ഗാസ- ഫലസ്തീനിലെ റഫയിലെ നിയുക്ത സുരക്ഷിത മേഖലയിൽ കുടിയൊഴിപ്പിക്കപ്പെട്ട ആളുകളെ പാർപ്പിച്ചിരിക്കുന്ന ടെന്റിലേക്ക് ഇസ്രായിൽ സൈന്യം നടത്തിയ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 45 ആയി. കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്. ഇസ്രായിലിന്റെ ആക്രമണത്തിനെതിരെ അന്താരാഷ്ട്ര തലത്തിൽ പ്രതിഷേധം ഉയർന്നു. ഇതോടെ അബദ്ധത്തിൽ നടത്തിയ വ്യോമാക്രമാണെന്ന വിശദീകരണവുമായി നെതന്യാഹു രംഗത്തെത്തി.
ജബാലിയ, നുസൈറാത്ത്, ഗാസ സിറ്റി എന്നിവയുൾപ്പെടെയുള്ള സ്ഥലങ്ങളിൽ ഇസ്രായിൽ സൈന്യം നടത്തിയ ആക്രമ 160 പേർ കൊല്ലപ്പെട്ടതായി ഫലസ്തീൻ ഉദ്യോഗസ്ഥർ പറഞ്ഞു. റഫ ആക്രമണത്തെ “വളരെ ഗുരുതരം” എന്നാണ് ഇസ്രയേലിൻ്റെ ഉന്നത സൈനിക പ്രോസിക്യൂട്ടർ വിശേഷിപ്പിച്ചത്. ഹമാസ് പോരാളികളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് ഇസ്രായേൽ സൈന്യം നേരത്തെ സ്ഥിരീകരിച്ചിരുന്നു.
ഗാസയിൽ ഒരു സ്ഥലവും സുരക്ഷിതമല്ലെന്നാണ് റഫയിൽ ഇസ്രായിൽ നടത്തിയ ആക്രമണം തെളിയിക്കുന്നതെന്ന് യൂറോപ്യൻ യൂണിയൻ്റെ ഉന്നത വിദേശ നയ ഉദ്യോഗസ്ഥനായ ജോസെപ് ബോറെൽ പറഞ്ഞു. ആക്രമണങ്ങൾ ഉടനടി അവസാനിപ്പിക്കണമെന്നും റഫ അധിനിവേശം തടയുന്നതിനുള്ള അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ (ഐസിജെ) ഇടക്കാല ഉത്തരവുകൾ നടപ്പിലാക്കണമെന്നും ജോസെബ് ബോറെൽ വ്യക്തമാക്കി.