ജിദ്ദ – തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവ് സ്വദേശികള്‍ക്കും സൗദിയില്‍ കഴിയുന്ന വിദേശികള്‍ക്കും ലോക മുസ്‌ലിംകള്‍ക്കും ഈദുല്‍ ഫിത്ര്‍ ആശംസകള്‍ നേര്‍ന്നു. സര്‍വശക്തനായ ദൈവം നമ്മുടെ രാജ്യത്തിന് എണ്ണമറ്റ അനുഗ്രഹങ്ങള്‍ നല്‍കിയിട്ടുണ്ട്. അതില്‍ ഏറ്റവും പ്രധാനം ഇരു ഹറമുകളുടെയും ഹജ്, ഉംറ തീര്‍ഥാടകരുടെയും സന്ദര്‍ശകരുടെയും സേവനവും പരിചരണവും, സുരക്ഷിതത്വത്തിലും സമാധാനത്തിലും സ്വസ്ഥതയിലും കര്‍മങ്ങള്‍ നിര്‍വഹിക്കാന്‍ അവര്‍ക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കലുമാണ്.
ഈ റമദാനില്‍ ദശലക്ഷക്കണക്കിന് തീര്‍ഥാടകര്‍ക്ക് ഉംറ നിര്‍വഹിക്കാനും പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കാനും അവസരം നല്‍കിയതിന് സര്‍വശക്തനായ ദൈവത്തെ സ്തുതിക്കുന്നു. തീര്‍ഥാടകരെ സേവിക്കുന്ന കാര്യത്തില്‍ നടത്തിയ മഹത്തായ പരിശ്രമത്തിന് വിവിധ സര്‍ക്കാര്‍ മേഖലകളില്‍ ആത്മാര്‍ഥതയോടെ സേവനമനുഷ്ഠിക്കുന്ന ജീവനക്കാര്‍ക്ക് നന്ദി പറയുന്നു.
ഐക്യത്തിന്റെയും കാരുണ്യത്തിന്റെയും സാഹോദര്യത്തിന്റെയും അര്‍ഥതലങ്ങള്‍ പ്രകടമാകുന്ന സന്തോഷത്തിന്റെയും ആഹ്ലാദത്തിന്റെയും ദിവസമാണ് പെരുന്നാള്‍. സര്‍വശക്തനായ അല്ലാഹുവിന്റെ കൃപയും ഔദാര്യവും കൊണ്ട് നമ്മുടെ രാജ്യത്തിനും മുസ്‌ലിം സമുദായത്തിനും മുഴുവന്‍ ലോകത്തിനും സുരക്ഷയും സമാധാനവും നല്‍കാനും എല്ലായിടത്തും സ്ഥിരതയും സമൃദ്ധിയും വ്യാപിപ്പിക്കാനും പ്രാര്‍ഥിക്കുന്നതായും പെരുന്നാള്‍ സന്ദേശത്തില്‍ രാജാവ് പറഞ്ഞു.
സൗദിയില്‍ മാസപ്പിറവി ദര്‍ശിച്ചതായി സ്ഥിരീകരിച്ചതിനാല്‍ നാളെ ഈദുല്‍ ഫിത്ര്‍ ആയിരിക്കുമെന്ന് സുപ്രീം കോടതിയെ ഉദ്ധരിച്ച് റോയല്‍ കോര്‍ട്ട് പറഞ്ഞു. സൗദിയിലും ഖത്തറിലും യു.എ.ഇയിലും ബഹ്‌റൈനിലും കുവൈത്തിലും ഇറാഖിലും തുര്‍ക്കിയിലും നാളെയാണ് പെരുന്നാള്‍. ഒമാനില്‍ മറ്റന്നാളാണ് പെരുന്നാള്‍. ആറു ഗള്‍ഫ് രാജ്യങ്ങളിലും വ്രതാരംഭം ഒരുമിച്ചായിരുന്നു. ഇത്തവണ ഒമാനില്‍ 30 നോമ്പ് ലഭിക്കും. മറ്റു ഗള്‍ഫ് രാജ്യങ്ങളില്‍ 29 നോമ്പാണ് ലഭിച്ചത്. മലേഷ്യ, ഓസ്‌ട്രേലിയ, ഇന്തോനേഷ്യ, ബ്രൂണൈ, ബംഗ്ലാദേശ്, സിറിയ എന്നീ രാജ്യങ്ങളില്‍ തിങ്കളാഴ്ചയാണ് പെരുന്നാള്‍. ഇന്ത്യയിലും തിങ്കളാഴ്ചയാകാനാണ് സാധ്യത.