തെഹ്‌റാൻ– ആഗോള ഡിജിറ്റൽ ശൃംഖലയുടെ സുപ്രധാന പാതയായ ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന അന്തർവാഹിനി ഇന്റർനെറ്റ് ഫൈബർ ഒപ്റ്റിക് കേബിളുകൾക്ക് പ്രത്യേക പെർമിറ്റ് സംവിധാനം ഏർപ്പെടുത്താൻ ഇറാൻ ഒരുങ്ങുന്നു. തങ്ങളുടെ തീരപ്രദേശത്തിനും കടൽത്തീരത്തെ മണ്ണിനും മേലുള്ള സമ്പൂർണ്ണ പരമാധികാരം ഉപയോഗിച്ച് ഹോർമുസ് കടലിടുക്കിന്മേൽ നിയന്ത്രണം കടുപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കമെന്ന് ഇറാൻ റെവല്യൂഷണറി ഗാർഡ് സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കി. ഈ ജലപാതയുടെ അടിത്തട്ടിലൂടെ പോകുന്ന മുഴുവൻ ഫൈബർ ഒപ്റ്റിക് കേബിളുകളും ഇറാന്റെ പൂർണ്ണ പരമാധികാരത്തിന് കീഴിലായിരിക്കുമെന്ന് ‘ഹോർമുസ് കടലിടുക്കിന്റെ അടിത്തട്ടിൽ 10 ട്രില്യൺ ഡോളറിന്റെ നിധി’ എന്ന തലക്കെട്ടിൽ ഇറാനിയൻ വാർത്താ ഏജൻസിയായ ഫാർസ് റിപ്പോർട്ട് ചെയ്തു.
മേഖലയിൽ പൂർണ്ണ നിയന്ത്രണം സ്ഥാപിച്ചതോടെ, കടലിടുക്കിന്റെ അടിയിലൂടെയുള്ള കേബിളുകളിൽ ഇറാന് എത്രത്തോളം നിയമപരമായ അധികാരം വിനിയോഗിക്കാൻ കഴിയും എന്നതിനെച്ചൊല്ലി പുതിയ സാങ്കേതിക-നിയമ ചർച്ചകൾ ഉയർന്നുവന്നിട്ടുണ്ട്. 1982 ലെ ഐക്യരാഷ്ട്രസഭയുടെ സമുദ്ര നിയമ കൺവെൻഷൻ പ്രകാരം, ഇറാന്റെ തീരത്തുനിന്നുള്ള 12 നോട്ടിക്കൽ മൈൽ പരിധിയിലെ കടൽത്തീരത്തും അടിത്തട്ടിലും രാജ്യത്തിന് പൂർണ്ണ പരമാധികാരമുണ്ട്. ഹോർമുസ് കടലിടുക്കിന്റെ ആകെ വീതി 21 നോട്ടിക്കൽ മൈൽ മാത്രമായതിനാൽ, ഇവിടെ സ്വതന്ത്ര ജലാശയങ്ങളോ പ്രത്യേക സാമ്പത്തിക മേഖലകളോ ഇല്ല. ഇവിടുത്തെ മുഴുവൻ കടൽത്തീരവും വ്യോമമേഖലയും ഇറാന്റെയും ഒമാന്റെയും പ്രാദേശിക ജലാധികാര പരിധിയിൽ മാത്രമാണ് വരുന്നത്. കപ്പലുകൾക്കും വിമാനങ്ങൾക്കുമുള്ള സാധാരണ ട്രാൻസിറ്റ് പാത എന്ന ആനുകൂല്യം കടലിടുക്കിന്റെ അടിത്തട്ടിൽ സ്ഥിരമായി സ്ഥാപിച്ചിട്ടുള്ള കേബിളുകൾക്ക് ബാധകമല്ലെന്നാണ് ഇറാന്റെ നിയമസംഘത്തിന്റെ വാദം. അതിനാൽ ഇവ പൂർണ്ണമായും ഇറാന്റെ അനുമതിക്കും മേൽനോട്ടത്തിനും വിധേയമായിരിക്കണം.
ഈ പുതിയ വ്യാഖ്യാനം യാഥാർഥ്യമായാൽ, ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന ഗൂഗിൾ, മൈക്രോസോഫ്റ്റ്, ആമസോൺ, മെറ്റ തുടങ്ങിയ അന്താരാഷ്ട്ര കമ്പനികളുടെ ഇന്റർനെറ്റ് കേബിളുകളുടെ ഓരോ കിലോമീറ്ററിനും ഇറാന്റെ പ്രത്യേക അനുമതി ആവശ്യമായി വരും. മറ്റ് രാജ്യങ്ങൾ തങ്ങളുടെ ഭൂപ്രദേശത്തിലൂടെ കടന്നുപോകുന്ന സാങ്കേതിക സംവിധാനങ്ങളെ നിയന്ത്രിക്കുന്നതുപോലെ, ഈ കേബിളുകളും ഇറാന്റെ സുരക്ഷാ മേൽനോട്ടത്തിന് കീഴിലാകുകയും ഇറാന് പരമാധികാര ഫീസ് നൽകേണ്ടി വരികയും ചെയ്യും. കൂടാതെ നാവിഗേഷൻ സുരക്ഷ, സമുദ്ര പരിസ്ഥിതി സംരക്ഷണം, വിദേശ അറ്റകുറ്റപ്പണി കമ്പനികളെ തങ്ങളുടെ പ്രാദേശിക തൊഴിലാളികളുമായി ബന്ധിപ്പിക്കൽ തുടങ്ങിയ സേവനങ്ങളുടെ പേരിൽ അധിക ഫീസ് ഈടാക്കാനും ഇറാൻ പദ്ധതിയിടുന്നുണ്ട്.
ഹോർമുസ് കടലിടുക്കിന്റെ തീരദേശ രാജ്യമെന്ന പദവി ഉപയോഗിച്ച്, തങ്ങളുടെ പരമാധികാരം ലംഘിക്കുന്ന ഏതൊരു വസ്തുവിനെയും പോലെ ഈ അന്തർവാഹിനി കേബിളുകളെയും കൈകാര്യം ചെയ്യാൻ ഇറാന് സാധിക്കുമെന്ന് ഫാർസ് ന്യൂസ് ഏജൻസിയുടെ വിശകലനത്തിൽ പറയുന്നു. അന്താരാഷ്ട്ര തലത്തിലുള്ള തന്ത്രപരമായ ചർച്ചകൾക്കും സാമ്പത്തിക നേട്ടങ്ങൾക്കുമായി ഈ ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങളെ ഒരു ഉപകരണമായി ഉപയോഗിക്കാനാണ് ഇറാന്റെ നീക്കം. ഈ കേബിളുകളുടെ സുഗമമായ പ്രവർത്തനത്തിന് ഇറാൻ സർക്കാരിന്റെ അംഗീകാരം വാങ്ങുകയും, രാജ്യത്തെ നിയമ വ്യവസ്ഥയ്ക്ക് അനുസൃതമായി സഹകരണ-പരിപാലന കരാറുകളിൽ ഒപ്പുവെക്കുകയും ചെയ്യേണ്ടത് അനിവാര്യമാണെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.



