കുവൈത്ത് സിറ്റി – കുവൈത്തില്‍ ബിസിനസ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നതില്‍നിന്ന് വിദേശികള്‍ക്ക് വിലക്കേര്‍പ്പെടുത്താന്‍ തീരുമാനിച്ചതായി വാണിജ്യ, വ്യവസായ മന്ത്രാലയം അറിയിച്ചു. നിലവില്‍ രാജ്യത്തുള്ള വിദേശികള്‍ക്കും പുതിയ വിസകളില്‍ കുവൈത്തില്‍ പ്രവേശിക്കുന്നവര്‍ക്കും ഇത് ഒരുപോലെ ബാധകമാണ്. കുവൈത്തി കമ്പനികളിലും സ്ഥാപനങ്ങളിലും വിദേശികള്‍ക്ക് പാര്‍ട്ണര്‍ഷിപ്പ് അനുവദിക്കുന്ന ലൈസന്‍സുകള്‍ നിര്‍ത്തിവെച്ചതായി മന്ത്രാലയം അറിയിച്ചു. എല്ലായിനം ഇഖാമകളിലും രാജ്യത്ത് കഴിയുന്ന വിദേശികള്‍ക്ക് ഇത് ബാധകമാണ്. 19-ാം വകുപ്പ് പ്രകാരം ഇന്‍വെസ്റ്റര്‍ ഇഖാമ നേടിയ വിദേശ നിക്ഷേപകരെ പുതിയ വ്യവസ്ഥകള്‍ക്കും മാനദണ്ഡങ്ങള്‍ക്കും അനുസൃതമായി ബിസിനസ് മേഖലയില്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കും.
തൊഴില്‍ നിയമ ലംഘനങ്ങള്‍ അവസാനിപ്പിക്കാനും സ്വദേശികള്‍ക്ക് നിക്ഷേപാവസരങ്ങള്‍ ലഭ്യമാക്കാനുള്ള ശ്രമങ്ങളിലുണ്ടാക്കുന്ന പ്രതികൂല പ്രത്യാഘാതങ്ങള്‍ പരിഹരിക്കാനുമാണ് പുതിയ തീരുമാനത്തിലൂടെ ലക്ഷ്യമിടുന്നത്. രാജ്യത്ത് കഴിയുന്ന 10,000 വിദേശ തൊഴിലാളികള്‍ 45,000 ബിസിനസ് സ്ഥാപനങ്ങളില്‍ പാര്‍ട്ണര്‍മാരാണെന്ന കാര്യം ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് വിദേശികള്‍ പാര്‍ട്ണര്‍മാരായ സ്ഥാപനങ്ങളുടെയും കമ്പനികളുടെയും ലൈസന്‍സുകള്‍ നിര്‍ത്തിവെക്കാന്‍ വാണിജ്യ, വ്യവസായ മന്ത്രാലയം തീരുമാനിച്ചത്. ഇതുപ്രകാരം 19-ാം വകുപ്പ് പ്രകാരം ഇന്‍വെസ്റ്റര്‍ ഇഖാമയിലേക്ക് മാറാനുള്ള വ്യവസ്ഥകള്‍ പൂര്‍ണമാണെങ്കില്‍ ഒഴികെ കുവൈത്തിലെ കമ്പനികളിലും സ്ഥാപനങ്ങളിലും പാര്‍ട്ണര്‍മാരായി ചേരാന്‍ ഇനി മുതല്‍ വിദേശികള്‍ക്ക് സാധിക്കില്ല.
വിദേശികള്‍ പാര്‍ട്ണര്‍മാരായി പുതിയ സ്ഥാപനങ്ങളും കമ്പനികളും സ്ഥാപിക്കുന്നതിനും നിലവില്‍ വിദേശികള്‍ പാര്‍ട്ണര്‍മാരായ കമ്പനികളുടെയും സ്ഥാപനങ്ങളുടെയും ലൈസന്‍സുകള്‍ പുതുക്കുന്നതിനും വിലക്കുണ്ടെന്ന് അഭിജ്ഞ വൃത്തങ്ങള്‍ വെളിപ്പെടുത്തി. പബ്ലിക് അതോറിറ്റി ഓഫ് മാന്‍പവറും വാണിജ്യ, വ്യവസായ മന്ത്രാലയവും പരസ്പര ഏകോപനത്തോടെ നടത്തിയ അന്വേഷണത്തില്‍ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന പതിനായിരത്തോളം വിദേശികള്‍ 45,000 സ്ഥാപനങ്ങളില്‍ പാര്‍ട്ണര്‍മാരായി മാറിയതായി കണ്ടെത്തിയിട്ടുണ്ട്. ഇത് റിക്രൂട്ട്‌മെന്റിന്റെ സ്വഭാവവുമായി പൊരുത്തപ്പെടാത്തതും തൊഴില്‍ നിയമത്തിന് വിരുദ്ധവുമാണ്.
നിയമ വിരുദ്ധമായി വിദേശികള്‍ ബിസിനസ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നത് മനുഷ്യക്കടത്ത് സംശയം ഉയര്‍ത്തുന്നു. കൂടാതെ ഇത് സ്വദേശികള്‍ക്ക് നിക്ഷേപാവസരങ്ങള്‍ ലഭ്യമാക്കുന്നതിനെ ഗുരുതരമായി ബാധിക്കുകയും ചെയ്യുന്നു. പുതിയ തീരുമാനം അനുസരിച്ച് ഇഖാമ നിയമത്തിലെ പതിനെട്ടാം വകുപ്പ് പ്രകാരമുള്ള ഇഖാമയില്‍ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന വിദേശികള്‍ 19-ാം വകുപ്പ് പ്രകാരമുള്ള ഇന്‍വെസ്റ്റര്‍ ഇഖാമയിലേക്ക് മാറി പദവി ശരിയാക്കണം. അല്ലാത്ത പക്ഷം കുവൈത്തി കമ്പനികളിലും സ്ഥാപനങ്ങളിലുമുള്ള ഉടമസ്ഥാവകാശം വിദേശികള്‍ വില്‍പന നടത്തണം.
ഇന്‍വെസ്റ്റര്‍ ഇഖാമയിലേക്ക് മാറി പദവി ശരിയാക്കാന്‍ കഴിയാത്ത വിദേശികള്‍ക്ക് കുവൈത്തി സ്ഥാപനങ്ങളിലെ ഉടമസ്ഥാവകാശം കൈമാറി പണമാക്കാന്‍ ഉചിതമായ സാവകാശം അനുവദിച്ചേക്കുമെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു. വിദേശികളുടെ അവകാശങ്ങള്‍ക്ക് ഹാനികരമാകുന്നതോ അയഥാര്‍ഥ മൂല്യനിര്‍ണയ സൂചകങ്ങള്‍ നല്‍കുന്നതോ ആയ നിലക്ക് ധിറുതി പിടിച്ച് സ്ഥാപനങ്ങളിലെ ഉടമസ്ഥാവകാശം കൈയൊഴിയേണ്ടിവരുന്ന സാഹചര്യം ഒഴിവാക്കാനും അവരുടെ നിയമപരവും സാമ്പത്തികവുമായ അവകാശങ്ങള്‍ സംരക്ഷിക്കാനും ശ്രമിച്ചാണ് ഉടമസ്ഥാവകാശം കൈമാറി പണമാക്കാന്‍ ഉചിതമായ സാവകാശം അനുവദിക്കുന്നത്.
ഇഖാമ നിമയത്തിലെ 19-ാം വകുപ്പ് പ്രകാരം ഇന്‍വെസ്റ്റര്‍ ഇഖാമയാക്കി മാറ്റാന്‍ കമ്പനിയുടെ മൂലധനത്തില്‍ വിദേശ പാര്‍ട്ണറുടെ പങ്കാളിത്തം ഒരു ലക്ഷം കുവൈത്തി ദീനാറില്‍ കുറവാകാന്‍ പാടില്ലെന്ന് വ്യവസ്ഥയുണ്ട്. ലൈസന്‍സില്‍ തന്നെ വിദേശ പാര്‍ട്ണറെ രജിസ്റ്റര്‍ ചെയ്യണമെന്നും വ്യവസ്ഥയുണ്ട്.