ജിദ്ദ – ഒന്ന് അനങ്ങാൻ പോലുമാകാതെ വീട്ടിനകത്ത് കുടുങ്ങിപ്പോയ ഖാലിദ് മുഹസിൻ അൽ ശാഅരി എന്ന യുവാവിനെ വീടിന്റെ ചുമർ പൊളിച്ചാണ് അധികൃതർ പത്തുകൊല്ലം മുമ്പ് പുറത്തെത്തിച്ചത്. ശരീരഭാരം 610 കിലോ ആയിരുന്നു. ചെറിയ ക്രെയിനിൽ ആവശ്യമായ സജ്ജീകരണങ്ങൾ ഒരുക്കിയാണ് ശാഅരിയെ വീട്ടിന് പുറത്തെത്തിച്ചത്. ജിസാനിൽനിന്ന് റിയാദിലേക്ക് ശാഅരിയെ മാറ്റുകയും ചെയ്തു. പത്തുവർഷത്തിന് ശേഷം ഇപ്പോൾ ശാഅരിയുടെ ഭാരം 63.5 കിലോയാണ്. ശരീരത്തിൽനിന്ന് ഒഴിവായത് 540 കിലോ.
ഒരിക്കല്‍ ജീവിച്ചിരിക്കുന്നവരില്‍ ഏറ്റവും ഭാരമേറിയ വ്യക്തിയും ലോകത്ത് ജീവിച്ചവരില്‍ ഏറ്റവും ഭാരംകൂടിയ രണ്ടാമത്തെ വ്യക്തിയുമായ ഖാലിദ് അല്‍ശാഅരി വെറും ആറു മാസത്തിനുള്ളില്‍ തന്റെ ശരീരഭാരത്തിന്റെ പകുതിയോളം കുറച്ചുകൊണ്ട് ശ്രദ്ധേയമായ രൂപാന്തരം വരുത്തി. വര്‍ഷങ്ങള്‍ നീണ്ട സമഗ്ര ചികിത്സയിലൂടെയും ഭക്ഷണ, ജീവിതക്രമം ചിട്ടപ്പെടുത്തിയതിലൂടെയും ശരീരഭാരത്തില്‍ 542 കിലോയുടെ കുറവാണ് ഖാലിദ് അല്‍ശാഅരി വരുത്തിയത്.
മുന്‍ സൗദി ഭരണാധികാരി അബ്ദുല്ല രാജാവിന്റെ നിര്‍ദേശാനുസരണമാണ് ഖാലിദ് അല്‍ശാഅരിക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കിയത്. അമിത ശരീരഭാരം കാരണം നരകജീവിതം നയിക്കുന്ന യുവാവിന്റെ കഥ അബ്ദുല്ല രാജാവിന്റെ ശ്രദ്ധയില്‍ പെടുകയായിരുന്നു. 2013 ഖാലിദ് അല്‍ശാഅരിയുടെ ശരീരഭാരം 610 കിലോ ആയിരുന്നു. ജീവനു തന്നെ ഭീഷണിയായി മാറിയ അമിതഭാരം മൂലം മൂന്നു വര്‍ഷത്തിലേറെ യുവാവ് കിടപ്പിലായിരുന്നു. പ്രാഥമിക ആവശ്യങ്ങള്‍ക്കു പോലും സുഹൃത്തുക്കളെയും കുടുംബത്തെയും ആശ്രയിക്കുന്ന തരത്തിലേക്ക് യുവാവിന്റെ അവസ്ഥ വഷളായി.
യുവാവിന്റെ ദുരവസ്ഥയറിഞ്ഞ അബ്ദുല്ല രാജാവ് സമഗ്ര പദ്ധതിയിലൂടെ ഖാലിദിന്റെ ജീവന്‍ രക്ഷിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. യുവാവിന് ഏറ്റവും മുന്തിയ വൈദ്യസഹായം സൗജന്യമായി രാജാവ് ലഭ്യമാക്കി. ജിസാനിലെ വീട്ടില്‍ നിന്ന് റിയാദിലെ കിംഗ് ഫഹദ് മെഡിക്കല്‍ സിറ്റിയിലേക്ക് ഫോര്‍ക് ലിഫ്റ്റും പ്രത്യേകം രൂപകല്‍പന ചെയ്ത കിടക്കയും ഉപയോഗിച്ച് സിവില്‍ ഡിഫന്‍സിന്റെ സഹായത്തോടെയാണ് യുവാവിനെ എത്തിച്ചത്. കര്‍ശനമായ ചികിത്സാ പദ്ധതിയും ഭക്ഷണക്രമവും വികസിപ്പിക്കാന്‍ 30 മെഡിക്കല്‍ പ്രൊഫഷനലുകളുടെ ഒരു സംഘം രൂപീകരിച്ചു. ഗ്യാസ്ട്രിക് ബൈപാസ് സര്‍ജറി, കസ്റ്റമൈസ്ഡ് ഡയറ്റ്, എക്‌സര്‍സൈസ് പ്ലാന്‍, ചലനശേഷി വീണ്ടെടുക്കാന്‍ ഫിസിയോതെറാപ്പി എന്നിവ യുവാവിന്റെ ചികിത്സയില്‍ ഉള്‍പ്പെടുത്തി.
മിഡില്‍ ഈസ്റ്റിലെ പ്രമുഖ ശാസ്ത്രജ്ഞരുടെ പിന്തുണയോടെ ഖാലിദിന്റെ ശരീരത്തിൽ അവിശ്വസനീയമായ ഫലങ്ങള്‍ കണ്ടു. വെറും ആറു മാസത്തിനുള്ളില്‍ യുവാവിന്റെ ശരീരഭാരത്തിന്റെ പകുതിയോളം കുറഞ്ഞു. കഴിഞ്ഞ വര്‍ഷത്തോടെ ഖാലിദിന്റെ ശരീരഭാരത്തില്‍ 542 കിലോയുടെ കുറവുണ്ടായി. ശരീരഭാരം ആരോഗ്യകരമായ നിലക്ക് 63.5 കിലോയിലേക്ക് കുറഞ്ഞു. ശാരീരിക പരിവര്‍ത്തനം വളരെ നാടകീയമായിരുന്നു. അതുകൊണ്ടു തന്നെ അധിക ചര്‍മം നീക്കം ചെയ്യാന്‍ പലതവണ ശസ്ത്രക്രിയകള്‍ നടത്തേണ്ടിവന്നു. ചര്‍മത്തിന് പുതിയ ശരീര രൂപവുമായി പൊരുത്തപ്പെടാന്‍ കഴിയാത്തതിനാല്‍, ശരീരഭാരം ഗണ്യമായി കുറയുന്ന വ്യക്തികള്‍ക്ക് ഇത് ഒരു സാധാരണ പ്രതിഭാസമാണ്. ശ്രദ്ധേയമായ പരിവര്‍ത്തനത്തിന് സാക്ഷ്യം വഹിച്ച മെഡിക്കല്‍ ജീവനക്കാര്‍ നല്‍കിയ വിളിപ്പേരായ പുഞ്ചിരിക്കുന്ന മനുഷ്യന്‍ (സ്‌മൈലിംഗ് മാന്‍) എന്നാണ് ഖാലിദ് അല്‍ശാഅരി സ്‌നേഹപൂര്‍വം ഇന്ന് അറിയപ്പെടുന്നത്.