കോൺഗ്രസ് പ്രവർത്തക സമിതി അംഗം ശശി തരൂരിനെ ഇടതുപക്ഷത്തേക്ക് സ്വാഗതം ചെയ്ത് എൽ.ഡി.എഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ രംഗത്തെത്തി. തരൂരുമായി ചർച്ചയ്ക്ക് തയ്യാറാണെന്നും എൽ.ഡി.എഫിന്റെ വാതിലുകൾ തുറന്നിട്ടിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇടതുപക്ഷ നിലപാട് സ്വീകരിക്കുകയും മതനിരപേക്ഷ നിലപാടുകളിൽ ഉറച്ചുനിൽക്കുകയും ചെയ്യുന്ന ആരെയും മുന്നണി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിനിടെ, മുഖ്യമന്ത്രിയുമായി അടുത്ത ബന്ധമുള്ള ഒരു വ്യവസായി ദുബായിൽ വെച്ച് ശശി തരൂരുമായി ചർച്ച നടത്തിയതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. ഈ വ്യവസായിയുമായുള്ള ആശയവിനിമയം തുടരുന്നുണ്ടെങ്കിലും സി.പി.ഐ.എം നേതൃത്വം ഔദ്യോഗികമായി ഇത് സ്ഥിരീകരിച്ചിട്ടില്ല. പകരം തരൂർ തന്റെ നിലപാട് ആദ്യം വ്യക്തമാക്കട്ടെ എന്ന നിലപാടിലാണ് പാർട്ടി. അതേസമയം, കോൺഗ്രസിനുള്ളിൽ തരൂർ കുറച്ചുനാളായി അതൃപ്തിയിലാണെന്ന സൂചനകളുണ്ട്. മഹാപഞ്ചായത്തുമായി ബന്ധപ്പെട്ട വിഷയങ്ങളിലെ അപമാനഭാരത്താൽ പാർട്ടിയുമായി അകന്നുനിൽക്കുന്ന തരൂരിനെ അനുനയിപ്പിക്കാൻ കോൺഗ്രസ് ഹൈക്കമാൻഡും സജീവമായി ശ്രമിക്കുന്നുണ്ട്. ഡൽഹിയിൽ എ.ഐ.സി.സി വിളിച്ച യോഗത്തിൽ നിന്ന് വിട്ടുനിന്ന അദ്ദേഹം, തിരുവനന്തപുരത്ത് നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പ് സമിതി യോഗത്തിലും പങ്കെടുത്തേക്കില്ലെന്നാണ് വിവരം.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



