ഇറാന്‍ മിസൈല്‍ ആക്രമണങ്ങള്‍ നടത്തിയ ഖത്തറിലെ ഉല്‍ഉദൈദ് വ്യോമതാവളം ഒരു ബില്യണ്‍ അമേരിക്കന്‍ ഡോളര്‍ ചെലവഴിച്ച് 1996-ല്‍ ഖത്തര്‍ നിര്‍മ്മിച്ചതാണ്. പക്ഷെ ഈ രഹസ്യ കേന്ദ്രം 2001 മുതല്‍ മാത്രമാണ് അമേരിക്ക പ്രവര്‍ത്തിപ്പിച്ചു തുടങ്ങിയത്.
തലസ്ഥാനമായ ദോഹയില്‍ നിന്ന് 51 കിലോമീറ്റര്‍ അകലെ, തെക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്നു. അറുപത് ഏക്കറില്‍ (24 ഹെക്ടര്‍) പരന്നുകിടക്കുന്ന ഈ കേന്ദ്രം അമേരിക്കന്‍ സെന്‍ട്രല്‍ കമാന്‍ഡിന്റെ മുന്‍നിര ആസ്ഥാനമാണ്. സെന്റ്‌കോം (CENTCOM) എന്നാണ് അറിയപ്പെടുക. കുവൈത്തിലും ബഹ്‌റൈനിലുമെല്ലാം അമേരിക്കന്‍ സൈനിക കേന്ദ്രങ്ങളുണ്ടെങ്കിലും മധ്യപൂര്‍വ്വേഷ്യയിലെ ഏറ്റവും വലിയ അമേരിക്കന്‍ താവളങ്ങളിലൊന്ന് കൂടിയാണ് ഖത്തറിലേത്. ഏകദേശം പതിനായിരത്തിനും പതിനൊന്നായിരത്തിനുമിടയില്‍ സൈനികരെ ഇവിടെ പാര്‍പ്പിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
പടിഞ്ഞാറ് ഈജിപ്ത് മുതല്‍ കിഴക്ക് കസാക്കിസ്ഥാന്‍ വരെ വ്യാപിച്ചുകിടക്കുന്ന ഒരു വലിയ ഭൂപ്രദേശത്ത് യുഎസ് സൈനിക പ്രവര്‍ത്തനങ്ങള്‍ക്ക് സെന്റ്‌കോം നേതൃത്വം നല്‍കുന്നു. 1996-ല്‍ ഖത്തറുമായി ഉണ്ടാക്കിയ ഒരു പ്രതിരോധ സഹകരണ കരാറിലൂടെയാണ് സ്ഥാപിതമായത്. താമസ സൗകര്യങ്ങള്‍ക്ക് പുറമെ വിശാലമായ ഭക്ഷണഹാളും ഫിറ്റ്‌നസ് സെന്ററും ബേസ് എക്‌സ്‌ചേഞ്ച് സൗകര്യങ്ങളും ഇവിടെയുണ്ട്. കൂടാതെ അടിയന്തര ചികിത്സാ കേന്ദ്രവും പ്രവര്‍ത്തിക്കുന്നു. സെന്റ്‌കോമിന്റെ ലോജിസ്റ്റിക്‌സ്, കമാന്‍ഡ്, ബേസിംഗ് ഹബ്ബ് കൂടിയാണ് അല്‍ഉദൈദ് വ്യോമതാവളം. 2004 നും 2009 നുമിടയില്‍ ഓപ്പറേഷന്‍ ടെലിക് (ഇറാഖ് യുദ്ധം), ഓപ്പറേഷന്‍ ഹെറിക്ക് (അഫ്ഗാനിസ്ഥാന്‍ യുദ്ധം) എന്നിവയ്ക്കായി റോയല്‍ എയര്‍ഫോഴ്സിന്റെ ഫാസ്റ്റ്-ജെറ്റ് വിമാനങ്ങളുടെ ഗതാഗതത്തിന് ഈ വ്യോമതാവളം ഉപയോഗിച്ചിരുന്നു. വിവിധ അത്യന്താധുനിക യുദ്ധ വിമാനങ്ങള്‍ സര്‍വ്വ സന്നാഹങ്ങളുമായി ഇവിടെ തയ്യാറാണ്. അതിനു പുറമെ ഹൈ എക്‌സ്പ്‌ളോസീവ് ബോംബുകള്‍ ഉള്‍പ്പെടെ യുദ്ധസാമഗ്രികളും അതിന്റെ സാങ്കേതിക വിദഗ്ദ്ധരുമെല്ലാമടങ്ങുന്ന സംഘവും ഇവിടെയുണ്ട്.