ന്യൂദൽഹി: അടുത്ത രണ്ട് ദിവസത്തിനകം ഡൽഹി മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുമെന്നുള്ള അരവിന്ദ് കെജ്‌രിവാളിന്റെ പ്രഖ്യാപനം ബി.ജെ.പിക്ക് നേരെയുള്ള മിന്നലാക്രമണമായി മാറി. ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതിന്റെ പിറ്റേദിവസമുള്ള രാജി പ്രഖ്യാപനം ബി.ജെ.പി അടക്കമുള്ള പ്രതിപക്ഷത്തിന്റെ കണക്കുകൂട്ടലുകളെ തെറ്റിച്ചു. ജയിൽ മോചിതനായ ശേഷം വിളിച്ചു ചേർത്ത ജനകീയ സമ്മേളനത്തിലെ രാജി പ്രഖ്യാപനം ഇതര രാഷ്ട്രീയ കക്ഷികൾ പ്രതീക്ഷിച്ചിരുന്നില്ല. അധികാരമില്ലാത്ത മുഖ്യമന്ത്രിയായി കെജ്‌രിവാൾ തുടരുമെന്നും അതുവഴി നേട്ടമുണ്ടാക്കാം എന്നുമായിരുന്നു പ്രതിപക്ഷം കരുതിയിരുന്നത്.
കോടതിയിൽനിന്ന് തനിക്ക് നീതി ലഭിച്ചിരിക്കുന്നു. എന്നാൽ ഇനി ജനങ്ങളുടെ കോടതിയിൽനിന്ന് കൂടി നീതി ലഭിക്കണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. ജനവിധി പ്രഖ്യാപിക്കുന്നത് വരെ ഇനി ഞാൻ മുഖ്യമന്ത്രിയുടെ കസേരയിൽ ഇരിക്കില്ല. ദൽഹിയിൽ തെരഞ്ഞെടുപ്പിന് ഇനിയും മാസങ്ങൾ ബാക്കിയുണ്ട്. ജനങ്ങളുടെ ആജ്ഞയ്ക്ക് ശേഷം മാത്രമേ ഞാൻ മുഖ്യമന്ത്രിയുടെ കസേരയിൽ ഇരിക്കൂ.എനിക്ക് ദൽഹിയിലെ ജനങ്ങളോട് ചോദിക്കണം, കെജ്‌രിവാൾ നിരപരാധിയാണോ അതോ കുറ്റക്കാരനാണോ എന്ന്. ഞാൻ ജനങ്ങൾക്ക് വേണ്ടി പ്രവർത്തിച്ചിട്ടുണ്ടെങ്കിൽ എനിക്ക് വോട്ട് ചെയ്യൂവെന്നും ജനങ്ങളോട് അഭ്യർത്ഥിക്കും-രാജി പ്രഖ്യാപനം നടത്തിയ സമ്മേളനത്തിൽ കെജ്‌രിവാൾ പറഞ്ഞു.
കേസുകൾ ചുമത്തിയാൽ രാജിവെക്കരുതെന് ബി.ജെ.പി ഇതര മുഖ്യമന്ത്രിമാരോട് കെജ്‌രിവാൾ ആവശ്യപ്പെട്ടു. ബി.ജെ.പി ഇതര മുഖ്യമന്ത്രിമാർക്കെതിരെ ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ കള്ളക്കേസുകൾ ചുമത്തുകയാണ്. കേസ് ചുമത്തിയാലും ഒരിക്കലും രാജിവെക്കരുത്. സർക്കാരിനെ ജയിലിൽനിന്ന് നയിക്കണം.
ജനാധിപത്യത്തിന് വേണ്ടി പോരാടാൻ ആഗ്രഹിക്കുന്നതിനാലാണ് താൻ നേരത്തെ രാജിവെക്കാതിരുന്നതെന്നും അദ്ദേഹം പറഞ്ഞു. “ഞാൻ ജനാധിപത്യത്തെ ബഹുമാനിക്കുന്നതിനാലും ഭരണഘടനയാണ് എനിക്ക് പരമോന്നതമായതിനാലുമാണ് അറസ്റ്റിന് ശേഷം ഞാൻ രാജിവെക്കാത്തത്,” കെജ്‌രിവാൾ പറഞ്ഞു.
അടുത്ത രണ്ട് ദിവസത്തിനകം ദൽഹിയിൽ ആം ആദ്മി പാർട്ടിയുടെ 60 എംഎൽഎമാരുടെ യോഗം ചേർന്ന് അടുത്ത മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുമെന്ന് അരവിന്ദ്കെജ്‌രിവാൾ പറഞ്ഞു. ദൽഹിയിൽ നേരത്തെ തെരഞ്ഞെടുപ്പ് നടത്തണമെന്നും എ.എ.പി നേതാവ് ആവശ്യപ്പെട്ടു. ദൽഹിയിൽ തിരഞ്ഞെടുപ്പ് മഹാരാഷ്ട്ര തിരഞ്ഞെടുപ്പിനൊപ്പം നവംബറിൽ നടത്തണമെന്നും ആവശ്യപ്പെട്ടു.
“ഫെബ്രുവരിയിലാണ് ദൽഹിയിൽ തെരഞ്ഞെടുപ്പ് നടക്കേണ്ടത്. നവംബറിൽ മഹാരാഷ്ട്ര തിരഞ്ഞെടുപ്പിനൊപ്പം ദൽഹിയിലും തെരഞ്ഞെടുപ്പ് നടത്തണമെന്ന് ഞാൻ ആവശ്യപ്പെടുന്നു. തിരഞ്ഞെടുപ്പ് നടക്കുന്നത് വരെ പാർട്ടിയിൽ നിന്ന് മറ്റാരെങ്കിലും മുഖ്യമന്ത്രിയാകും. അടുത്ത 2-3 ദിവസത്തിനുള്ളിൽ യോഗം ചേരും. എം.എൽ.എ.മാരുടെ യോഗത്തിൽ അടുത്ത മുഖ്യമന്ത്രിയെ തീരുമാനിക്കും. ജനങ്ങളുടെ ഇടയിലേക്ക് പോയി പിന്തുണ തേടുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ‘ഞാൻ എല്ലാ വീടുകളിലും തെരുവിലും പോകും, ജനവിധി കിട്ടുന്നത് വരെ മുഖ്യമന്ത്രി കസേരയിൽ ഇരിക്കില്ല.
തലസ്ഥാനത്ത് തെരഞ്ഞെടുപ്പിന് മുന്നോടിയായി ജനങ്ങളുമായി ബന്ധപ്പെടാൻ ആം ആദ്മി വിപുലമായ പ്രചാരണ പരിപാടികൾ ആസൂത്രണം ചെയ്തിട്ടുണ്ടെന്നാണ് കെജ്‌രിവാളിന്റെ വാക്കുകൾ സൂചിപ്പിക്കുന്നത്. കെജ്‌രിവാളിനെ കൂടാതെ, മദ്യനയ കേസിൽ ജാമ്യത്തിലിറങ്ങിയ ദൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചുക്കാൻ വഹിക്കും.
കെജ്‌രിവാൾ ധാർമികമായ നിലപാട് സ്വീകരിക്കുകയും തനിക്ക് അധികാരമോഹമില്ലെന്നും മുഖ്യമന്ത്രി പദവിയിലേക്ക് മടങ്ങുന്നതിന് മുമ്പ് ജനങ്ങളുടെ വിധി ആഗ്രഹിക്കുന്നുവെന്നും ഉറപ്പിച്ചുപറയുന്നതിനാൽ പ്രഖ്യാപനം എഎപിക്ക് തിരഞ്ഞെടുപ്പ് നേട്ടമുണ്ടാക്കിയേക്കാമെന്നാണ് നിരീക്ഷകർ കരുതുന്നത്.
കെജ്‌രിവാളിൻ്റെ ആശ്ചര്യകരമായ നീക്കം അധികാരത്തിൽ തിരിച്ചെത്താമെന്ന് പ്രതീക്ഷിച്ച് കെജ്‌രിവാളിനെതിരെ കേസ് അടക്കമുള്ള നടപടികൾ എടുത്ത ബി.ജെ.പിക്ക് കടുത്ത തിരിച്ചടി നൽകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത്. കെജ്‌രിവാളും മനീഷ് സിസോദിയയും മന്ത്രിസഭയിലേക്ക് തിരിച്ചെത്താതെ രണ്ടാം നിര നേതാക്കളെ ഭരണം ഏൽപ്പിക്കും. തെരഞ്ഞെടുപ്പ് നേരത്തെ പ്രഖ്യാപിച്ച് ദൽഹിയിൽ വീണ്ടും അധികാരത്തിൽ എത്താനുള്ള നീക്കം ആം ആദ്മി തുടങ്ങിക്കഴിഞ്ഞു.
എന്നാൽ, പ്രഖ്യാപനം നാടകമാണെന്നും ദൽഹിയിൽ തിരഞ്ഞെടുപ്പ് എപ്പോൾ നടന്നാലും തങ്ങൾ വിജയിക്കുമെന്നും ബി.ജെ.പി അവകാശപ്പെട്ടു.