ബെയ്‌റൂത്ത്– തെക്കൻ ലെബനോനിലെ വിവിധ ഗ്രാമങ്ങളിൽ ഇസ്രായേൽ നടത്തിയ ശക്തമായ വ്യോമാക്രമണങ്ങളിൽ 13 പേർ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരിൽ ഒരു ലെബനീസ് സൈനികനും രണ്ട് പാരാമെഡിക്കൽ ജീവനക്കാരും ഒരു കുട്ടിയും ഉൾപ്പെടുന്നുണ്ടെന്ന് ലെബനോൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. നബതിയ നഗരത്തിൽ നടന്ന ആക്രമണത്തിൽ സിവിൽ ഡിഫൻസിലെ രണ്ട് ജീവനക്കാരടക്കം അഞ്ച് പേർ മരിക്കുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
നബതിയ ജില്ലയിലെ ജെബ്ശിത്ത് ഗ്രാമത്തിലുണ്ടായ ആക്രമണത്തിലാണ് ഒരു ലെബനീസ് സൈനികനും സിറിയൻ പൗരനും ഉൾപ്പെടെ നാല് പേർ കൊല്ലപ്പെട്ടത്. ഇവിടെ 12 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ബിന്ത് ജെബയിൽ ജില്ലയിലെ കഫർദൂനിൻ ഗ്രാമത്തിൽ നടന്ന മറ്റൊരു ആക്രമണത്തിൽ ഒരു സ്ത്രീയും കുട്ടിയും ഉൾപ്പെടെ നാല് പേർ കൂടി കൊല്ലപ്പെട്ടതായി ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. ഇസ്രായേൽ ആക്രമണം തുടരുന്നത് തെക്കൻ ലെബനോനിലെ ജനജീവിതം അതീവ ദുസ്സഹമാക്കിയിരിക്കുകയാണ്.
തെക്കൻ ലെബനോനിൽ പോരാളികളെ വീണ്ടും വിന്യസിക്കാനുള്ള ഹിസ്ബുല്ലയുടെ ശ്രമങ്ങൾ തടയാനാണ് തങ്ങൾ ആക്രമണം നടത്തുന്നതെന്നാണ് ഇസ്രായേൽ വാദിക്കുന്നത്. ഹിസ്ബുല്ലയുടെ കേന്ദ്രങ്ങളും അടിസ്ഥാന സൗകര്യങ്ങളുമാണ് ലക്ഷ്യമെന്ന് അവർ പറയുന്നു. എന്നാൽ ഇസ്രായേൽ നിരന്തരം വെടിനിർത്തൽ കരാർ ലംഘിക്കുന്നതിനാലാണ് തങ്ങൾ തിരിച്ചടിക്കുന്നതെന്ന് ഹിസ്ബുല്ലയും വ്യക്തമാക്കി. ലെബനോൻ അതിർത്തിക്കുള്ളിൽ തങ്ങളുടെ സൈന്യത്തിന് പൂർണ്ണ പ്രവർത്തന സ്വാതന്ത്ര്യമുണ്ടെന്നും ഹിസ്ബുല്ലയെ അതിർത്തിയിലേക്ക് മടങ്ങാൻ അനുവദിക്കില്ലെന്നും ഇസ്രായേൽ ചീഫ് ഓഫ് സ്റ്റാഫ് ഇയാൽ സാമിർ പറഞ്ഞു. നിരന്തരമായ ബോംബാക്രമണം മൂലം അതിർത്തി പ്രദേശങ്ങളിൽ നിന്ന് ജനങ്ങൾ കൂട്ടത്തോടെ പലായനം ചെയ്യുകയാണ്.



