ബെയ്റൂത്ത് – ഇന്നലെ പുലര്‍ച്ചെ മുതല്‍ ഇസ്രായില്‍ നടത്തുന്ന ശക്തമായ വ്യോമാക്രമണങ്ങളില്‍ ലെബനോനില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 558 ആയി ഉയര്‍ന്നതായി ലെബനീസ് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇക്കൂട്ടത്തില്‍ 50 പേര്‍ കുട്ടികളും 94 പേര്‍ വനിതകളുമാണ്. ആക്രമണങ്ങളില്‍ 1,835 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ രാജ്യമെങ്ങുമുള്ള 54 ആശുപത്രികളില്‍ പ്രവേശിപ്പിച്ചതായി ലെബനീസ് ആരോഗ്യ മന്ത്രി ഫിറാസ് അല്‍അബ്‌യദ് പറഞ്ഞു. കൊല്ലപ്പെട്ടവരില്‍ നാലു പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. പരിക്കേറ്റവരില്‍ 16 പേര്‍ ആരോഗ്യ പ്രവര്‍ത്തകരും അഗ്നിശമന ജീവനക്കാരുമാണെന്ന് ആരോഗ്യ മന്ത്രി പറഞ്ഞു.
ബെയ്‌റൂത്തിന്റെ ദക്ഷിണ പ്രാന്തപ്രദേശത്ത് ഇന്ന് ഇസ്രായില്‍ നടത്തിയ വ്യോമാക്രമണത്തില്‍ ആറു പേര്‍ കൊല്ലപ്പെടുകയും 15 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഹിസ്ബുല്ല നേതാവ് ഇബ്രാഹിം ഖുബൈസി ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി ലെബനീസ് സുരക്ഷാ വൃത്തങ്ങള്‍ പറഞ്ഞു. ഹിസ്ബുല്ലയുടെ മിസൈല്‍ സംവിധാനത്തിന്റെ കമാണ്ടറെ ആണ് ആക്രമണത്തിലൂടെ ലക്ഷ്യമിട്ടതെന്ന് ഇസ്രായിലി മാധ്യമങ്ങള്‍ പറഞ്ഞു.
ഇസ്രായില്‍ ആക്രമണങ്ങളുണ്ടായ ദക്ഷിണ ലെബനോന്‍ പ്രദേശങ്ങളില്‍ നിന്ന് പലായനം ചെയ്ത നിരവധി പേര്‍ അഭയ കേന്ദ്രങ്ങള്‍ ലഭിക്കാതെ റോഡ് സൈഡുകളിലും കാറുകളിലും കാത്തിരിക്കുകയാണ്. നിരവധി കുടുംബങ്ങള്‍ ഫുട്പാത്തുകളിലും പബ്ലിക് പാര്‍ക്കുകളിലും കഴിയുന്നുണ്ട്. ദക്ഷിണ ലെബനോനില്‍ നിന്നും കിഴക്കന്‍ ലെബനോനില്‍ നിന്നും പതിനായിരക്കണക്കിന് കുടുംബങ്ങളാണ് സുരക്ഷിത സ്ഥലങ്ങള്‍ തേടി പാലായനം ചെയ്തിരിക്കുന്നത്. അഭയാര്‍ഥികളെ പാര്‍പ്പിക്കാന്‍ സ്‌കൂളുകളും ചര്‍ച്ചകളും ആരാധനാലയങ്ങളും തുറന്നിട്ടുണ്ട്. ലെബനോനില്‍ പതിനായിരക്കണക്കിനാളുകളെ വീടുകള്‍ വിടാന്‍ ഇസ്രായിലി ആക്രമണങ്ങള്‍ നിര്‍ബന്ധിതരാക്കിയതായി യു.എന്‍ പറഞ്ഞു. ഇസ്രായില്‍, ഹിസ്ബുല്ല സംഘര്‍ഷം മൂര്‍ഛിച്ചതില്‍ യു.എന്‍ കടുത്ത ആശങ്ക പ്രകടിപ്പിച്ചു.
ലെബനോന്റെ ദേശീയ വിമാന കമ്പനിയായ മിഡില്‍ ഈസ്റ്റ് എയര്‍ലൈന്‍സ് ഒഴികെയുള്ള മുഴുവന്‍ വിമാന കമ്പനികളും ബെയ്‌റൂത്തിലേക്കും തിരിച്ചുമുള്ള സര്‍വീസുകള്‍ നിര്‍ത്തിവെച്ചിട്ടുണ്ട്. ലെബനോനില്‍ സ്‌കൂളുകളും യൂനിവേഴ്‌സിറ്റികളും അടച്ചിട്ടത് ഈ വാരാന്ത്യം വരെ തുടരാന്‍ വിദ്യാഭ്യാസ മന്ത്രി അബ്ബാസ് അല്‍ഹലബി ഉത്തരവിട്ടു.
അതേസമയം, ഹിസ്ബുല്ലയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ നിന്ന് പ്രദേശവാസികള്‍ വിട്ടുനില്‍ക്കണമെന്ന് ആവശ്യപ്പെട്ട് കിഴക്കന്‍ ലെബനോനില്‍ ഇസ്രായില്‍ വ്യോമമാര്‍ഗം ഇട്ടുനല്‍കിയ നോട്ടീസിലെ ബാര്‍കോഡ് റീഡ് ചെയ്യരുതെന്നും പങ്കുവെക്കരുതെന്നും നോട്ടീസുകള്‍ ഉടനടി നശിപ്പിക്കണമെന്നും ഹിസ്ബുല്ല ആവശ്യപ്പെട്ടു. ബാര്‍കോഡ് റീഡ് ചെയ്താലുടന്‍ മൊബൈല്‍ ഫോണുകളിലുള്ള മുഴുവന്‍ വിവരങ്ങളും ചോര്‍ത്തപ്പെടുമെന്ന് ഹിസ്ബുല്ല പറഞ്ഞു. ഇന്ന് ഫാദി-3 ഇനത്തില്‍ പെട്ട പുതിയ മിസൈല്‍ ഉപയോഗിച്ച് ഇസ്രായില്‍ സൈനിക താവളത്തിനു നേരെ ആക്രമണം നടത്തിയതായി ഹിസ്ബുല്ല പറഞ്ഞു.