ഗാസ- ഗാസ മുനമ്പിൽ ഇസ്രായേൽ നടത്തിയ പുതിയ വ്യോമാക്രമണങ്ങളിലും ടാങ്ക് വെടിവെപ്പിലും ഒരു ബാലൻ ഉൾപ്പെടെ മൂന്ന് ഫലസ്തീനികൾ കൊല്ലപ്പെട്ടു. ഗാസ നഗരത്തിലെ ശൈഖ് റദ്‌വാൻ ഡിസ്ട്രിക്ടിന് സമീപം നടന്ന വ്യോമാക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും രണ്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതിന് പിന്നാലെ മധ്യ ഗാസയിലുണ്ടായ ഇസ്രായേൽ ടാങ്ക് വെടിവെപ്പിൽ മറ്റൊരു ഫലസ്തീനി കൂടി കൊല്ലപ്പെട്ടു. വടക്കൻ ഗാസയിലെ ഒരു പോലീസ് സ്റ്റേഷൻ ലക്ഷ്യമിട്ട് ഇസ്രായേൽ നടത്തിയ ആക്രമണത്തിലാണ് 15 വയസ്സുകാരൻ കൊല്ലപ്പെട്ടത്. ഈ ആക്രമണത്തിൽ നിരവധി പോലീസ് ഉദ്യോഗസ്ഥർക്കും പരിക്കേറ്റിട്ടുണ്ട്. ഹമാസിന്റെ കീഴിലുള്ള പോലീസ് സേനയെ ലക്ഷ്യമിട്ടുള്ള നീക്കങ്ങൾ ഇസ്രായേൽ ശക്തമാക്കിയതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
2025 ഒക്ടോബറിൽ വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ വന്നെങ്കിലും ഗാസയിൽ സമാധാനം ഇന്നും അകലെയാണ്. കരാർ നിലവിൽ വന്നതിന് ശേഷം മാത്രം ഏകദേശം 830 ഫലസ്തീനികൾ കൊല്ലപ്പെട്ടതായി മെഡിക്കൽ വൃത്തങ്ങൾ അറിയിച്ചു. ഇതേ കാലയളവിൽ നാല് സൈനികർ കൊല്ലപ്പെട്ടതായി ഇസ്രായേലും സ്ഥിരീകരിച്ചു. ഇരുവിഭാഗവും വെടിനിർത്തൽ ലംഘനം ആരോപിച്ച് പരസ്പരം പഴിചാരുകയാണ്. സായുധ സംഘങ്ങളുടെ ആക്രമണങ്ങൾ തടയാനാണ് തങ്ങൾ സൈനിക നടപടി തുടരുന്നതെന്നാണ് ഇസ്രായേലിന്റെ വാദം. ദിവസേനയെന്നോണം തുടരുന്ന ഈ ആക്രമണങ്ങൾ കരാറിന്റെ നിലനിൽപ്പിനെത്തന്നെ ചോദ്യം ചെയ്യുന്നു.
2023 ഒക്ടോബറിൽ യുദ്ധം ആരംഭിച്ചത് മുതൽ ഗാസയിൽ കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം 72,500 കടന്നതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും സാധാരണക്കാരാണ്. ഗാസ മുനമ്പിന്റെ പകുതിയിലധികവും ഇപ്പോൾ ഇസ്രായേൽ സൈന്യത്തിന്റെ നിയന്ത്രണത്തിലാണ്. യുദ്ധത്തിൽ ഗാസയിലെ ഭൂരിഭാഗം അടിസ്ഥാന സൗകര്യങ്ങളും നശിപ്പിക്കപ്പെട്ടതോടെ ലക്ഷക്കണക്കിന് ആളുകൾ കൊടിയ ദാരിദ്ര്യത്തിലും ദുരിതത്തിലും കൂടാരങ്ങളിൽ കഴിയാൻ നിർബന്ധിതരായിരിക്കുകയാണ്.



