ഗാസ – ഗാസ മുനമ്പിലുടനീളം സൈന്യം ആക്രമണം നടത്തുകയാണെന്ന് ഇസ്രായില്‍ സൈനിക വക്താവ് അവിചായ് അഡ്രഇ പറഞ്ഞു. ഗാസക്ക് വടക്കുള്ള ബെയ്ത്ത് ലാഹിയ മേഖലയിലെ തീരദേശത്ത് കരസേന ആക്രമണം ആരംഭിച്ചതായും സൈനിക വക്താവ് പറഞ്ഞു. ഗാസയില്‍ നിന്ന് തെല്‍അവീവിലേക്ക് റോക്കറ്റ് ആക്രമണം നടത്തിയതായി ഹമാസിനു കീഴിലെ സായുധ വിഭാഗമായ അല്‍ഖസ്സാം ബ്രിഗേഡ്‌സ് അറിയിച്ചു.
തെക്കന്‍ ഗാസയില്‍നിന്ന് മധ്യഇസ്രായിലിലേക്ക് തൊടുത്തുവിട്ട മൂന്ന് റോക്കറ്റുകളില്‍ ഒന്ന് തടഞ്ഞതായി ഇസ്രായില്‍ സൈന്യം പ്രസ്താവനയില്‍ പറഞ്ഞു. ഇസ്രായില്‍ വ്യോമസേന ഒരു റോക്കറ്റ് വിജയകരമായി തകര്‍ത്തു. രണ്ട് റോക്കറ്റുകള്‍ തുറസ്സായ പ്രദേശത്ത് വീണു. കഴിഞ്ഞ ചൊവ്വാഴ്ച ഇസ്രായില്‍ ഗാസയില്‍ ആക്രമണം പുനരാരംഭിച്ച ശേഷം ഗാസയില്‍ നിന്ന് മധ്യഇസ്രായിലിലേക്ക് റോക്കറ്റുകള്‍ തൊടുത്തുവിടുന്നത് ഇതാദ്യമാണെന്നും ഇസ്രായില്‍ സൈന്യം പ്രസ്താവനയില്‍ പറഞ്ഞു.
ദക്ഷിണ, ഉത്തര ഗാസക്ക് ഇടയിലുള്ള പ്രതിരോധ മേഖല വികസിപ്പിക്കാനായി മധ്യ, തെക്കന്‍ ഗാസയില്‍ സൈന്യം കരയാക്രമണം ആരംഭിച്ചതായി ഇന്ന് രാവിലെ ഇസ്രായിലി സൈനിക വക്താവ് പറഞ്ഞു. ഗാസ മുനമ്പിന്റെ വടക്ക് ഭാഗത്തെ തെക്കു ഭാഗവുമായി ബന്ധിപ്പിക്കുന്ന സ്വലാഹുദ്ദീന്‍ അച്ചുതണ്ടിലൂടെ ഗാസ നിവാസികള്‍ സഞ്ചരിക്കുന്നത് ഇസ്രായില്‍ സൈന്യം വിലക്കുന്നതായി സൈനിക വക്താവ് എക്‌സ് പ്ലാറ്റ്ഫോമില്‍ പറഞ്ഞു.
തെക്കന്‍ ഗാസ മുനമ്പിലെ ഖാന്‍ യൂനിസ്, റഫ പ്രദേശങ്ങളില്‍ ഇസ്രായില്‍ നടത്തിയ വ്യോമാക്രമണങ്ങളില്‍ 19 പേര്‍ കൊല്ലപ്പെട്ടതായി അല്‍അഖ്സ ടി.വി ഇന്ന് രാവിലെ റിപ്പോര്‍ട്ട് ചെയ്തു. ഗാസയില്‍ ഇന്ന് പുലര്‍ച്ചെ ഇസ്രായില്‍ വീണ്ടും ശക്തമായ വ്യോമാക്രമണം നടത്തി. ഈ ആക്രമണത്തില്‍ കുറഞ്ഞത് 85 പേര്‍ കൊല്ലപ്പെട്ടതായി ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു. വടക്കന്‍ ഗാസയിലെ രക്തരൂക്ഷിതമായ ഇസ്രായിലി ബോംബാക്രമണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ഫലസ്തീന്‍ കുടുംബങ്ങള്‍ കൈയില്‍ കിട്ടിയതെല്ലാം എടുത്ത് പലായന യാത്ര പുനരാരംഭിച്ചു. യുദ്ധകാലത്ത് പലതവണ ഒരിടത്തു നിന്ന് മറ്റൊരിടത്തേക്ക് ഫലസ്തീന്‍ കുടുംബങ്ങള്‍ പലായനം ചെയ്തിരുന്നു.
ഇസ്രായില്‍ വ്യോമസേന തെക്കന്‍ ഗാസയിലെ വീടുകള്‍ക്ക് നേരെ ഇന്ന് നടത്തിയ വ്യോമാക്രമണത്തില്‍ ഡസന്‍ കണക്കിന് പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഗാസ സിവില്‍ ഡിഫന്‍സ് അറിയിച്ചു. ഗാസയിലെ വിവിധ പ്രദേശങ്ങള്‍ ലക്ഷ്യമിട്ട് ഇന്നു പുലര്‍ച്ചെ നടത്തിയ ശക്തമായ ഇസ്രായിലി വ്യോമാക്രമണങ്ങളില്‍ കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെ 85 ലേറെ ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. ഡസന്‍ കണക്കിന് ആളുകളെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കാണാതായതായി മെഡിക്കല്‍ വൃത്തങ്ങളും സിവില്‍ ഡിഫന്‍സും ദൃക്സാക്ഷികളും അറിയിച്ചു.