കൊല്‍ക്കത്ത: ഈഡന്‍ ഗാര്‍ഡനില്‍ കൊല്‍ത്തക്കയെ തറപറ്റിച്ച് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്. അവസാന നിമിഷം വരെ നാടകീയത നിറഞ്ഞ മത്സരത്തില്‍ നാല് റണ്‍സിനാണ് ലഖ്‌നൗ വിജയം. മിച്ചല്‍ മാര്‍ഷിന്റെയും നിക്കോളാസ് പൂരാന്റെയും വെടിക്കെട്ട് അര്‍ധസെഞ്ച്വറികളാണ് ഋഷഭ് പന്തിനെയും സംഘത്തെയും തുണച്ചത്. മാര്‍ഷ് 48 പന്തില്‍ 81 റണ്‍സെടുത്ത് പുറത്തായപ്പോള്‍, പൂരാന്‍ 87 റണ്‍സുമായി പുറത്താകാതെ നിന്നു.
ലഖ്‌നൗ ഉയര്‍ത്തിയ 235 എന്ന ഭീമന്‍ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ കൊല്‍ക്കത്ത സംഘം അവസാന ഓവര്‍ വരെ പോരാടി നോക്കിയെങ്കിലും ലക്ഷ്യത്തിനരികെ വീഴുകയായിരുന്നു. പവര്‍പ്ലേയില്‍ ക്വിന്റന്‍ ഡീകോക്കും സുനില്‍ നരൈനും ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെയും നല്‍കിയ മികച്ച തുടക്കമാണ് പിന്നീടു വന്നവര്‍ക്കു പോരാടി നോക്കാനുള്ള അവസരം നല്‍കിയത്. പവര്‍ പ്ലേയില്‍ 90 റണ്‍സാണ് ആതിഥേയര്‍ അടിച്ചൂകൂട്ടിയത്.
ഡീകോക്കിനെ മൂന്നാം ഓവറില്‍ ആകാശ് ദ്വീപ് വിക്കറ്റിനു മുന്നില്‍ കുരുക്കുകയായിരുന്നു. പിന്നീടങ്ങോട്ട് ക്യാപ്റ്റനെ കൂട്ടുപിടിച്ച് വെടിക്കെട്ട് തുടരുകയായിരുന്നു നരൈന്‍. പവര്‍പ്ലേ കഴിഞ്ഞയുടന്‍ പക്ഷേ നരൈന്റെ ആക്രമണവും അവസാനിച്ചു. ദിഗ്വേഷ് റാത്തിയുടെ പന്തില്‍ മാര്‍ക്രാമിനു ക്യാച്ച് നല്‍കി മടങ്ങുമ്പോള്‍ 13 പന്തില്‍ 30 റണ്‍സ് അടിച്ചെടുത്തിരുന്നു നരൈന്‍.
പിന്നീട് വെങ്കിടേഷ് അയ്യരും രഹാനെയും ടീം സ്‌കോറിനു വേഗം കൂട്ടി. അര്‍ധസെഞ്ച്വറിക്കു പിന്നാലെ പക്ഷേ നായകനും വീണു. തുടരെ അഞ്ച് വൈഡ് എറിഞ്ഞ ഷര്‍ദുല്‍ താക്കൂറിന്റെ ഓവറില്‍ തന്നെ പൂരാന് അനായാസ ക്യാച്ച് നല്‍കി രഹാനെ മടങ്ങി. 35 പന്തില്‍ എട്ട് ബൗണ്ടറിയും രണ്ട് സിക്‌സറും സഹിതം 61 റണ്‍സെടുത്താണ് താരം മടങ്ങിയത്.
പിന്നീട് വന്നവര്‍ ഒന്നിനു പിറകെ ഒന്നായി കൂടാരം കയറി. ഒടുവില്‍ അര്‍ധ സെഞ്ച്വറിക്ക് അഞ്ച് റണ്‍സകലെ അയ്യരും പോരാട്ടം അവസാനിപ്പിച്ചു മടങ്ങി. 29 പന്തില്‍ ആറ് ഫോറും ഒരു സിക്‌സറും സഹിതമാണ് താരം 45 റണ്‍സെടുത്തത്. ഇതോടെ മത്സരത്തിലേക്കു തിരിച്ചെത്തിയ ലഖ്‌നൗ റിങ്കു സിങ്ങിന്റെ വരവോടെയാണ് ഒന്നു പകച്ചത്. അവസാന ഓവറുകളില്‍ റിങ്കു സിങ് നടത്തിയ വെടിക്കെട്ടു പ്രകടനമാണ് ടീമിനെ വിജയത്തിനരികിലെത്തിച്ചത്. അവസാന ഓവറില്‍ ജയിക്കാന്‍ വേണ്ടത് 24 റണ്‍സായിരുന്നു. എന്നാല്‍, അവസാന ഓവര്‍ എറിഞ്ഞ രവി ബിഷ്‌ണോയിയുടെ പരിചയസമ്പത്തിനു മുന്നില്‍ മറ്റൊരു അത്ഭുതം കാണിക്കാനാകാതെ റിങ്കു തലതാഴ്ത്തി മടങ്ങി.
നേരത്തെ, ടോസ് ലഭിച്ച കൊല്‍ക്കത്ത നായകന്‍ അജിങ്ക്യ രഹാനെ സന്ദര്‍ശകരെ ബാറ്റിനയയ്ക്കുകയായിരുന്നു. എന്നാല്‍, രഹാനെയുടെ കണക്കുകൂട്ടലുകള്‍ പിഴയ്ക്കുന്നതാണ് ഗ്രൗണ്ടില്‍ കണ്ടത്. ലഖ്‌നൗ ഓപണര്‍മാരായ ഐഡന്‍ മാര്‍ക്രാമും മിച്ചല്‍ മാര്‍ഷും കൊല്‍ക്കത്ത ബൗളര്‍മാരെ ഗ്രൗണ്ടിന്റെ നാലുപാടും പറത്തുന്ന കാഴ്ചയായിരുന്നു പിന്നീട് അവിടെ. പവര്‍പ്ലേ തൊട്ട് രണ്ടുപേരും തകര്‍ത്തടിച്ചു കളിച്ചതോടെ രഹാനെയ്ക്കു തലയില്‍ കൈവയ്‌ക്കേണ്ടവന്നു. ബൗളര്‍മാരെ മാറ്റിമാറ്റി പരീക്ഷിച്ചിട്ടും രക്ഷയുണ്ടായില്ല. പവര്‍പ്ലേയില്‍ 59 റണ്‍സാണ് ഓപണര്‍മാര്‍ അടിച്ചെടുത്തത്.
പവര്‍പ്ലേ കഴിഞ്ഞതോടെ രണ്ടുപേരും ആക്രമണം കടുപ്പിക്കുന്നതാണു കണ്ടത്. സ്പിന്നര്‍മാരെയും പേസര്‍മാരെയും മാറ്റിമാറ്റികൊണ്ടുവന്നു കൊല്‍ക്കത്ത നായകന്‍. ഒടുവില്‍ 11-ാം ഓവറിലാണ് കൊല്‍ക്കത്ത ക്യാംപില്‍ ശ്വാസം നേരെ വീണത്. ഹാഫ് സെഞ്ച്വറിക്കു തൊട്ടരികെ മാര്‍ക്രാം വീണു. ഹര്‍ഷിത് റാണയുടെ മനോഹരമായ പന്തില്‍ ക്ലീന്‍ബൗള്‍ഡ്. 28 പന്ത് നേരിട്ട് നാല് ഫോറും രണ്ടു സിക്‌സറും പറത്തി 47 റണ്‍സുമായായിരുന്നു മാര്‍ക്രാം മടങ്ങിയത്.
പിന്നീടങ്ങോട്ട് മാര്‍ഷും പൂരനും ചേര്‍ന്നുള്ള പൊടിപൂരമായിരുന്നു. ചെറിയ ബൗണ്ടറിയില്‍ തൊട്ടതെല്ലാം ഗാലറിയിലേക്കു പറന്നു. സെഞ്ച്വറിയിലേക്കുള്ള കുതിപ്പിനിടെ മാര്‍ഷ് വീണു. ആേ്രന്ദ റസലിനെ കൊണ്ടുവന്നുള്ള രഹാനെയുടെ പരീക്ഷണമാണ് ഇത്തവണ വിജയിച്ചത്. കൂറ്റനടിക്കുള്ള ശ്രമത്തില്‍ ഡീപ് പോയിന്റില്‍ റിങ്കു സിങ്ങിനു ക്യാച്ച് നല്‍കി മടങ്ങുമ്പോള്‍ 81 റണ്‍സായിരുന്നു താരത്തിന്റെ സമ്പാദ്യം. അഞ്ച് സിക്‌സറും ആറ് ഫോറും ആ ഇന്നിങ്‌സിന് അകമ്പടിയേകി. പിന്നീട് വന്നവര്‍ക്കൊന്നും കാര്യമായൊന്നും ചെയ്യാനായില്ലെങ്കിലും മറുവശത്ത് വെടിക്കെട്ട് തുടര്‍ന്ന പൂരാന്‍ ടീം ടോട്ടല്‍ 238ലെത്തിച്ചു. 36 പന്തില്‍ ഏഴ് ബൗണ്ടറിയും എട്ട് സിക്‌സറും പറത്തി 87 റണ്‍സെടുത്താണ്‍ താരം പുറത്താകാതെ നിന്നത്.