റാമല്ല – ഇസ്രായില്‍ സൈന്യം നടത്തിയ വെടിവെപ്പിൽ 20 വയസുകാരനായ ഫലസ്തീന്‍ യുവാവ് കൊല്ലപ്പെട്ടു. ഹെബ്രോണിന് തെക്ക് അദ്ദാഹിരിയ പട്ടണത്തിനടുത്തുള്ള മെയ്താര്‍ ക്രോസിംഗില്‍ ഇസ്രായില്‍ സൈന്യം നടത്തിയ വെടിവെപ്പിലാണ് മുഹമ്മദ് ബസ്സാം തയാഹ ശാഊര്‍ എന്ന യുവാവ് കൊല്ലപ്പെട്ടതെന്ന് ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. ശാഊര്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ തല്‍ക്ഷണം മരിച്ചതായി വഫാ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. റെഡ് ക്രസന്റ് പാരാമെഡിക്കുകള്‍ യുവാവിന്റെ മൃതദേഹം ദുറ ഗവണ്‍മെന്റ് ആശുപത്രിയിലേക്ക് മാറ്റി.


ഈ വര്‍ഷം ജനുവരി മുതല്‍ വെസ്റ്റ് ബാങ്കില്‍ 300 ലേറെ ഫലസ്തീനികളെ ഇസ്രായില്‍ സൈന്യമോ ജൂതകുടിയേറ്റക്കാരോ കൊലപ്പെടുത്തിയിട്ടുണ്ട്. ഇക്കൂട്ടത്തില്‍ 44 പേര്‍ 18 വയസ്സിന് താഴെയുള്ളവരാണെന്ന് യു.എന്‍ ഓഫീസ് ഫോര്‍ ദി കോ-ഓര്‍ഡിനേഷന്‍ ഓഫ് ഹ്യൂമാനിറ്റേറിയന്‍ അഫയേഴ്സ് അറിയിച്ചു. മധ്യ വെസ്റ്റ് ബാങ്കിലെ അംഅരി അഭയാര്‍ഥി ക്യാമ്പിലും തുര്‍മസ്അയ പട്ടണത്തിലും ഇസ്രായില്‍ സൈന്യം നടത്തിയ വെടിവെപ്പില്‍ ഒരു കുട്ടിയുള്‍പ്പെടെ അഞ്ച് ഫലസ്തീനികള്‍ക്ക് പരിക്കേറ്റു.



