ജിദ്ദ – വിദേശികള്‍ക്ക് ഫൈനല്‍ എക്‌സിറ്റ് വിസ അനുവദിക്കാന്‍ ഇഖാമയില്‍ ചുരുങ്ങിയത് 30 ദിവസത്തെ കാലാവധിയുണ്ടായിരിക്കണമെന്ന് ജവാസാത്ത് ഡയറക്ടറേറ്റ് വ്യക്തമാക്കി. ഇഖാമയിലെ കാലാവധി 30 ദിവസത്തില്‍ കുറവാണെങ്കില്‍ വിദേശികള്‍ക്ക് ഫൈനല്‍ എക്‌സിറ്റ് വിസ അനുവദിക്കാന്‍ കഴിയില്ലെന്നും ഇത്തരം സാഹചര്യങ്ങളില്‍ ഫൈനല്‍ എക്‌സിറ്റ് ലഭിക്കാന്‍ ആദ്യം ഇഖാമ പുതുക്കണമെന്നും തൊഴിലുടമകളെയും കുടുംബനാഥന്മാരെയും ജവാസാത്ത് ഉണര്‍ത്തി. മുപ്പതു ദിവസത്തില്‍ കൂടുതല്‍ മുതല്‍ 60 ദിവസത്തില്‍ കുറവ് വരെ കാലാവധിയാണ് ഇഖാമക്കുള്ളതെങ്കില്‍ ഇഖാമയില്‍ ശേഷിക്കുന്ന അതേകാലാവധിയിലാണ് ഫൈനല്‍ എക്‌സിറ്റ് വിസ അനുവദിക്കുക. അതായത് ഇഖാമയിൽ എത്ര ദിവസമാണോ ശേഷിക്കുന്നത് അത്ര ദിവസം മാത്രമേ സൗദിയിൽ തുടരാനാകൂ.
ഇഖാമയില്‍ 60 ദിവസത്തില്‍ കൂടുതല്‍ കാലാവധിയുണ്ടെങ്കില്‍ 60 ദിവസ കാലാവധിയുള്ള ഫൈനല്‍ എക്‌സിറ്റ് വിസ ഇഷ്യു ചെയ്യാന്‍ സാധിക്കും. ഫൈനല്‍ എക്‌സിറ്റ് വിസ കാലാവധി അവസാനിക്കുന്നതിനു മുമ്പായി വിദേശികള്‍ രാജ്യം വിടല്‍ നിര്‍ബന്ധമാണ്. ആഭ്യന്തര മന്ത്രാലയത്തിന്റെ ഓണ്‍ലൈന്‍ സേവന പ്ലാറ്റ്‌ഫോം ആയ അബ്ശിര്‍, അബ്ശിര്‍ ബിസിനസ്, മുഖീം പോര്‍ട്ടല്‍ എന്നിവ വഴി തൊഴിലുടമകള്‍ക്കും കുടുംബനാഥന്മാര്‍ക്കും തങ്ങളുടെ തൊഴിലാളികള്‍ക്കും കുടുംബാംഗങ്ങള്‍ക്കും ഫൈനല്‍ എക്‌സിറ്റ് വിസ നല്‍കാന്‍ സാധിക്കും.
ഈ സേവനം തീര്‍ത്തും സൗജന്യമാണ്. ഒരുവിധ ഫീസുകളും നല്‍കാതെ തൊഴിലാളികള്‍ക്കും ആശ്രിതര്‍ക്കും ഫൈനല്‍ എക്‌സിറ്റ് വിസ നല്‍കാവുന്നതാണെന്നും ജവാസാത്ത് ഡയറക്ടറേറ്റ് ഉണര്‍ത്തി.