റിയാദ് – പടിഞ്ഞാറന്‍ ചക്രവാളത്തില്‍ റമദാന്‍ പൊന്നമ്പിളിക്കല മിന്നിത്തെളിഞ്ഞു. ഇനിയുള്ള ഒരു മാസക്കാലം ഉപാസനയുടെയും പ്രാര്‍ഥനകളുടെയും ഖുര്‍ആന്‍ പാരായണത്തിന്റെയും പുണ്യകര്‍മങ്ങളുടെയും പാതിരാ നമസ്‌കാരങ്ങളുടെയും പകലിരവുകള്‍. സൗദി അറേബ്യയിലും ഗള്‍ഫ് രാജ്യങ്ങളിലും നാളെ വ്രതാരംഭം. സൗദിയില്‍ തുമൈറിലും ഹോത്ത സുദൈറിലുമാണ് മാസപ്പിറവി ദൃശ്യമായത്. രാജ്യത്ത് വ്യത്യസ്ത സ്ഥലങ്ങളില്‍ മാസപ്പിറവി കണ്ടതായി വിശ്വസനീയമായ വിവരം ലഭിച്ചതിനാല്‍ നാളെ റമദാന്‍ ഒന്നായിരിക്കുമെന്ന് സുപ്രീം കോടതിയെ ഉദ്ധരിച്ച് റോയല്‍ കോര്‍ട്ട് അറിയിച്ചു.
സൗദി അറേബ്യക്കു പുറമെ ഒമാനിലും യു.എ.ഇയിലും ഖത്തറിലും ബഹ്‌റൈനിലും കുവൈത്തിലും തുര്‍ക്കിയിലും സിറിയയിലും ഈജിപ്തിലും ഫലസ്തീനിലും ഇറാഖിലും സുഡാനിലും തുനീഷ്യയിലും ലെബനോനിലും യെമനിലും ജോര്‍ദാനിലും നാളെയാണ് വ്രതാരംഭം. ഓസ്‌ട്രേയിലിയയിലും ലോകത്തെ ഏറ്റവും വലിയ മുസ്‌ലിം രാജ്യമായ ഇന്തോനേഷ്യയിലും നാളെയാണ് റമദാന്‍ ഒന്ന്. ബ്രൂണൈ, മലേഷ്യ എന്നിവിടങ്ങളില്‍ മാസപ്പിറവി കണ്ടതായി സ്ഥിരീകരിക്കാത്തിനാല്‍ ഞായറാഴ്ചയാണ് വ്രതാരംഭം. കേരളത്തിലും ഞായറാഴ്ചയാണ് റമദാന്‍ ഒന്ന്.
തിരുഗേഹങ്ങളുടെ സേവകന്‍ രാജാവ് സൗദി പൗരന്മാര്‍ക്കും രാജ്യത്ത് കഴിയുന്ന വിദേശികള്‍ക്കും ലോക മുസ്‌ലിംകള്‍ക്കും റമദാന്‍ ആശംസകള്‍ നേര്‍ന്നു. ദൈവീക പ്രീതി കരസ്ഥമാക്കാന്‍ ആരാധനാ കര്‍മങ്ങളില്‍ മുഴുകി എല്ലാവരും വിശുദ്ധ റമദാന്‍ പ്രയോജനപ്പെടുത്തണമെന്ന് റമദാന്‍ സന്ദേശത്തില്‍ രാജാവ് പറഞ്ഞു.
റമദാന്‍ മാസപ്പിറവി ദൃശ്യമായതോടെ റമദാന്‍ ആശംസകള്‍ നേര്‍ന്ന് സല്‍മാന്‍ രാജാവും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും മുസ്‌ലിം രാഷ്ട്ര നേതാക്കള്‍ക്ക് റമദാന്‍ ആശംസകള്‍ നേര്‍ന്ന് കമ്പി സന്ദേശങ്ങള്‍ അയച്ചു. നിരവധി മുസ്‌ലിം രാഷ്ട്ര നേതാക്കള്‍ സല്‍മാന്‍ രാജാവിനെയും കിരീടാവകാശിയെയും റമദാന്‍ ആശംസകള്‍ അറിയിക്കുകയും ചെയ്തു.
റമദാന്‍ പ്രമാണിച്ച് സല്‍മാന്‍ രാജാവ് പ്രഖ്യാപിച്ച പൊതുമാപ്പ് ആനുകൂല്യത്തില്‍ തടവുകാരെ വിട്ടയക്കാന്‍ ആഭ്യന്തര മന്ത്രാലയം നടപടികള്‍ ആരംഭിച്ചു. രാജകല്‍പന എത്രയും വേഗം നടപ്പാക്കി അര്‍ഹരായ തടവുകാരെ വിട്ടയക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് ആഭ്യന്തര മന്ത്രി അബ്ദുല്‍ അസീസ് ബിന്‍ സൗദ് രാജകുമാരന്‍ നിര്‍ദേശം നല്‍കി.