ന്യൂദൽഹി: ആം ആദ്മി പാർട്ടി (എ.എ.പി) നേതാവും ദൽഹി മുൻ മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാൾ രാജ്യസഭയിലേക്ക് മത്സരിക്കുമെന്ന് സൂചന. ആം ആദ്മിയുടെ രാജ്യസഭ എം.പി സഞ്ജീവ് അറോറയെ നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ മത്സരിപ്പിക്കാനുള്ള നീക്കം കെജ്‌രിവാളിനെ രാജ്യസഭയിലേക്ക് മത്സരിപ്പിച്ചേക്കുമെന്നതിന്റെ സൂചനയായാണ് വിലയിരുത്തുന്നത്. നിയമസഭ തെരഞ്ഞെടുപ്പിൽ കെജ്രിവാൾ പരാജയപ്പെട്ടിരുന്നു.
പഞ്ചാബിലെ ലുധിയാന വെസ്റ്റ് മണ്ഡലത്തിൽിന്നുള്ള എ.എ.പി എം.എൽ.എ ഗുർപ്രീത് ഗോഗി തോക്ക് വൃത്തിയാക്കുന്നതിനിടെ കഴിഞ്ഞ മാസം അബദ്ധത്തിൽ വെടിപൊട്ടി മരിച്ചിരുന്നു. ഇതേതുടർന്ന് നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പിൽ അറോറ മത്സരിക്കുമെന്ന് എഎപി ഇന്ന് രാവിലെ പ്രഖ്യാപിച്ചു.
വ്യവസായിയായ അറോറ 2022 ൽ പഞ്ചാബിൽ നിന്ന് രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. അറോറയുടെ കാലാവധി 2028 ൽ അവസാനിക്കും. എന്നാൽ കെജ്രിവാൾ മത്സരിച്ചേക്കുമെന്ന വാർത്ത പാർട്ടി നിഷേധിച്ചിട്ടുണ്ടെങ്കിലും ചർച്ച നടക്കുന്നതായി വിവരമുണ്ട്.
അതേസമയം, ലുധിയാന വെസ്റ്റിൽ നിന്ന് മത്സരിക്കാനുള്ള പാർട്ടി നിർദ്ദേശത്തെ അറോറ സ്വാഗതം ചെയ്തു.
“ലുധിയാന വെസ്റ്റ് ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കാൻ എന്നിൽ വിശ്വാസം അർപ്പിച്ചതിന് ആം ആദ്മി പാർട്ടി നേതൃത്വത്തോട് നന്ദി അറിയിക്കുന്നു. എന്റെ ജന്മനാടുമായി ആഴത്തിൽ ബന്ധമുള്ള ഒരാളെന്ന നിലയിൽ, സമർപ്പണത്തോടെയും ആത്മാർത്ഥതയോടെയും എന്റെ ജനങ്ങളെ സേവിക്കാൻ ഞാൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.ഉപതിരഞ്ഞെടുപ്പിൽ വിജയിച്ചാൽ അദ്ദേഹത്തെ മന്ത്രിയാക്കും.
ഒരു പതിറ്റാണ്ടിനുശേഷം ദൽഹിയിൽ പാർട്ടിക്ക് അധികാരം നഷ്ടപ്പെട്ടതിന് ശേഷം, കെജ്‌രിവാളിന് ഏറ്റവും അനുയോജ്യമായ സ്ഥലമായി കാണുന്നത് പഞ്ചാബാണ്. കഴിഞ്ഞ വർഷം മുഖ്യമന്ത്രി സ്ഥാനം രാജിവച്ച ശേഷം സർക്കാർ ബംഗ്ലാവ് ഒഴിഞ്ഞതിനുശേഷം, അദ്ദേഹം ദൽഹിയിലെ മറ്റൊരു പഞ്ചാബ് എംപി അശോക് മിത്തലിന്റെ വീട്ടിലാണ് താമസിക്കുന്നത്.