മുംബൈ/ന്യൂദൽഹി: മുംബൈയിലെ നേവൽ ഡോക്ക് യാർഡിൽ അറ്റകുറ്റപ്പണി നടത്തികൊണ്ടിരുന്ന ഇന്ത്യൻ നാവികസേനയുടെ യുദ്ധക്കപ്പലിന് തീപിടിച്ചു. ഒരു ജൂനിയർ നാവികനെ കാണാതായയി. ഇദ്ദേഹത്തിന് വേണ്ടി തിരച്ചിൽ തുടരുകയാണെന്ന് നാവികസേന അറിയിച്ചു.
ഐഎൻഎസ് ബ്രഹ്മപുത്രക്ക് ഞായറാഴ്ച വൈകുന്നേരം മുംബൈ നേവൽ ഡോക്ക് യാർഡിൽ അറ്റകുറ്റ പണി നടത്തുന്നതിനിടെ തീപിടിത്തമുണ്ടാകുയായിരുന്നുവെന്ന് നാവികസേന അറിയിച്ചു. തിങ്കളാഴ്‌ച രാവിലെയോടെ മുംബൈയിലെ നേവൽ ഡോക്ക്‌യാർഡിലെയും തുറമുഖത്തുള്ള മറ്റ് കപ്പലുകളിലെയും അഗ്നിശമന സേനാംഗങ്ങളുടെ സഹായത്തോടെ ജീവനക്കാർ തീ നിയന്ത്രണവിധേയമാക്കിയെന്ന് നാവികസേന പ്രസ്താവനയിൽ പറഞ്ഞു.
എന്നാൽ കപ്പലിനെ നിവർത്താനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടതായി നാവികസേന വ്യക്തമാക്കി. അപകടത്തെക്കുറിച്ച് അന്വേഷിക്കാൻ ഇന്ത്യൻ നേവി അന്വേഷണത്തിന് ഉത്തരവിട്ടു. തദ്ദേശീയമായി നിർമ്മിച്ച ‘ബ്രഹ്മപുത്ര’ ക്ലാസ് ഗൈഡഡ് മിസൈൽ ഫ്രിഗേറ്റിൽ ആദ്യത്തേതാണ് ഐഎൻഎസ് ബ്രഹ്മപുത്ര. 2000 ഏപ്രിലിൽ ഇത് ഇന്ത്യൻ നാവികസേനയിൽ കമ്മീഷൻ ചെയ്യപ്പെട്ടു. 40 ഉദ്യോഗസ്ഥരും 330 നാവികരും അടങ്ങുന്ന സംഘമാണ് കപ്പൽ കൈകാര്യം ചെയ്യുന്നത്.
മീഡിയം റേഞ്ച്, ക്ലോസ് റേഞ്ച്, ആൻ്റി-എയർക്രാഫ്റ്റ് തോക്കുകൾ, ഉപരിതലത്തിൽ നിന്ന് വായുവിലേക്ക് മിസൈലുകൾ, ടോർപ്പിഡോ ലോഞ്ചറുകൾ എന്നിവ തൊടുത്തുവിടാൻ സജ്ജമായ യുദ്ധ കപ്പലാണിത്.