വിമാനക്കമ്പനികള്‍ക്കുള്ള ഇന്ത്യയുടെ പുതിയ യാത്രാ നിയമം ഗള്‍ഫ് യാത്രക്കാരെ ബാധിക്കും
ജിദ്ദ – ഇന്ത്യയിലേക്കും പുറത്തേക്കും അന്താരാഷ്ട്ര സര്‍വീസുകള്‍ നടത്തുന്ന മുഴുവന്‍ വിമാന കമ്പനികളും യാത്രക്കാരുടെ വിശദ വിവരങ്ങള്‍ കസ്റ്റംസ് അധികൃതരുമായി മുന്‍കൂട്ടി പങ്കുവെക്കല്‍ നിര്‍ബന്ധമാക്കുന്ന ഇന്ത്യയുടെ പുതിയ നിയമം ഗള്‍ഫ് യാത്രക്കാരെ ബാധിക്കുമെന്ന് വിലയിരുത്തൽ. 2025 ഏപ്രില്‍ ഒന്നു മുതല്‍ വിമാന കമ്പനികള്‍ യാത്രക്കാരുടെ വിവരങ്ങള്‍ മുന്‍കൂട്ടി പങ്കുവെക്കുന്നത് നിര്‍ബന്ധമാക്കുമെന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡയറക്ട് ടാക്സസ് ആന്റ് കസ്റ്റംസ് അറിയിച്ചു. ഇത് പാലിക്കാത്ത വിമാന കമ്പനികള്‍ക്ക് ഓരോ കേസിലും 25,000 രൂപ മുതല്‍ 50,000 രൂപ വരെ പിഴ ചുമത്തുമെന്ന് സി.ബി.ഐ.സി വ്യക്തമാക്കി. 2022 ഓഗസ്റ്റ് എട്ടിന് പുറപ്പെടുവിച്ച ‘പാസഞ്ചര്‍ നെയിം റെക്കോര്‍ഡ് ഇന്‍ഫര്‍മേഷന്‍ റെഗുലേഷന്‍സ്- 2022’ പ്രകാരം വിമാന കമ്പനികള്‍ 2025 ജനുവരി പത്തിനകം നാഷണല്‍ കസ്റ്റംസ് ടാര്‍ഗെറ്റിംഗ് സെന്റര്‍-പാസഞ്ചറില്‍ (എന്‍.സി.ടി.സി-പാക്‌സ്) രജിസ്റ്റര്‍ ചെയ്യല്‍ നിര്‍ബന്ധമാണ്.
ഒരു അന്താരാഷ്ട്ര വിമാന സര്‍വീസ് പുറപ്പെടുന്നതിന് ഇരുപത്തിനാലു മണിക്കൂര്‍ മുമ്പു മുതല്‍ പുറപ്പെടുന്ന സമയത്തിനകം മൊബൈല്‍ ഫോണ്‍ നമ്പര്‍, പേയ്മെന്റ് രീതി മുതല്‍ യാത്രാ വിവരണം വരെയുള്ള യാത്രക്കാരുടെ വിശദാംശങ്ങള്‍ അധികാരികളുമായി പങ്കുവെക്കേതുണ്ട്. ഇന്ത്യയിലേക്ക് വരുന്ന അന്താരാഷ്ട്ര വിമാന സര്‍വീസുകളിലെയും ഇന്ത്യയില്‍ നിന്ന് പുറത്തുപോകുന്ന സര്‍വീസുകളിലെയും യാത്രക്കാരന്റെ പേര്, ബില്ലിംഗ്/പേയ്‌മെന്റ് വിവരങ്ങള്‍ (ക്രെഡിറ്റ് കാര്‍ഡ് നമ്പര്‍), ടിക്കറ്റ് ഇഷ്യൂ ചെയ്ത തീയതി, ഉദ്ദേശിച്ച യാത്ര, അതേ പി.എന്‍.ആറിലെ മറ്റു യാത്രക്കാരുടെ പേരുകള്‍, പി.എന്‍.ആറിലെ യാത്രാ വിശദാംശങ്ങള്‍ എന്നിവ വിമാന കമ്പനികള്‍ കസ്റ്റംസ് അധികൃതരുമായി പങ്കിടണം.
ഇ-മെയില്‍ ഐ.ഡിയും മൊബൈല്‍ നമ്പറും പോലുള്ള കോണ്‍ടാക്റ്റ് വിശദാംശങ്ങള്‍ക്കു പുറമെ ട്രാവല്‍ ഏജന്‍സി വിശദാംശങ്ങള്‍, യാത്രക്കാരന്റെ ബാഗേജ് വിവരങ്ങള്‍, കോഡ്‌ഷെയര്‍ വിവരങ്ങള്‍ (ഒരു എയര്‍ലൈന്‍ മറ്റൊരു വിമാന കമ്പനിയുടെ സീറ്റുകള്‍ വില്‍ക്കുമ്പോള്‍) വിമാന കമ്പനികള്‍ എന്‍.സി.ടി.സി-പാക്‌സുമായി പങ്കുവെക്കല്‍ നിര്‍ബന്ധമാണ്. അപകടസാധ്യത വിശകലനവും അതിര്‍ത്തി സുരക്ഷയും ശക്തിപ്പെടുത്താനാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് അധികൃതര്‍ പറയുന്നു.
പുതിയ നിയമം നടപ്പാക്കാനുള്ള സംവിധാനം എന്‍.സി.ടി.സി-പാക്സ് വികസിപ്പിച്ചുവരികയാണെന്ന് കഴിഞ്ഞയാഴ്ച പുറത്തിറക്കിയ ഒരു പത്രക്കുറിപ്പില്‍ സി.ബി.ഐ.സി പറഞ്ഞു.
പങ്കാളിത്തത്തിന് താല്‍പര്യം പ്രകടിപ്പിച്ച ചില വിമാന കമ്പനികളുമായി സഹകരിച്ച് യാത്രക്കാരുടെ ആവശ്യമായ വിവരങ്ങള്‍ ശേഖരിക്കാന്‍ ‘പി.എന്‍.ആര്‍.ജി.ഒ.വി’ സംവിധാനം പൈലറ്റ് അടിസ്ഥാനത്തില്‍ നടപ്പാക്കുമെന്ന് കസ്റ്റംസ് വകുപ്പ് അറിയിച്ചു. പൈലറ്റ് ഘട്ടം 2025 ഫെബ്രുവരി പത്തിനകം നടപ്പാക്കാനാണ് പദ്ധതി. അതിനുശേഷം 2025 ഏപ്രില്‍ ഒന്നു മുതല്‍ വ്യക്തിഗത എയര്‍ലൈനുകള്‍ക്കും 2025 ജൂണ്‍ ഒന്നു മുതല്‍ ജി.ഡി.എസ് (ഗ്ലോബല്‍ ഡിസ്ട്രിബ്യൂഷന്‍ സിസ്റ്റം) വഴി പ്രവര്‍ത്തിക്കുന്ന വിമാന കമ്പനികള്‍ക്കും പൂര്‍ണ തോതില്‍ പദ്ധതി ബാധകമാക്കുമെന്ന് സി.ബി.ഐ.സി വിശദീകരിച്ചു.
പേരുകള്‍, ബന്ധപ്പെടാനുള്ള വിശദാംശങ്ങള്‍, യാത്രാവിവരങ്ങള്‍ തുടങ്ങിയ ഡാറ്റ സുരക്ഷിതമായി കൈകാര്യം ചെയ്യുന്നതിലൂടെ വിമാനക്കമ്പനികള്‍ യാത്രക്കാരുടെ സ്വകാര്യത ഉറപ്പാക്കണമെന്ന് പുതിയ നിയന്ത്രണങ്ങള്‍ നിര്‍ബന്ധമാക്കുന്നു. വംശം, മതം, രാഷ്ട്രീയ വീക്ഷണങ്ങള്‍, ആരോഗ്യ വിശദാംശങ്ങള്‍ എന്നിവ ഉള്‍പ്പെടെയുള്ള സെന്‍സിറ്റീവ് വിവരങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് വിലക്കുണ്ട്. ഈ ഡാറ്റയുടെ സുരക്ഷിതമായ കൈകാര്യം ചെയ്യലിന് നാഷണല്‍ കസ്റ്റംസ് ടാര്‍ഗെറ്റിംഗ് സെന്റര്‍-പാസഞ്ചര്‍ മേല്‍നോട്ടം വഹിക്കും.
അംഗീകൃത വ്യക്തികള്‍ക്ക് മാത്രമേ ഇവ പരിശോധിക്കാന്‍ സാധിക്കുകയുള്ളൂ. സ്വകാര്യത കാത്തുസൂക്ഷിക്കാന്‍ ശക്തമായ നടപടികളുണ്ടാകും. യാത്രക്കാരുടെ വിവരങ്ങള്‍ അഞ്ച് വര്‍ഷം വരെ സൂക്ഷിക്കും. ഈ കാലയളവിനു ശേഷം, അന്വേഷണങ്ങള്‍ക്കോ നിയമനടപടികള്‍ക്കോ സുരക്ഷാ ഭീഷണികള്‍ക്കോ ആവശ്യമില്ലെങ്കില്‍ അവ അജ്ഞാതാവസ്ഥയിലാക്കും. എന്നാല്‍ ആവശ്യമുള്ളപ്പോള്‍ വിവരങ്ങള്‍ അനാവരണം ചെയ്യാന്‍ അധികാരികള്‍ക്ക് അനുവാദമുണ്ടാകും.