കുവൈത്ത് സിറ്റി – ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട കേസില്‍ പ്രശസ്ത കുവൈത്തി മാധ്യമപ്രവര്‍ത്തക ഫജ്ര്‍ അല്‍സഈദിനെ കുവൈത്ത് ക്രിമിനല്‍ കോടതി മൂന്നു വര്‍ഷം കഠിന തടവിന് ശിക്ഷിച്ചു. ഇസ്രായിലുമായി നയതന്ത്രബന്ധം സ്ഥാപിക്കണമെന്ന് ആഹ്വാനം ചെയ്തു എന്ന ആരോപണത്തില്‍ നിന്ന് ഫജ്ര്‍ അല്‍സഈദിനെ കോടതി കുറ്റവിമുക്തയാക്കി. വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കല്‍, ഇന്റര്‍നെറ്റ് ദുരുപയോഗിക്കല്‍, കെട്ടിച്ചമച്ചുണ്ടാക്കിയ വാര്‍ത്തകള്‍ പ്രചരിപ്പിക്കല്‍ എന്നീ ആരോപണങ്ങളാണ് പബ്ലിക് പ്രോസിക്യൂഷന്‍ ഫജ്ര്‍ അല്‍സഈദിനെതിരെ ഉന്നയിച്ചിരുന്നത്. ഈ കേസുകളില്‍ കുറ്റക്കാരിയാണെന്ന് കണ്ടാണ് കോടതി മൂന്നു വര്‍ഷം കഠിന തടവിന് ശിക്ഷിച്ചത്.
ജോര്‍ജിയയിലെ തന്റെ വീട്ടില്‍ ഇസ്രായിലികളെ സ്വീകരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ കഴിഞ്ഞ സെപ്റ്റംബറില്‍ മാധ്യമപ്രവര്‍ത്തക സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത് വലിയ രോഷത്തിന് ഇടയാക്കിയിരുന്നു.
2019 മുതല്‍ ഇവര്‍ ഇസ്രായിലുമായി കുവൈത്ത് നയതന്ത്രബന്ധം സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുവരുന്നുണ്ട്. അറബ് ലോകത്ത് നിലനില്‍ക്കുന്ന പൊതുധാരണക്ക് വിരുദ്ധമായി ഇവര്‍ അധിനിവിഷ്ട ജറൂസലം സന്ദര്‍ശിക്കുകയും ചെയ്തിരുന്നു.
അതേസമയം, ഫജ്ര്‍ അല്‍സഈദിനെതിരെ നല്‍കിയ കേസ് പിന്‍വലിച്ചതായി കുവൈത്തിലെ ഇറാഖ് എംബസി അറിയിച്ചു. ഫജ്ര്‍ അല്‍സഈദ് ഔദ്യോഗികമായി ഇറാഖിനോട് ക്ഷമാപണം നടത്തിയതിനെ തുടര്‍ന്ന് ഇറാഖ് പ്രധാനമന്ത്രി മുഹമ്മദ് അല്‍സൂദാനിയുടെ നിര്‍ദേശാനുസരണമാണ് കേസ് പിന്‍വലിച്ചതെന്ന് ഇറാഖ് എംബസി പറഞ്ഞു. ഇറാഖിനെ അപകീര്‍ത്തിപ്പെടുത്തിയ കേസില്‍ സുരക്ഷാ വകുപ്പുകള്‍ അറസ്റ്റ് ചെയ്യുകയും അന്വേഷണ വിധേയമായി 21 ദിവസം ജയിലില്‍ അടക്കാന്‍ പബ്ലിക് പ്രോസിക്യൂഷന്‍ തീരുമാനിക്കുകയും കേസ് കോടതിക്ക് കൈമാറുകയും ചെയ്തതിനെ തുടര്‍ന്നാണ് ഫജ്ര്‍ അല്‍സഈദ് ഇറാഖിനോട് ക്ഷമാപണം നടത്തിയത്.