മിന – പോറ്റിവളര്‍ത്തി പഠിപ്പിച്ച് ഡോക്ടറാക്കി മാറ്റിയ പിതാവിന്റെ അപ്രതീക്ഷിത വിയോഗ വാര്‍ത്ത തേടിയെത്തിയിട്ടും ഹജ് ഡ്യൂട്ടിയില്‍ നിന്ന് വിട്ടുനില്‍ക്കാതെ ഔദ്യോഗിക കൃത്യനിര്‍വഹണം തുടര്‍ന്ന സൗദി ലേഡി ഡോക്ടര്‍ക്ക് ആരോഗ്യ മന്ത്രി ഫഹദ് അല്‍ജലാജിലിന്റെ ആദരം.
അല്ലാഹുവിന്റെ അതിഥികളായി എത്തിയ തീര്‍ഥാടകര്‍ക്ക് ഏറ്റവും മികച്ച സേവനങ്ങള്‍ താന്‍ നല്‍കണമെന്നതും രാഷ്ട്രത്തെ സേവിക്കണമെന്നതുമായിരുന്നു ഉപ്പാന്റെ എക്കാലത്തെയും ആഗ്രഹമെന്ന് ഡോ. ലയാന്‍ അല്‍അനസി പറഞ്ഞു. ഉപ്പാന്റെ മരണ വിവരം കേട്ടതോടെ ആത്മനിയന്ത്രണം നഷ്ടപ്പെട്ട് ഉച്ചത്തില്‍ കരയാതിരിക്കാന്‍ താന്‍ പാടുപെടുകയായിരുന്നു. എങ്കിലും ഡ്യൂട്ടിക്കിടയിലും കണ്ണീര്‍ അടക്കാനായില്ല. പിതാവിന്റെ മരണ വിവരം അറിഞ്ഞ് തന്നോട് ഒരു ദിവസം ലീവെടുക്കാന്‍ ആരോഗ്യ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ നിര്‍ദേശിച്ചു. എന്നാല്‍ ദൈവീക പ്രീതിയും മരണപ്പെട്ട ഉപ്പാക്കും വേണ്ടി ഹജ് ഡ്യൂട്ടി തുടരാന്‍ താന്‍ തീരുമാനിക്കുകയായിരുന്നു.
ഔദ്യോഗിക ഡ്യൂട്ടിയും ഹാജിമാര്‍ക്ക് നല്‍കുന്ന സേവനങ്ങളുമായിരുന്നു കണ്‍മുന്നില്‍. ഉപ്പാന്റെ മരണ വിവരം അറിഞ്ഞിട്ടും ഹാജിമാരെ സേവിച്ച് താന്‍ ജോലി തുടരുകയായിരുന്നു. വിവരമറിഞ്ഞ് ആരോഗ്യ മന്ത്രി ഫഹദ് അല്‍ജലാജില്‍ നേരിട്ടെത്തി പിതാവിന്റെ വിയോഗത്തില്‍ അനുശോചനം അറിയിച്ചു. തന്റെ ത്യാഗം കണക്കിലെടുത്ത് താന്‍ ജോലി ചെയ്യുന്ന ക്ലിനിക്കിന് തന്റെ പിതാവ് മശ്ഊഫ് ബിന്‍ ഹദാല്‍ അല്‍അനസിയുടെ പേര് നല്‍കാന്‍ ആരോഗ്യ മന്ത്രി നിര്‍ദേശിച്ചു. ഇതിന് ആരോഗ്യ മന്ത്രിയോട് നന്ദി പ്രകടിപ്പിക്കുന്നതായും ഡോ. ലയാന്‍ പറഞ്ഞു.