ഗാസ – ഇസ്രായിലും ഹമാസും തമ്മില്‍ വെടിനിര്‍ത്തല്‍ കരാര്‍ പ്രഖ്യാപിച്ചതിന് ശേഷവും ഗാസയിലെ നിരവധി സ്ഥലങ്ങള്‍ ലക്ഷ്യമിട്ട് ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണങ്ങളില്‍ കുറഞ്ഞത് 28 ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായി ഗാസ സിവില്‍ ഡിഫന്‍സ് അറിയിച്ചു. യുദ്ധവിരാമം പ്രഖ്യാപിച്ചിട്ടും ഇസ്രായില്‍ ആക്രമണങ്ങള്‍ അവസാനിപ്പിച്ചിട്ടില്ല. മറിച്ച്, ഗാസയുടെ എല്ലാ മേഖലകളിലും ഫലസ്തീനികള്‍ക്കെതിരായ ആക്രമണം ഇസ്രായില്‍ വര്‍ധിപ്പിക്കുകയാണ്. ആക്രമണങ്ങളില്‍ 28 പേര്‍ കൊല്ലപ്പെട്ടു – സിവില്‍ ഡിഫന്‍സ് വക്താവ് മഹ്മൂദ് ബസല്‍ പറഞ്ഞു.
ഗാസ നഗരത്തിന് പടിഞ്ഞാറുള്ള അല്‍ശൈഖ് റദ്‌വാന്‍ പരിസരത്തുള്ള എന്‍ജിനീയേഴ്സ് സിന്‍ഡിക്കേറ്റിന് സമീപമുള്ള പ്രദേശത്തെ ലക്ഷ്യമിട്ടുണ്ടായ ബോംബാക്രമണത്തില്‍ 16 പേര്‍ കൊല്ലപ്പെടുകയും 20 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വടക്കന്‍ ഗാസയിലെ ഒരു വീട് ലക്ഷ്യമിട്ടുണ്ടായ ബോംബാക്രമണത്തില്‍ ഏഴു പേര്‍ കൊല്ലപ്പെട്ടു. ഗാസ സിറ്റിയുടെ കിഴക്കുള്ള അല്‍ദറജ് പ്രദേശത്ത് നടന്ന ആക്രമണത്തില്‍ മൂന്നു കൊല്ലപ്പെട്ടതായും മഹ്മൂദ് ബസല്‍ പറഞ്ഞു.
തെക്കന്‍ ഗാസയലെ ഖാന്‍ യൂനിസില്‍ ഖൈസാന്‍ റശ്‌വാന്‍ പ്രദേശത്ത് ഒരു വീട് ലക്ഷ്യമിട്ട് നടത്തിയ വ്യോമാക്രമണത്തില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടതായി നാസിര്‍ മെഡിക്കല്‍ കോംപ്ലക്‌സിലെ മെഡിക്കല്‍ ഉദ്യോഗസ്ഥന്‍ സ്ഥിരീകരിച്ചു. ഈജിപ്തുമായും അമേരിക്കയുമായും ചേര്‍ന്ന് വെടിനിര്‍ത്തല്‍ കരാറുണ്ടാക്കാന്‍ മധ്യസ്ഥത വഹിച്ച ഖത്തര്‍, വെടിനിര്‍ത്തല്‍, തടവുകാരുടെയും ബന്ദികളുടെയും കൈമാറ്റം എന്നിവക്കുള്ള കരാര്‍ പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കു ശേഷമാണ് ഇസ്രായില്‍ ഗാസയിലെങ്ങും ആക്രമണങ്ങള്‍ നടത്തിയത്.