പാരീസ് – ഇറാൻ, അമേരിക്ക, ഇസ്രായേൽ എന്നിവർ തമ്മിലുള്ള യുദ്ധസാഹചര്യം ലോകത്തെ ചരിത്രത്തിലെ ഏറ്റവും വലിയ ഊർജ്ജ പ്രതിസന്ധിയിലേക്ക് നയിച്ചിരിക്കുകയാണെന്ന് ഇന്റർനാഷണൽ എനർജി ഏജൻസി (ഐ.ഇ.എ) ഡയറക്ടർ ഫാത്തിഹ് ബിറോൾ മുന്നറിയിപ്പ് നൽകി. മുൻപുണ്ടായ എണ്ണ പ്രതിസന്ധികളെക്കാൾ ഗുരുതരമാണ് ഇപ്പോഴത്തെ സാഹചര്യമെന്ന് അദ്ദേഹം പാരീസിൽ പറഞ്ഞു. റഷ്യയുമായി ബന്ധപ്പെട്ട വാതക പ്രതിസന്ധിയും മിഡിൽ ഈസ്റ്റിലെ എണ്ണ വിതരണ തടസ്സങ്ങളും ഒരേസമയം വന്നതാണ് ഈ ആഘാതത്തിന് കാരണം. ലോകത്തിലെ എണ്ണയുടെയും പ്രകൃതിവാതകത്തിന്റെയും അഞ്ചിലൊന്ന് ഭാഗം കടന്നുപോകുന്ന ഹുർമുസ് കടലിടുക്കിലെ ഗതാഗത തടസ്സങ്ങൾ സ്ഥിതിഗതികൾ കൂടുതൽ വഷളാക്കിയിരിക്കുകയാണ്.
നിലവിലെ യുദ്ധം ഫ്രാൻസിന്റെ സമ്പദ്‌വ്യവസ്ഥയെയും കാര്യമായി ബാധിച്ചിട്ടുണ്ട്. ഊർജ്ജ വിപണിയിലെ തകർച്ച മൂലം ഏകദേശം 4 മുതൽ 6 ബില്യൺ യൂറോ വരെയാണ് ഫ്രാൻസിന് ഇതുവരെ ഉണ്ടായ നഷ്ടമെന്ന് സാമ്പത്തികകാര്യ മന്ത്രി റോളണ്ട് ലെസ്‌ക്യൂർ വ്യക്തമാക്കി. സർക്കാർ കടം തിരിച്ചടയ്ക്കുന്നതിനുള്ള ചിലവ് വർധിച്ചതും രാജ്യത്തിന് തിരിച്ചടിയായി. സാമ്പത്തിക പ്രത്യാഘാതങ്ങൾ മറികടക്കാൻ സർക്കാർ ചിലവ് വെട്ടിക്കുറയ്ക്കുന്ന നടപടികളിലേക്ക് നീങ്ങുമെന്നും മന്ത്രി അറിയിച്ചു.
അതേസമയം, വർധിച്ചുവരുന്ന ഊർജ്ജ വിലയിൽ വലയുന്ന സാധാരണക്കാർക്ക് ആശ്വാസം നൽകുന്ന പ്രഖ്യാപനങ്ങൾ ഉടൻ ഉണ്ടാകുമെന്നാണ് സൂചന. ഉപഭോക്താക്കളെ സഹായിക്കുന്നതിനുള്ള പ്രത്യേക പദ്ധതികൾ ഫ്രഞ്ച് പ്രധാനമന്ത്രി സെബാസ്റ്റ്യൻ ലെകോർനു ചൊവ്വാഴ്ച വൈകുന്നേരം പ്രഖ്യാപിക്കും. ലോകമെമ്പാടും ഊർജ്ജ വിതരണത്തിലും വിലയിലും വലിയ മാറ്റങ്ങൾ സംഭവിക്കുന്ന സാഹചര്യത്തിൽ വിപണികൾ വലിയ സമ്മർദ്ദത്തിലൂടെയാണ് കടന്നുപോകുന്നത്.



