന്നത്. ലോകത്ത് കോടിക്കണക്കിന് വിശ്വാസികള്‍ അറഫ പ്രസംഗം തത്സമയം വീക്ഷിക്കാറുണ്ട്.
കപ്പല്‍ മാര്‍ഗമുള്ള ആദ്യഹജ് സംഘം എത്തി

ജിദ്ദ – ഈ കൊല്ലത്തെ ഹജ് സീസണ്‍ ആരംഭിച്ച ശേഷം കപ്പല്‍ മാര്‍ഗമുള്ള ആദ്യ ഹജ് സംഘം ജിദ്ദ ഇസ്‌ലാമിക് പോര്‍ട്ടിലെത്തി. സുഡാനില്‍ നിന്നുള്ള ഹജ് സംഘത്തിന്റെ പ്രവേശന നടപടിക്രമങ്ങള്‍ ജവാസാത്ത് ഡയറക്ടറേറ്റ് വേഗത്തിലും സുഗമമായും പൂര്‍ത്തിയാക്കി. ജിദ്ദ തുറമുഖത്തു നിന്ന് ഹാജിമാര്‍ പിന്നീട് ബസുകളില്‍ മക്കയിലെ താമസസ്ഥലങ്ങളിലേക്ക് പോയി.
വിദേശങ്ങളില്‍ നിന്ന് അഞ്ചര ലക്ഷത്തോളം ഹാജിമാര്‍ എത്തി
ജിദ്ദ – ഇത്തവണത്തെ ഹജ് സീസണ്‍ ആരംഭിച്ച ശേഷം ഞായറാഴ്ച അര്‍ധരാത്രി വരെ വിദേശങ്ങളില്‍ നിന്ന് 5,32,958 ഹജ് തീര്‍ഥാടകര്‍ എത്തിയതായി ജവാസാത്ത് ഡയറക്ടറേറ്റ് അറിയിച്ചു.

വിമാന മാര്‍ഗം 5,23,729 ഹാജിമാരും കരാതിര്‍ത്തി പോസ്റ്റുകള്‍ വഴി 9,210 തീര്‍ഥാടകരും തുറമുഖങ്ങള്‍ വഴി 19 ഹാജിമാരുമാണ് ഞായറാഴ്ച അര്‍ധരാത്രി വരെ എത്തിയത്.