തെഹ്‌റാന്‍ – യുദ്ധം അവസാനിപ്പിക്കാൻ 48 മണിക്കൂറിനുള്ളിൽ കരാറിലെത്തിയില്ലെങ്കിൽ ഇറാനിലെ പ്രധാന അടിസ്ഥാന സൗകര്യങ്ങൾ തകർക്കുമെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അന്ത്യശാസനത്തെ ഇറാൻ സൈന്യം തള്ളിക്കളഞ്ഞു. ട്രംപിന്റെ ഭീഷണി മണ്ടത്തരവും അസന്തുലിതവുമായ പ്രവൃത്തിയാണെന്ന് ഇറാൻ സുപ്രീം മിലിട്ടറി കമാൻഡ് കമാൻഡർ മേജർ ജനറൽ അലി അബ്ദുല്ല അലിയാബാദി പരിഹസിച്ചു. ഇറാനുമേൽ നരകം പതിക്കാൻ 48 മണിക്കൂർ മാത്രമേയുള്ളൂ എന്ന ട്രംപിന്റെ പരാമർശത്തിന്, നരകത്തിന്റെ വാതിലുകൾ അമേരിക്കയ്ക്കായി തുറക്കപ്പെടുമെന്നാണ് ഇറാൻ മറുപടി നൽകിയത്. ഒരു മാസത്തിലേറെയായി തുടരുന്ന യുദ്ധം അവസാനിപ്പിക്കാനോ ഹുർമുസ് കടലിടുക്ക് തുറക്കാനോ ഇറാന് നൽകിയ സമയം അവസാനിക്കുകയാണെന്നും ഏപ്രിൽ 6-നകം വഴങ്ങിയില്ലെങ്കിൽ വൈദ്യുതി നിലയങ്ങൾ തകർക്കുമെന്നും ട്രംപ് തന്റെ ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിലൂടെ ആവർത്തിച്ചിരുന്നു.
അതേസമയം, ഇറാനിലെ ബൂഷെഹർ ആണവ നിലയത്തിന് സമീപം ശനിയാഴ്ചയും യുഎസ്-ഇസ്രായേൽ ആക്രമണങ്ങൾ തുടർന്നു. ഈ ആക്രമണത്തിൽ ഒരു സുരക്ഷാ ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടെങ്കിലും ആണവ നിലയത്തിന് നാശനഷ്ടങ്ങൾ സംഭവിച്ചിട്ടില്ലെന്നും റേഡിയേഷൻ ചോർച്ചയില്ലെന്നും അന്താരാഷ്ട്ര ആണവോർജ ഏജൻസി സ്ഥിരീകരിച്ചു. എന്നാൽ, പ്ലാന്റിന് നേരെയുള്ള ഏതൊരു നേരിട്ടുള്ള ആക്രമണവും ഗൾഫ് രാജ്യങ്ങളെ ബാധിക്കുന്ന റേഡിയോ ആക്ടീവ് ദുരന്തങ്ങൾക്ക് കാരണമാകുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഖ്ജി മുന്നറിയിപ്പ് നൽകി. പ്ലാന്റ് നിർമ്മാണത്തിൽ പങ്കാളികളായ റഷ്യ ഈ ആക്രമണങ്ങളെ ശക്തമായി അപലപിക്കുകയും തങ്ങളുടെ 198 ജീവനക്കാരെ അടിയന്തരമായി അവിടെ നിന്ന് ഒഴിപ്പിക്കുകയും ചെയ്തു.
വ്യോമയുദ്ധത്തിനിടെ തങ്ങളുടെ രണ്ട് യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ടതായി ഇറാൻ സൈന്യം അവകാശപ്പെട്ടു. ഒരു എഫ്-15 ഈഗിൾ വിമാനവും എ-10 വിമാനവുമാണ് തകർക്കപ്പെട്ടത്. എ-10 വിമാനത്തിലെ പൈലറ്റ് രക്ഷപ്പെട്ടു. തകർന്ന എഫ്-15 വിമാനത്തിലെ രണ്ട് പൈലറ്റുമാരിൽ ഒരാളെ യുഎസ് പ്രത്യേക സേന സാഹസികമായി രക്ഷപ്പെടുത്തിയെങ്കിലും രണ്ടാമത്തെയാളുടെ കാര്യത്തിൽ വ്യക്തതയില്ല. ഇറാൻ ആകാശത്ത് അമേരിക്ക ആധിപത്യം സ്ഥാപിച്ചെന്ന അവകാശവാദങ്ങൾക്കിടെ വിമാനം വെടിവെച്ചിട്ടത് അമേരിക്കയ്ക്ക് വലിയ തിരിച്ചടിയായി. എന്നാൽ ഈ സംഭവങ്ങൾ സമാധാന ചർച്ചകളെ ബാധിക്കില്ലെന്ന് ട്രംപ് വ്യക്തമാക്കി. യുദ്ധം തുടങ്ങിയ ശേഷം ഇറാനിൽ വച്ച് യുഎസ് സൈനികർ ആരും കൊല്ലപ്പെട്ടിട്ടില്ലെങ്കിലും മേഖലയിലെ മറ്റ് കേന്ദ്രങ്ങളിലായി 13 സൈനികർക്ക് ജീവൻ നഷ്ടപ്പെട്ടിട്ടുണ്ട്.
ആണവ നിലയത്തിന് പുറമെ തെക്കുപടിഞ്ഞാറൻ ഇറാനിലെ മഹ്ഷഹറിലുള്ള പെട്രോകെമിക്കൽ സമുച്ചയത്തിനും ബന്ദർ ഖമീറിലെ സിമന്റ് ഫാക്ടറിക്കും നേരെ ശനിയാഴ്ച ആക്രമണങ്ങളുണ്ടായി. പെട്രോകെമിക്കൽ മേഖലയിലെ ചില കമ്പനികൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. മിഡിൽ ഈസ്റ്റിലെ ഈ സാഹചര്യം അതീവ ഗുരുതരമായ പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നതെന്ന് തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ നാറ്റോ സെക്രട്ടറി ജനറലുമായി നടത്തിയ ചർച്ചയിൽ ആശങ്ക പ്രകടിപ്പിച്ചു. നിലവിൽ ഗൾഫ് രാജ്യങ്ങളിലേക്ക് കൂടി വ്യാപിക്കുന്ന ഈ സംഘർഷം ആഗോള സമ്പദ്‌വ്യവസ്ഥയെ വലിയ തോതിൽ ബാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.



