ബെയ്‌റൂത്ത് – ബുധനാഴ്ച ലെബനോനിൽ ഇസ്രായേൽ നടത്തിയ ശക്തമായ ആക്രമണങ്ങളിൽ മരിച്ചവരുടെ എണ്ണം 303 ആയി ഉയർന്നതായി ലെബനീസ് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഈ ആക്രമണങ്ങളിൽ 1,150 പേർക്ക് പരിക്കേറ്റിട്ടുണ്ട്. കൊല്ലപ്പെട്ടവരിൽ 71 സ്ത്രീകളും 30 കുട്ടികളും 9 വയോധികരും ഉൾപ്പെടുന്നു. മൃതദേഹങ്ങൾ പലതും തിരിച്ചറിയാൻ കഴിയാത്ത വിധം തകർന്നതിനാൽ ഡി.എൻ.എ പരിശോധനയടക്കമുള്ള മാർഗങ്ങൾ തേടേണ്ടി വരുന്നുണ്ടെന്നും മെഡിക്കൽ സംഘങ്ങൾ വലിയ പ്രയാസം നേരിടുന്നുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി. തകർന്ന കെട്ടിടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവർക്കായി രക്ഷാപ്രവർത്തകർ തീവ്രമായി ശ്രമിക്കുന്നുണ്ടെങ്കിലും, ഇസ്രായേൽ ആക്രമണം തുടരുന്നതും നാശനഷ്ടങ്ങളുടെ വ്യാപ്തിയും പലയിടങ്ങളിലേക്കും പ്രവേശിക്കുന്നതിന് തടസ്സമാകുന്നുണ്ട്. വരും മണിക്കൂറുകളിൽ മരണസംഖ്യ ഇനിയും വർധിക്കാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
കഴിഞ്ഞ മാർച്ച് 2-ന് ഇസ്രായേലും ഹിസ്ബുള്ളയും തമ്മിലുള്ള യുദ്ധം ആരംഭിച്ചതിന് ശേഷം ലെബനോനിൽ ഇതുവരെ ആകെ 1,888 പേർ കൊല്ലപ്പെടുകയും 6,092 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ബുധനാഴ്ച നടന്ന വ്യോമാക്രമണങ്ങളിലൂടെ ഹിസ്ബുള്ളയ്ക്ക് കടുത്ത പ്രഹരം നൽകാൻ സാധിച്ചുവെന്ന് ഇസ്രായേൽ ചീഫ് ഓഫ് സ്റ്റാഫ് ഇയാൽ സാമിർ അവകാശപ്പെട്ടു. തെക്കൻ ലെബനോനിൽ കരയുദ്ധം നടക്കുന്ന മേഖലകളിൽ സന്ദർശനം നടത്തുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. വ്യാഴാഴ്ച വൈകുന്നേരവും ഹിസ്ബുള്ളയുടെ മിസൈൽ വിക്ഷേപണ കേന്ദ്രങ്ങൾ ലക്ഷ്യമാക്കി ഇസ്രായേൽ സൈന്യം ആക്രമണം തുടർന്നിരുന്നു.
ഇസ്രായേൽ അതിർത്തിയിൽ നിന്ന് ഏകദേശം അഞ്ച് കിലോമീറ്റർ മാത്രം അകലെയുള്ള ബിന്ത് ജെബെയിൽ ഗ്രാമത്തിൽ വിന്യസിച്ചിരിക്കുന്ന സൈനികരോട് സംസാരിക്കവെ, ഹിസ്ബുള്ള നിലവിൽ ഒറ്റപ്പെട്ട അവസ്ഥയിലാണെന്ന് ഇയാൽ സാമിർ പറഞ്ഞു. ഇറാനുമായുള്ള തന്ത്രപരമായ ബന്ധങ്ങളിൽ നിന്ന് ഹിസ്ബുള്ള വിച്ഛേദിക്കപ്പെട്ടതായും അവരുടെ പ്രധാന കേന്ദ്രമായ ബെയ്റൂത്തിന്റെ തെക്കൻ ഭാഗങ്ങളിൽ നിന്ന് പോരാളികൾ പിന്മാറുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. വടക്കൻ ഇസ്രായേലിലെ ജനങ്ങൾ നേരിടുന്ന ഭീഷണി ഇല്ലാതാക്കുകയും മേഖലയിൽ ശാശ്വതമായ സുരക്ഷ ഉറപ്പാക്കുകയുമാണ് സൈന്യത്തിന്റെ പ്രധാന ലക്ഷ്യമെന്നും ഇസ്രായേൽ വ്യക്തമാക്കി.



