ബംഗളൂരു: മുസ്ലിം പള്ളിയുടെ ഉള്ളിൽ വെച്ച് ജയ് ശ്രീറാം മുദ്രാവാക്യം വിളിച്ചത് കുറ്റമല്ലെന്നും ഇത് ഏതെങ്കിലും മതത്തിന്റെ വികാരം വ്രണപ്പെടുത്തുന്നതല്ലെന്നും കർണാടക ഹൈക്കോടതി. പള്ളിയുടെ ഉള്ളിൽ വെച്ച് ജയ് ശ്രീറാം വിളിച്ച രണ്ട് പേർക്കെതിരെ പൊലീസ് ചുമത്തിയ ക്രിമിനൽ കേസ് റദ്ദാക്കിയാണ് കർണാടക ഹൈക്കോടതിയുടെ വിധി. ‘ജയ് ശ്രീറാം’ മുദ്രാവാക്യം മുഴക്കുന്നത് സമുദായത്തിൻ്റെ മതവികാരം വ്രണപ്പെടുത്തുന്നത് എങ്ങിനെയാണെന്ന് മനസ്സിലാകുന്നില്ലെന്ന് ജസ്റ്റിസ് എം.നാഗപ്രസന്ന അധ്യക്ഷനായ സിംഗിൾ ഡിവിഷൻ ബെഞ്ച് വിധി പ്രസ്താവത്തിൽ ചൂണ്ടിക്കാട്ടി. മുസ്ലീം പള്ളിയിൽ ‘ജയ് ശ്രീറാം’ മുദ്രാവാക്യം വിളിച്ചതിന് ഐപിസി സെക്ഷൻ 295 എ പ്രകാരമാണ് പ്രതികൾക്കെതിരെ കേസെടുത്തിരുന്നത്.
ഇന്ത്യൻ പീനൽ കോഡ് (ഐപിസി) സെക്ഷൻ 447 (ക്രിമിനൽ അതിക്രമം), 505 (പൊതു ദ്രോഹത്തിന് പ്രേരിപ്പിക്കുന്ന പ്രസ്താവനകൾ), 506 (ക്രിമിനൽ ഭീഷണിപ്പെടുത്തൽ), 34 (പൊതു ഉദ്ദേശ്യം), 295 എ (മതവികാരം വ്രണപ്പെടുത്തൽ) എന്നിവ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ബന്ധപ്പെട്ട പ്രദേശത്ത് ഹിന്ദുക്കളും മുസ്ലീങ്ങളും സൗഹാർദ്ദത്തോടെയാണ് ജീവിക്കുന്നതെന്ന് കേസിലെ പരാതിക്കാരൻ തന്നെ പറഞ്ഞതായി കോടതി ചൂണ്ടിക്കാട്ടി.
പ്രതികൾക്ക് എതിരായ തുടർ നടപടികൾക്ക് അനുമതി നൽകുന്നത് നിയമത്തിൻ്റെ ദുരുപയോഗമായി മാറുമെന്നും ബെഞ്ച് ഉത്തരവിൽ പറഞ്ഞു. 2023 സെപ്തംബർ 24ന് രാത്രി 10.50 ഓടെയാണ് പ്രതികൾ പള്ളിക്കുള്ളിൽ അതിക്രമിച്ച് കയറിയതെന്ന് പോലീസ് കുറ്റപത്രത്തിൽ വ്യക്തമാക്കിയിരുന്നു. കണ്ടാലറിയാവുന്ന പ്രതികൾ എന്നായിരുന്നു ആദ്യം കുറ്റപത്രത്തിലുണ്ടായിരുന്നത്. പിന്നീടാണ് പ്രതികളെ പിടികൂടിയത്. തങ്ങൾക്കെതിരായ ആരോപണങ്ങളെ ചോദ്യം ചെയ്ത് പ്രതികൾ കർണാടക ഹൈക്കോടതിയിൽ അപ്പീൽ നൽകുകയായിരുന്നു. ഈ അപ്പീലിലിനാണ് അനുകൂല വിധി ഉണ്ടായത്.