കുവൈത്ത്- കെ.എം.സി.സി യോഗത്തിലെ സംഘർഷത്തെ തുടർന്ന് മുസ്ലിം ലീഗ് നേതാക്കൾ കുവൈത്തിലെ പര്യടനം വെട്ടിച്ചുരുക്കി നാട്ടിലേക്ക് തിരിക്കും. നാളെ(ശനി)യാഴ്ച തന്നെ ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം, സെക്രട്ടറിമാരായ അബ്ദുറഹ്മാൻ രണ്ടത്താണി, ആബിദ് ഹുസൈൻ തങ്ങൾ എന്നിവർ നാട്ടിലേക്ക് തിരിക്കും. ജൂൺ രണ്ടിനാണ് ഇവർ മടങ്ങാൻ നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ യോഗത്തിലുണ്ടായ കയ്യേറ്റവും കയ്യാങ്കളിയെയും തുടർന്ന് നാളത്തെ കുവൈത്ത് എയർവേയ്സിലേക്ക് ടിക്കറ്റ് മാറ്റിയെടുത്താണ് യാത്ര തിരിക്കുന്നത്. നാളെ വൈകിട്ട് ഏഴേകാലിനാണ് വിമാനം. ഇന്ന് രാവിലെയാണ് നേതാക്കൾ കേരളത്തിൽനിന്ന് കുവൈത്തിലെത്തിയത്.
കുവൈത്ത് കെ.എം.സി.സി സംഘടിപ്പിച്ച യോഗത്തിലാണ് ഇന്ന് കയ്യാങ്കളി നടന്നത്. സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാമിനെ പ്രവർത്തകരിൽ ഒരുവിഭാഗം കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയായിരുന്നു. കോഴിക്കോട്, കണ്ണൂർ, മലപ്പുറം, തൃശൂർ ജില്ലാ കെ.എം.സി.സി തെരഞ്ഞെടുപ്പ് നിയന്ത്രിക്കാൻ എത്തിയതായിരുന്നു പി.എം.എ സലാം, അബ്ദുറഹ്മാൻ രണ്ടത്താണി, ആബിദ് ഹുസൈൻ തങ്ങൾ എന്നിവർ. കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ യോഗം നടക്കുന്നതിനിടെയാണ് കയ്യേറ്റമുണ്ടായത്.
പി.എം.എ സലാം പ്രസംഗിക്കുന്നതിനിടെ കെ.എം.സി.സി ജനറൽ സെക്രട്ടറി ഷറഫുദ്ദീൻ കണ്ണേത്തിന്റെ നേതൃത്വത്തിൽ ഒരു വിഭാഗം കെ.എം.സി.സി പ്രവർത്തകർ യോഗത്തിനെത്തുകയും ബഹളം വെക്കുകയും ചെയ്തു. വേദി കയ്യേറിയ ഇവർ നേതാക്കളെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു. കോഴിക്കോട് ജില്ലാ കൗൺസിലിൽ ഇല്ലാത്തവർ പുറത്തുപോകണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടെങ്കിലും ആരും വഴങ്ങിയില്ല. തുടർന്ന് യോഗം നടത്താനാകാതെ നേതാക്കൾ ഹോട്ടലിലേക്ക് മടങ്ങി.
കുവൈത്തിൽ കെ.എം.സി.സിയിൽ നേരത്തെ തന്നെ ഗ്രൂപ്പിസമുണ്ട്. ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഇന്നത്തെ യോഗത്തിലുണ്ടായത്. കുവൈത്ത് കെ.എം.സി.സി ദേശീയ സെക്രട്ടറി ഷറഫുദ്ദീൻ കണ്ണേറ്റിനെതിരെ കടുത്ത നടപടിയുണ്ടാകുമെന്നാണ് ലീഗ് നേതാക്കൾ നൽകുന്ന സൂചന.