ഹൈദരാബാദ്- ബംഗ്ലാദേശിന് എതിരായ ട്വന്റി20 പരമ്പര ഇന്ത്യ തൂത്തുവാരി. പരമ്പരയിലെ അവസാന മത്സരത്തിൽ സന്ദർശകരെ 133 റൺസിന് ഇന്ത്യ തോൽപ്പിച്ചു. ഇന്ത്യ ആദ്യം ബാറ്റ് ചെയ്ത് നേടിയ 298 വിജയലക്ഷ്യം പിന്തുടർന്നെത്തിയ ബംഗ്ലാദേശ്, 164 റൺസിന് പുറത്തായി. തൗഹിദ് ഹ്രിദോയിയാണ് (63) ബംഗ്ലാദേശിന് വേണ്ടി കൂടുതൽ റൺ നേടിയത്. സെഞ്ചുറി നേടിയ സഞ്ജു സാംസണാണ് കളിയിലെ താരം.
ആദ്യ പന്തില്‍ തന്നെ പർവേസ് ഹുസൈനെ ബംഗ്ലാദേശിന് നഷ്ടമായി. മായങ്ക് യാദവിന്റെ പന്തില്‍ റിയാൻ പരാഗിന് ക്യാച്ച് നല്‍കിയാണ് പർവേസ് പുറത്തായത്. പവർപ്ലേയ്ക്കുള്ളില്‍ തന്നെ ടൻസിദ് ഹസനും (15) നായകൻ നജ്‌മുള്‍ ഷാന്റോയും (14) പുറത്തായി.
നാലാം വിക്കറ്റില്‍ ലിറ്റണ്‍ ദാസും തൗഹിദ് ഹ്രിദോയിയും ചേർന്ന് ബംഗ്ലാദേശിനെ പതിയെ തകർച്ചയിൽനിന്ന് രക്ഷിച്ചു. 53 റണ്‍സാണ് നാലാം വിക്കറ്റില്‍ സഖ്യം ചേർത്തത്. 42 റണ്‍സെടുത്ത ലിറ്റണെ രവി ബിഷ്ണോയ് പുറത്താക്കി. പിന്നീടെത്തിയ മുഹമ്മദുള്ള (8), മെഹദി ഹസൻ (3), റിഷാദ് ഹൊസൈൻ (0) എന്നിവർക്കും കാര്യമായി ഒന്നും ചെയ്യാനായില്ല. ഇന്ത്യയ്ക്കായി രവി ബിഷ്ണോയി മൂന്നും മായങ്ക് യാദവ് രണ്ടും വിക്കറ്റെടുത്തു. നിതീഷ് റെഡ്ഡി, വാഷിങ്ടണ്‍ സുന്ദർ എന്നിവർ ഓരോ വിക്കറ്റും സ്വന്തമാക്കി. മലയാളി താരം സഞ്ജു സാംസണിന്റെ സെഞ്ചുറി കരുത്തിലാണ് ഇന്ത്യ 297 റൺസ് നേടിയത്.