തെഹ്‌റാന്‍ – തങ്ങളുടെ തീരപ്രദേശങ്ങളോ തെക്കൻ ദ്വീപുകളോ ആക്രമിക്കപ്പെട്ടാൽ ഹുർമുസ് കടലിടുക്കിൽ മൈനുകൾ സ്ഥാപിക്കുമെന്നും ടെലികോം ലൈനുകൾ വിച്ഛേദിക്കുമെന്നും ഇറാൻ ഭീഷണി മുഴക്കി. ശനിയാഴ്ച വൈകുന്നേരം യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നൽകിയ 48 മണിക്കൂർ സമയപരിധി അവസാനിക്കാനിരിക്കെയാണ് ഇറാന്റെ ഭാഗത്തുനിന്നുള്ള പ്രകോപനം ശക്തമായത്. യുദ്ധത്തിൽ ഭാഗമല്ലാത്ത രാജ്യങ്ങൾ ഹുർമുസ് കടലിടുക്ക് വഴി കടന്നുപോകണമെങ്കിൽ ഇറാനുമായി ഏകോപനം നടത്തണമെന്നും, പ്രധാന എണ്ണ കയറ്റുമതി കേന്ദ്രമായ ഖാർഗ് ദ്വീപ് പിടിച്ചെടുക്കാനോ ഉപരോധിക്കാനോ ഉള്ള നീക്കമുണ്ടായാൽ കർശനമായ പ്രതിരോധം തീർക്കുമെന്നും ഇറാൻ പ്രതിരോധ കൗൺസിൽ പ്രസ്താവനയിലൂടെ വ്യക്തമാക്കി.
ഊർജ വിതരണ ശൃംഖലകൾക്കും വൈദ്യുതി നിലയങ്ങൾക്കും നേരെയുള്ള ഏതൊരു നീക്കത്തിനും വിനാശകരമായ രീതിയിൽ തിരിച്ചടി നൽകാൻ തങ്ങൾ പ്രതിജ്ഞാബദ്ധമാണെന്ന് ഇറാൻ സൈന്യം മുന്നറിയിപ്പ് നൽകി. തങ്ങളുടെ പവർ ഗ്രിഡുകൾ ആക്രമിക്കപ്പെട്ടാൽ മേഖലയിലെ മറ്റ് രാജ്യങ്ങളിലെ പവർ ഗ്രിഡുകളും ഇസ്രായേലിലെ വൈദ്യുതി നിലയങ്ങളും ലക്ഷ്യമിടുമെന്ന് റെവല്യൂഷണറി ഗാർഡ് അറിയിച്ചു. യുഎസ് താവളങ്ങളിലേക്ക് വൈദ്യുതി എത്തിക്കുന്ന കേന്ദ്രങ്ങളും തങ്ങളുടെ പരിധിയിലാണെന്ന് സൈന്യം ഓർമ്മിപ്പിച്ചു. എന്നാൽ ഇറാന്റെ ഇത്തരം ഭീഷണികൾ അവരുടെ നേതാക്കളുടെ നിരാശയാണ് വെളിപ്പെടുത്തുന്നതെന്ന് യുഎസ് സെൻട്രൽ കമാൻഡ് കമാൻഡർ ബ്രാഡ് കൂപ്പർ പ്രതികരിച്ചു. ഇറാന്റെ മിസൈൽ, ഡ്രോൺ ഉൽപ്പാദന ശേഷി കുറയ്ക്കാൻ യുഎസ് സൈന്യത്തിന് സാധിച്ചുവെന്നും നീക്കങ്ങൾ കൃത്യമായ ഷെഡ്യൂൾ അനുസരിച്ചാണ് മുന്നോട്ടുപോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, നിലവിലെ സാഹചര്യത്തിൽ റഷ്യയും ചൈനയും ആഗോള സമ്പദ്‌വ്യവസ്ഥയിലുണ്ടാകാൻ സാധ്യതയുള്ള പ്രത്യാഘാതങ്ങളെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചു. ഹുർമുസ് കടലിടുക്ക് അടച്ചുപൂട്ടുന്നതിനെ അനുകൂലിക്കുന്നില്ലെങ്കിലും ഇറാന്റെ സ്വയം പ്രതിരോധിക്കാനുള്ള അവകാശത്തെ മാനിക്കുന്നുവെന്ന് റഷ്യൻ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി ആൻഡ്രി റുഡെൻകോ പറഞ്ഞു. മിഡിൽ ഈസ്റ്റിലെ മൊത്തത്തിലുള്ള സാഹചര്യം കണക്കിലെടുത്ത് വേണം ഇറാന്റെ നീക്കങ്ങളെ വിലയിരുത്താനെന്നും അദ്ദേഹം നിരീക്ഷിച്ചു. ലോകത്തെ എണ്ണ-വാതക കയറ്റുമതിയുടെ വലിയൊരു ഭാഗം കടന്നുപോകുന്ന പാത തുറക്കാൻ ട്രംപ് നൽകിയ അന്ത്യശാസനത്തിന് മറുപടിയുമായി ഇറാന്റെ വിദേശകാര്യമന്ത്രി അബ്ബാസ് അറാഖ്ജിയും രംഗത്തെത്തി. തങ്ങൾ കടലിടുക്ക് അടച്ചിട്ടില്ലെന്നും യുഎസും ഇസ്രായേലും തുടങ്ങിയ യുദ്ധം കാരണം കപ്പലുകൾ വരാൻ ഭയപ്പെടുകയാണെന്നുമാണ് അദ്ദേഹത്തിന്റെ വാദം.



