ജിദ്ദ – ലെബനോന്‍ സംഘര്‍ഷത്തില്‍ കടുത്ത ആശങ്ക പ്രകടിപ്പിച്ച സൗദി അറേബ്യ, മേഖലയില്‍ സംഘര്‍ഷം വ്യാപിക്കുന്നതിന്റെ അപകടത്തെ കുറിച്ചും മേഖലാ സുരക്ഷയിലും സ്ഥിരതയിലും ഇതുണ്ടാക്കുന്ന അപകടകരമായ പ്രത്യാഘാതങ്ങളെ കുറിച്ചും മുന്നറിയിപ്പ് നല്‍കി. എല്ലാ കക്ഷികളും അങ്ങേയറ്റം സംയമനം പാലിക്കുകയും മേഖലയെയും മേഖലയിലെ ജനവിഭാഗങ്ങളെയും യുദ്ധത്തിന്റെ അപകടങ്ങളില്‍ നിന്ന് അകറ്റിനിര്‍ത്തുകയും വേണം. മേഖലയിലെ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കുന്നതില്‍ അന്താരാഷ്ട്ര സമൂഹവും വന്‍ശക്തി രാജ്യങ്ങളും തങ്ങളുടെ റോളുകളും ഉത്തരവാദിത്തങ്ങളും ഏറ്റെടുക്കണം. അന്താരാഷ്ട്ര നിയമത്തിന് അനുസൃതമായി ലെബനോന്റെ സുരക്ഷാ സ്ഥിരത കാത്തുസൂക്ഷിക്കണമെന്നും പരമാധികാരം മാനിക്കണമെന്നും സൗദി അറേബ്യ ആവശ്യപ്പെട്ടു.
ഇന്നലെ തെക്കു, കിഴക്കന്‍ ലെബനോനില്‍ ഇസ്രായില്‍ നടത്തിയ ശക്തമായ വ്യോമാക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 492 ആയും പരിക്കേറ്റവരുടെ എണ്ണം 1,645 ആയും ഉയര്‍ന്നതായി ലെബനീസ് ആരോഗ്യ മന്ത്രാലയം അറിയിച്ചു. കൊല്ലപ്പെട്ടവരില്‍ 35 പേര്‍ കുട്ടികളും 58 പേര്‍ വനിതകളുമാണെന്ന് മന്ത്രാലയം പറഞ്ഞു. ദക്ഷിണ ലെബനോനില്‍ ഇസ്രായില്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഹമാസിന്റെ സൈനിക വിഭാഗമായ അല്‍ഖസ്സാം ബ്രിഗേഡ്‌സ് ഫീല്‍ഡ് കമാണ്ടര്‍ മഹ്മൂദ് അല്‍നാദിര്‍ കൊല്ലപ്പെട്ടതായി അല്‍ഖസ്സാം ബ്രിഗേഡ്‌സ് പറഞ്ഞു.
അതേസമയം, ഹിസ്ബുല്ലയും ഇസ്രായിലും തമ്മിലുള്ള രൂക്ഷമായ സംഘര്‍ഷം മധ്യപൗരസ്ത്യദേശത്തെ മുഴുവന്‍ സര്‍വയുദ്ധത്തിലേക്ക് തള്ളിവിടുമെന്ന ഭീഷണി ഉയര്‍ത്തുന്നതായി യൂറോപ്യന്‍ യൂനിയന്‍ വിദേശനയ മേധാവി ജോസെപ് ബോറെല്‍ പറഞ്ഞു. നമ്മള്‍ ഏതാണ്ട് സമ്പൂര്‍ണ യുദ്ധത്തിന്റെ വക്കിലാണ്. എന്തെങ്കിലും ചെയ്യാനുള്ള സമയമാണിത്. സംഭവിക്കുന്നത് തടയാന്‍ എല്ലാവരും തങ്ങളാല്‍ കഴിയുന്നത് ചെയ്യണം. ഗാസ യുദ്ധം അവസാനിപ്പിക്കുന്നതില്‍ ഇതുവരെയുള്ള നയതന്ത്ര ശ്രമങ്ങള്‍ പരാജയമാണെന്നും ജോസെപ് ബോറെല്‍ പറഞ്ഞു.
ലെബനോനിലെ സ്ഥിതിഗതികള്‍ വിശകലനം ചെയ്യാന്‍ യു.എന്‍ രക്ഷാ സമിതി അടിയന്തിര യോഗം ചേരണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഫ്രാന്‍സ് പറഞ്ഞു. വര്‍ധിച്ചുവരുന്ന സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ മിഡില്‍ ഈസ്റ്റിലേക്ക് അധിക സേനയെ അയക്കുമെന്ന് അമേരിക്കന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. മധ്യപൗരസ്ത്യദേശത്ത് അമേരിക്ക ആയിരക്കണക്കിന് സൈനികരെ വിന്യസിച്ചിട്ടുണ്ട്. അമേരിക്കന്‍ സേനക്കും ഇസ്രായിലിനും സംരക്ഷണമൊരുക്കാന്‍ യുദ്ധക്കപ്പലുകളും യുദ്ധവിമാനങ്ങളും വ്യോമപ്രതിരോധ സംവിധാനങ്ങളും അമേരിക്ക മേഖലയില്‍ വിന്യസിച്ചിട്ടുണ്ട്.