തിരുവനന്തപുരം- ലോക്സഭ തെരഞ്ഞെടുപ്പിൽ കേരളത്തിലെ വോട്ടെണ്ണൽ പൂർത്തിയായപ്പോൾ പതിനെട്ടിടത്ത് യു.ഡി.എഫും ഒരു സീറ്റ് എൽ.ഡി.എഫും ഒരിടത്ത് ബി.ജെ.പിയും വിജയിച്ചു. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ ഒരു സീറ്റാണ് സി.പി.എമ്മിന് ലഭിച്ചിരുന്നത്. ആലപ്പുഴയിൽ കഴിഞ്ഞ തവണ വിജയിച്ച സി.പി.എമ്മിന് ഇക്കുറി ആലത്തൂരിലാണ് വിജയിക്കാനായത്. തൃശൂരിൽ ബി.ജെ.പിയുടെ സുരേഷ് ഗോപി എഴുപതിനായിരത്തിലേറെ വോട്ടുകൾക്ക് വിജയിച്ചു.
ആറ്റിങ്ങലിലാണ് അവസാനനിമിഷം വരെ തെരഞ്ഞെടുപ്പ് ഫലം മാറിമറിഞ്ഞത്. അവിടെ കോൺഗ്രസിലെ അടൂർ പ്രകാശ് 1700 വോട്ടുകൾക്ക് വിജയിച്ചു. തിരുവനനന്തപുരത്ത് രാജീവ് ചന്ദ്രശേഖറിനെ കോൺഗ്രസ് സ്ഥാനാർത്ഥി ശശി തരൂർ പരാജയപ്പെടുത്തിയത് 15000 വോട്ടുകൾക്കാണ്. കൊടിക്കുന്നിൽ സുരേഷിന് മാത്രമാണ് യു.ഡി.എഫ് നിരയിൽ പതിനായിരം വോട്ടിന് താഴെ ഭൂരിപക്ഷം ലഭിച്ചത്. ബാക്കി വിജയിച്ച എല്ലാ യു.ഡി.എഫ് സ്ഥാനാർത്ഥികൾക്കും ഭൂരിപക്ഷം അരലക്ഷത്തിന് മുകളിലാണ്. ആലത്തൂരിൽ വിജയിച്ച സി.പി.എമ്മിലെ കെ. രാധാകൃഷ്ണന് 22000 ആണ് ഭൂരിപക്ഷം.
രാഹുൽ ഗാന്ധിക്ക് മൂന്നു ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ചപ്പോൾ ഇ.ടി മുഹമ്മദ് ബഷീറിന് മലപ്പുറത്ത് മൂന്നു ലക്ഷത്തിനടുത്ത് പേർ കൂടുതൽ വോട്ടു ചെയ്തു. പൊന്നാനിയിലും ഭൂരിപക്ഷം രണ്ടു ലക്ഷം കടന്നു. ശക്തമായ പോരാട്ടം നടന്ന വടകര മണ്ഡലത്തിൽ യു.ഡി.എഫിലെ ഷാഫി പറമ്പിലിന് ലഭിച്ചത് ഒരു ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷം.