തെല്‍അവീവ് – വെടിനിര്‍ത്തല്‍ കരാര്‍ നടപ്പാക്കുന്നതിന്റെ ഭാഗമായി രണ്ട് ഇസ്രായിലി ബന്ദികളുടെ മൃതദേഹാവശിഷ്ടങ്ങള്‍ കൂടി ഹമാസ് റെഡ് ക്രോസിന് കൈമാറിയതായി ഇസ്രായില്‍ സൈന്യം അറിയിച്ചു. ഗാസ മുനമ്പില്‍ നിന്ന് കുഴിച്ചെടുത്ത രണ്ട് ഇസ്രായിലി ബന്ദികളുടെ മൃതദേഹങ്ങള്‍ ഇന്ന് (ശനിയാഴ്ച) ഗാസ സമയം രാത്രി പത്തു മണിക്ക് കൈമാറുമെന്ന് ടെലിഗ്രാമില്‍ പോസ്റ്റ് ചെയ്ത പ്രസ്താവനയില്‍ ഹമാസ് നേരത്തെ പറഞ്ഞു. ഇരുവിഭാഗങ്ങള്‍ക്കുമിടയില്‍ മൃതദേഹങ്ങളുടെയും ബന്ദികളുടെയും തടവുകാരുടെയും കൈമാറ്റം ഉള്‍പ്പെടുന്ന മാനുഷിക ക്രമീകരണങ്ങളുടെയും ഭാഗിക കരാറുകളുടെയും ഭാഗമായാണ് രണ്ടു ബന്ദികളുടെ മൃതദേഹങ്ങള്‍ കൈമാറുന്നതെന്ന് ഹമാസിന്റെ സായുധ വിഭാഗമായ അല്‍ഖസ്സാം ബ്രിഗേഡ്‌സ് പറഞ്ഞു.
ഗാസ മുനമ്പിലെ തങ്ങളുടെ ബന്ദികളില്‍ കുറഞ്ഞത് എട്ട് പേരുടെ മൃതദേഹങ്ങളുടെ സ്ഥാനങ്ങള്‍ ഹമാസിന് അറിയാമെന്നും അവ ഉടന്‍ തിരികെ നല്‍കാന്‍ ഹമാസിന് സാധിക്കുമെന്നും ഇസ്രായിലി സൈനിക കണക്കുകൂട്ടലുകള്‍ സൂചിപ്പിക്കുന്നതായി ഇസ്രായിലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
വെടിനിര്‍ത്തല്‍ കരാര്‍ നടപ്പാക്കുന്നതിന്റെയും ഇരുപക്ഷവും തമ്മിലുള്ള തടവുകാരുടെ കൈമാറ്റ കരാറിന്റെയും ഭാഗമായി ബുധനാഴ്ച വൈകുന്നേരം അല്‍ഖസ്സാം ബ്രിഗേഡ്‌സ് ഗാസ സിറ്റിയിലെ രണ്ട് ഇസ്രായിലി ബന്ദികളുടെ മൃതദേഹാവശിഷ്ടങ്ങള്‍ ഇന്റര്‍നാഷണല്‍ റെഡ് ക്രോസ് കമ്മിറ്റിക്ക് കൈമാറിയിരുന്നു. ഹമാസ് രണ്ട് ഇസ്രായിലി ബന്ദികളുടെ മൃതദേഹങ്ങള്‍ കൂടി കൈമാറിയതായും ഇതോടെ കഴിഞ്ഞ തിങ്കളാഴ്ച മുതല്‍ കൈമാറിയ മൃതദേഹങ്ങളുടെ എണ്ണം പത്തായതായും ഹമാസ് വൃത്തങ്ങള്‍ പറഞ്ഞു.
ഗാസ മുനമ്പില്‍ രണ്ട് വര്‍ഷത്തെ യുദ്ധത്തില്‍ തകര്‍ന്നടിഞ്ഞ കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ക്കടിയില്‍ നിന്ന് ബന്ദികളുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്താന്‍ ബുദ്ധിമുട്ടുകള്‍ നേരിടുന്നതായി ഹമാസ് പറയുന്നു. ഇസ്രായില്‍ ഇതിനെ ഹമാസിന്റെ വൈകിപ്പിക്കല്‍ തന്ത്രമായും വെടിനിര്‍ത്തല്‍ കരാര്‍ ലംഘനമായും കണക്കാക്കുന്നു. ശേഷിക്കുന്ന ബന്ദികളുടെ മൃതദേഹങ്ങള്‍ എവിടെയാണെന്ന് ഹമാസിന് കൃത്യമായി അറിയാമെന്ന് ഇസ്രായില്‍ ഉദ്യോഗസ്ഥര്‍ ഇസ്രായില്‍ പബ്ലിക് റേഡിയോയോട് പറഞ്ഞു. ബന്ദികളുടെ മൃതദേഹങ്ങള്‍ തിരികെ നല്‍കാന്‍ ഹമാസിനെ സമ്മര്‍ദത്തിലാക്കാന്‍ ശ്രമിച്ച് ഗാസ മുനമ്പിലേക്ക് പുനര്‍നിര്‍മ്മാണ സാമഗ്രികള്‍ പ്രവേശിക്കാന്‍ അനുവദിക്കരുതെന്ന് ഇസ്രായില്‍ സുരക്ഷാ വകുപ്പുകള്‍ ശുപാര്‍ശ ചെയ്തതായി ഇസ്രായിലിലെ ചാനല്‍ 12 റിപ്പോര്‍ട്ട് ചെയ്തു.