പ്രതിവാര മന്ത്രിസഭാ യോഗത്തില്‍ അധ്യക്ഷം വഹിച്ച് തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവ്. വീഡിയോ കോണ്‍ഫറന്‍സ് രീതിയിലാണ് മന്ത്രിസഭാ യോഗം ചേര്‍ന്നത്. പത്തു ദിവസം മുമ്പ് പരിശോധനകള്‍ക്കായി രാജാവിനെ ജിദ്ദ അല്‍സലാം കൊട്ടാരത്തിലെ റോയല്‍ ക്ലിനിക്കില്‍ പ്രവേശിപ്പിച്ചിരുന്നു. പരിശോധനകളില്‍ രാജാവിന് ശ്വാസകോശ അണുബാധയാണെന്ന് സ്ഥിരീകരിക്കുകയും ഇതിനുള്ള ചികിത്സ നല്‍കുകയും ചെയ്തിരുന്നു. അസുഖം ഭേദമായി ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടര്‍ന്നാണ് രാജാവ് ഇന്ന് മന്ത്രിസഭാ യോഗത്തില്‍ അധ്യക്ഷം വഹിച്ചത്.
തന്റെ അസുഖ വിവരമറിഞ്ഞ് വികാരങ്ങള്‍ പ്രകടിപ്പിക്കുകയും രോഗശമനത്തിന് പ്രാര്‍ഥിക്കുകയും ചെയ്ത സൗദി ജനതക്ക് മന്ത്രിസഭാ യോഗാരംഭത്തില്‍ രാജാവ് നന്ദി പറഞ്ഞു. ആരോഗ്യവും ക്ഷേമവും ആശംസിച്ച് കമ്പി സന്ദേശങ്ങളയച്ച സഹോദര, സൗഹൃദ രാജ്യങ്ങളുടെ രാഷ്ട്ര നേതാക്കളെയും സല്‍മാന്‍ രാജാവ് അഭിനന്ദനം അറിയിച്ചു.
മുഴുവന്‍ അന്താരാഷ്ട്ര നിയമങ്ങളും പ്രമേയങ്ങളും ഇസ്രായില്‍ സൈന്യം ലംഘിക്കുന്നത് തുടരുന്നതിനെ പൂര്‍ണമായും നിരാകരിക്കുന്നതായി മന്ത്രിസഭാ യോഗം പറഞ്ഞു. ഫലസ്തീന്‍ ജനത അനുഭവിക്കുന്ന അഭൂതപൂര്‍വമായ ദുരന്തത്തിന്റെ തീവ്രത പരിമിതപ്പെടുത്താന്‍ അന്താരാഷ്ട്ര സമൂഹം സത്വരം ഇടപെടണമെന്നും മന്ത്രിസഭാ യോഗം ആവശ്യപ്പെട്ടു