കുവൈത്ത് സിറ്റി: കുവൈത്തില്‍ 49 പേരുടെ മരണത്തിനിടയാക്കിയ തീപ്പിടിത്തം നടന്ന കെട്ടിടം പ്രമുഖ മലയാളി വ്യവസായി തിരുവല്ല സ്വദേശിയായ കെ.ജി അബ്രഹാമിന്റെ ഉടമസ്ഥതയിലുള്ള എന്‍.ബി.ടി.സി ഗ്രൂപ്പിന്റേത്. ബ്ലസി സംവിധാനം ചെയ്ത ആടു ജീവിതം എന്ന സിനിമയുടെ സഹ നിർമ്മാതാക്കളിൽ ഒരാൾ കൂടിയാണ് കെ.ജി അബ്രഹാം. കുവൈത്തിലെ ഏറ്റവും വലിയ നിര്‍മാണ കമ്പനികളിലൊന്നാണ് എന്‍ബിടിസി.
കെജിഎ എന്നറിയപ്പെടുന്ന അബ്രഹാം 1977ല്‍ കുവൈത്തില്‍ രൂപീകൃതമായ കെ.ജി.എ ഗ്രൂപ്പിന്റെ സ്ഥാപകനും ചെയര്‍മാനുമാണ്. എണ്ണ വ്യവസായ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കെജിഎ ഗ്രൂപ്പ് നാസര്‍ എം അല്‍ ബദ്ദാ ആന്റ് പാര്‍ട്ണര്‍ ജനറല്‍ ട്രേഡിങ് ആന്റ് കോണ്‍ട്രാക്ടിങ് കമ്പനി(എന്‍ബിടിസി) എന്ന പേരിലാണ് പ്രവര്‍ത്തിക്കുന്നത്. കെട്ടിടത്തിൽ ഉൾക്കൊള്ളാവുന്നതിലേറെ തൊഴിലാളികളെ ഇവിടെ താമസിപ്പിച്ചിരുന്നതായി ആരോപണമുണ്ട്.
കെട്ടിട ഉടമയുടെ അത്യാർത്തിയാണ് ദുരന്തത്തിന് ഇടയാക്കിയതെന്ന് ഇന്നലെ സംഭവസ്ഥലം സന്ദർശിച്ച കുവൈത്ത് ആഭ്യന്തരമന്ത്രി വ്യക്തമാക്കിയിരുന്നു. കെട്ടിട ഉടമയെയും നടത്തിപ്പുകാരനെയും അറസ്റ്റ് ചെയ്യാനും മന്ത്രി ഉത്തരവിട്ടിരുന്നു.
ഒരേ കമ്പനിയിലെ 160ലേറെ തൊഴിലാളികളാണ് തീപിടിച്ച കെട്ടിടത്തില്‍ ഉണ്ടായിരുന്നത്. സുരക്ഷാ ജീവനക്കാരന്റെ മുറിയിലുണ്ടായ ഷോര്‍ട്ട് സര്‍ക്കീട്ടാണ് അഗ്നിബാധയ്ക്ക് കാരണമായത്.