ഗാസ – തങ്ങളുടെ ഫോട്ടോ ജേണലിസ്റ്റുകള്‍ക്കു നേരെ ഇസ്രായില്‍ മനഃപൂര്‍വ്വം ആക്രമണം നടത്തുകയായിരുന്നെന്ന് ഗാസയിലെ ഈജിപ്ഷ്യന്‍ റിലീഫ് കമ്മിറ്റി. ഇസ്രായില്‍ കൊലപ്പെടുത്തിയ മൂന്ന് ഫോട്ടോ ജേണലിസ്റ്റുകളും ഇസ്രായില്‍ സൈനിക സ്ഥാനങ്ങളില്‍ നിന്ന് ഏകദേശം ആറ് കിലോമീറ്റര്‍ അകലെയുള്ള നെറ്റ്‌സാരിം അഭയാര്‍ഥി ക്യാമ്പിനുള്ളില്‍ മാനുഷിക ദൗത്യത്തിലായിരുന്നുവെന്നും അവരെ മനഃപൂര്‍വ്വം ലക്ഷ്യം വെച്ച് ആക്രമണം നടത്തുകയായിരുന്നെന്നും ഗാസ മുനമ്പിലെ ഈജിപ്ഷ്യന്‍ റിലീഫ് കമ്മിറ്റി വക്താവ് മുഹമ്മദ് മന്‍സൂര്‍ പറഞ്ഞു. ഈജിപ്ഷ്യന്‍ റിലീഫ് കമ്മിറ്റിയുടെ തുടക്കം മുതല്‍ അതിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഇസ്രായില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളുടെ തുടര്‍ച്ചയാണ് പുതിയ ആക്രമണം. ഗാസ മുനമ്പിലെ ജനങ്ങള്‍ക്ക് ദുരിതാശ്വാസവും മാനുഷിക സേവനങ്ങളും നല്‍കാന്‍ ശ്രമിക്കുന്ന ആരെയും അടിച്ചമര്‍ത്താന്‍ ഇസ്രായില്‍ ശ്രമിക്കുകയാണെന്നും മുഹമ്മദ് മന്‍സൂര്‍ പറഞ്ഞു.
ഗാസ മുനമ്പിലെ ഈജിപ്ഷ്യന്‍ റിലീഫ് കമ്മിറ്റിയുടെ മാധ്യമ സംഘമായി പ്രവര്‍ത്തിക്കുന്ന മൂന്ന് ഫോട്ടോ ജേണലിസ്റ്റുകളെ ഇസ്രായില്‍ സൈന്യം ഇന്നലെയാണ് കൊലപ്പെടുത്തിയത്. മുഹമ്മദ് ഖശ്ത, അനസ് ഗുനൈം, അബ്ദുറഊഫ് ശഅത് എന്നിവരാണ് കൊല്ലപ്പെട്ടത്. ഈജിപ്ഷ്യന്‍ കമ്മിറ്റി സ്ഥാപിച്ചുകൊണ്ടിരിക്കുന്ന അഭയാര്‍ഥി ക്യാമ്പുകളുടെ പ്രവര്‍ത്തന പുരോഗതി രേഖപ്പെടുത്താനായി ഒരു ചെറിയ ഡ്രോണും ക്യാമറകളും ഉപയോഗിച്ച് ചിത്രീകരണ ദൗത്യത്തിലായിരിക്കെയാണ് ഇവര്‍ക്കു നേരെ ഇസ്രായില്‍ ആക്രമണം നടത്തിയത്.
ഫോട്ടോഗ്രാഫര്‍മാരെ ലക്ഷ്യം വെച്ചുള്ള ആക്രമണം ഫലസ്തീന്‍ ജനതക്ക് ആശ്വാസവും അഭയവും നല്‍കാനുള്ള കമ്മിറ്റിയുടെ നിശ്ചയദാര്‍ഢ്യത്തെ ശക്തിപ്പെടുത്തുമെന്നും, വളരെ സങ്കീര്‍ണ്ണമായ സുരക്ഷാ സാഹചര്യങ്ങളില്‍ ഗാസ മുനമ്പിലെ ജനങ്ങള്‍ക്ക് യഥാര്‍ഥ പിന്തുണയായി കമ്മിറ്റി സാധാരണപോലെ പ്രവര്‍ത്തിക്കുമെന്നും മുഹമ്മദ് മന്‍സൂര്‍ പറഞ്ഞു. ഗാസ പുനര്‍നിര്‍മാണത്തിനായുള്ള ഗാസയിലെ ഈജിപ്ഷ്യന്‍ കമ്മിറ്റിക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന ഫലസ്തീനികള്‍ കൊല്ലപ്പെട്ട ആക്രമണത്തിന് ശേഷം ഈജിപ്ത് ഇസ്രായിലിന് രോഷത്തോടെയുള്ള സന്ദേശം അയച്ചതായി ബന്ധപ്പെട്ട സ്രോതസ്സുകളെ ഉദ്ധരിച്ച് ഇസ്രായിലി ആര്‍മി റേഡിയോ പറഞ്ഞു. യെല്ലോ ലൈനിന് പുറത്ത്, ഇസ്രായില്‍ സൈന്യത്തിന് ഭീഷണിയില്ലാത്ത ഒരു പ്രദേശത്താണ് ആക്രമണം നടന്നതെന്ന് പറഞ്ഞ് സംഭവത്തില്‍ ഈജിപ്ത് കടുത്ത പ്രതിഷേധം അറിയിച്ചതായി ആര്‍മി റേഡിയോ റിപ്പോര്‍ട്ട് ചെയ്തു.
മധ്യ ഗാസ മുനമ്പില്‍ ഹമാസിനു കീഴിലെ ഡ്രോണ്‍ പ്രവര്‍ത്തിപ്പിക്കുന്നതായി സംശയിക്കുന്നവരെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് ഇസ്രായില്‍ സൈന്യം അവകാശപ്പെട്ടു. ഡ്രോണ്‍ കണ്ടെത്തിയതിനെ തുടര്‍ന്നും അത് നമ്മുടെ സേനക്ക് ഉയര്‍ത്തിയ ഭീഷണിയെ തുടര്‍ന്നും ഡ്രോണ്‍ പ്രവര്‍ത്തിപ്പിച്ച സംശയിക്കുന്നവരെ സൈന്യം കൃത്യമായി ലക്ഷ്യം വെച്ചു. ആക്രമണവുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്നും സൈന്യം പ്രസ്താവനയില്‍ പറഞ്ഞു.



