ന്യൂദല്‍ഹി – ഖനന മേഖലയില്‍ സഹകരണം ശക്തമാക്കുന്നതിനെയും നിക്ഷേപാവസരങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിനെയും കുറിച്ച് പ്രമുഖ ഇന്ത്യന്‍ ഖനന കമ്പനികളുമായി ചര്‍ച്ചകള്‍ നടത്തി സൗദി വ്യവസായ, ധാതുവിഭവ മന്ത്രി ബന്ദര്‍ അല്‍ഖുറൈഫ്. ഇരു രാജ്യങ്ങളിലെയും ഖനന നിക്ഷേപാവസരങ്ങള്‍, ഖനന പര്യവേക്ഷണം, നിര്‍ണായക ധാതുക്കളുടെ ഉല്‍പാദനം, സംസ്‌കരണം എന്നീ മേഖലകളില്‍ സംയുക്ത സഹകരണം വര്‍ധിപ്പിക്കല്‍, ഖനന മേഖലയിലെ വൈദഗ്ധ്യം കൈമാറ്റം ചെയ്യല്‍, അറിവും നൂതനാശയങ്ങളും കൈമാറ്റം ചെയ്യല്‍ എന്നിവ കേന്ദ്രീകരിച്ചായിരുന്നു ചര്‍ച്ചകള്‍. ലോക്കല്‍ കണ്ടന്റ് ആന്റ് ഗവണ്‍മെന്റ് പ്രൊക്യുര്‍മെന്റ് അതോറിറ്റി സി.ഇ.ഒ അബ്ദുറഹ്മാന്‍ അല്‍സമാരി, നാഷണല്‍ സെന്റര്‍ ഫോര്‍ ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്റ് സി.ഇ.ഒ എന്‍ജിനീയര്‍ സ്വാലിഹ് അല്‍സല്‍മി എന്നിവരും ചര്‍ച്ചകളില്‍ പങ്കെടുത്തു.
ചെമ്പ് ഉല്‍പാദനവുമായി ബന്ധപ്പെട്ട നിക്ഷേപാവസരങ്ങളെ കുറിച്ചും ഈ സുപ്രധാന ലോഹം വികസിപ്പിക്കുന്നതില്‍ സഹകരണത്തിന് പുതിയ ചക്രവാളങ്ങള്‍ തുറക്കുന്നതിനെ കുറിച്ചും ഇന്ത്യന്‍ കമ്പനിയായ വേദാന്തയുമായി സൗദി വ്യവസായ, ധാതുവിഭവ മന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം ചര്‍ച്ച ചെയ്തു. ഇരുമ്പ് മേഖലയിലെ മികച്ച നിക്ഷേപാവസരങ്ങളെ കുറിച്ച് ഭാരത് ഫോര്‍ജ് കമ്പനിയുമായും മന്ത്രി ചര്‍ച്ച ചെയ്തു. ചെമ്പ്, അലുമിനിയം മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആദിത്യ ബിര്‍ളയുമായുള്ള കൂടിക്കാഴ്ചയില്‍ പ്രധാനപ്പെട്ട ധാതുക്കളുടെ പര്യവേക്ഷണത്തിലും സംസ്‌കരണത്തിലും സഹകരണത്തിനുള്ള അവസരങ്ങളെ കുറിച്ച് ബന്ദര്‍ അല്‍ഖുറൈഫ് വിശകലനം ചെയ്തു.
പ്രകൃതിവിഭവങ്ങളുടെയും ധാതുസമ്പത്തിന്റെയും മേഖലകളില്‍ ഇരുവിഭാഗങ്ങളും തമ്മിലുള്ള സംയുക്ത സഹകരണത്തിന്റെ മേഖലകളെ നിര്‍വചിക്കുന്ന ഒരു ചട്ടക്കൂട് സ്ഥാപിക്കാനുള്ള ആഗ്രഹം യോഗത്തില്‍ ആദിത്യ ബിര്‍ള കമ്പനി പ്രകടിപ്പിച്ചു. അലുമിനിയം നിര്‍മാണ മേഖലയിലെ പരസ്പര അവസരങ്ങളെ കുറിച്ചും ബിര്‍ള കമ്പനി നേതാക്കളും സൗദി സംഘവും വിശകലനം ചെയ്തു. ഇരുമ്പ്, ഉരുക്ക് മേഖലയിലെ സംയുക്ത അവസരങ്ങളെ കുറിച്ചും നിര്‍മാണത്തിലും കെട്ടിട നിര്‍മാണത്തിലും ഉപയോഗിക്കുന്ന ഇരുമ്പ് പ്ലേറ്റുകള്‍ നിര്‍മിക്കാനുള്ള കമ്പനിയുടെ സൗദിയിലെ പദ്ധതിയുടെ പുരോഗതിയെ കുറിച്ചും ബന്ദര്‍ അല്‍ഖുറൈഫും എസ്സാര്‍ കമ്പനിയും തമ്മിലുള്ള കൂടിക്കാഴ്ചയില്‍ വിശകലനം ചെയ്തു.
ഇന്ത്യന്‍ കല്‍ക്കരി, ഖനി മന്ത്രി ജി. കിഷന്‍ റെഡ്ഡിയുമായി രണ്ടു ദിവസം മുമ്പ് ന്യൂദല്‍ഹിയില്‍ സൗദി വ്യവസായ, ധാതുവിഭവ മന്ത്രി കൂടിക്കാഴ്ച നടത്തി ഖനന, ധാതു മേഖലയില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള സംയുക്ത സഹകരണം വികസിപ്പിക്കുന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്തിരുന്നു.
ഖനന, ധാതുവിഭവ മേഖലകളില്‍ 170 വര്‍ഷത്തിലേറെ നീണ്ട ചരിത്രവും ഖനനവുമായി ബന്ധപ്പെട്ട എല്ലാ മേഖലകളിലും അതുല്യമായ വൈദഗ്ധ്യവും ഇന്ത്യക്കുണ്ട്. സമ്പന്നവും വൈവിധ്യപൂര്‍മവുമായ ധാതുസമ്പത്ത് ഇന്ത്യയിലുണ്ട്. അലുമിനിയം ഉല്‍പാദനത്തില്‍ ലോകത്ത് രണ്ടാം സ്ഥാനത്തും ഇരുമ്പയിര് ഉല്‍പാദനത്തില്‍ ലോകത്ത് നാലാം സ്ഥാനത്തുമാണ് ഇന്ത്യ. ലോകത്ത് ഏറ്റവുമധികം കല്‍ക്കരി ശേഖരമുള്ള അഞ്ച് പ്രധാന രാജ്യങ്ങളില്‍ ഒന്നുമാണ് ഇന്ത്യ.
നിര്‍ണായകവും തന്ത്രപരവുമായ ധാതുക്കളുടെ പര്യവേക്ഷണം, ഖനനം, സംസ്‌കരണം എന്നീ മേഖലയില്‍ ഇന്ത്യക്ക് വലിയ ശേഷികളുണ്ട്. കൂടാതെ ഖനന പ്രവര്‍ത്തനങ്ങളിലും ഖനന സേവനങ്ങളിലും ഏറ്റവും പുതിയ സ്മാര്‍ട്ട് രീതികള്‍ ഇന്ത്യ സ്വീകരിക്കുന്നു. ഇത് ഖനന മേഖലയില്‍ പരിവര്‍ത്തന ഘട്ടത്തിലൂടെ കടന്നുപോകുന്ന സൗദി അറേബ്യക്കും ഇന്ത്യക്കുമിടയില്‍ തന്ത്രപരമായ പങ്കാളിത്തം കെട്ടിപ്പടുക്കാനുള്ള വിശാലമായ സാധ്യതകള്‍ തുറക്കുന്നു.
ഏകദേശം 2.5 ട്രില്യണ്‍ ഡോളര്‍ മൂല്യം കണക്കാക്കുന്ന ധാതു സമ്പത്ത് ശേഖരം വികസിപ്പിക്കാനും പ്രയോജനപ്പെടുത്താനും സൗദി അറേബ്യ ലക്ഷ്യമിടുന്നു. ഈ മേഖലകളില്‍ സംയുക്ത സഹകരണത്തിനുള്ള അവസരങ്ങള്‍ ഇത് വര്‍ധിപ്പിക്കുന്നു. ഖനന മേഖലാ നിക്ഷേപകര്‍ക്ക് സൗദി അറേബ്യ പ്രോത്സാഹനങ്ങളും പിന്തുണകളും നല്‍കുന്നുണ്ട്. ഉഭയകക്ഷി സാമ്പത്തിക ബന്ധങ്ങള്‍ ശക്തിപ്പെടുത്തുകയും വ്യാവസായിക, ഖനന മേഖലകളില്‍ സൗദിയിലേക്ക് ഗുണപരമായ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് വ്യവസായ, ധാതുവിഭവ മന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം ഇന്ത്യ സന്ദര്‍ശിച്ച് ഇന്ത്യന്‍ ഖനന കമ്പനി മേധാവികളുമായി കൂടിക്കാഴ്ചകളും ചര്‍ച്ചകളും നടത്തിയത്.