റിയാദ്: തലസ്ഥാന നഗരിയിൽ വിദേശികൾ നിയമ വിരുദ്ധമായി സ്വന്തം നിലക്ക് നടത്തിയിരുന്ന ജനറൽ സർവീസ് ഓഫീസ് ബിനാമി വിരുദ്ധ ദേശീയ പ്രോഗ്രാം സംയുക്ത സംഘം അടപ്പിച്ചു. വിദേശികൾ ബിനാമിയായാണ് സ്ഥാപനം നടത്തിയിരുന്നത് എന്നാണ് സംശയിക്കുന്നത്. നിയമാനുസൃത ലൈസൻസില്ലാതെ സ്വന്തം നിലക്ക് സ്ഥാപനം നടത്താൻ വിദേശികൾക്ക് ആവശ്യമായ ഒത്താശകൾ സൗദി പൗരൻ ചെയ്തുകൊടുക്കുകയായിരുന്നു.
ഇഖാമ, തൊഴിൽ നിയമ ലംഘകരെയും നുഴഞ്ഞുകയറ്റക്കാരെയും ജോലിക്കു വെക്കൽ, ബിനാമി ബിസിനസ് സംശയം, നഗരസഭാ ലൈസൻസില്ലാതെയും കാലവധി തീർന്നതും റദ്ദാക്കിയതുമായ കൊമേഴ്‌സ്യൽ രജിസ്‌ട്രേഷൻ ഉപയോഗിച്ചും ജനറൽ സർവീസ് മേഖലയിൽ പ്രവർത്തിക്കൽ, നിയമാനുസൃത തൊഴിൽ കരാറുകളും ജനറൽ ഓർഗനൈസേഷൻ ഫോർ സോഷ്യൽ ഇൻഷുറൻസ് രജിസ്‌ട്രേഷനുമില്ലാതെ സൗദി വനിതകളെ ജോലിക്കു വെക്കൽ എന്നീ നിയമ ലംഘനങ്ങൾ സ്ഥാപനത്തിൽ കണ്ടെത്തി.
ടാക്‌സ് ഇൻവോയ്‌സ് ഇഷ്യു ചെയ്യാതിരിക്കൽ, ഇപെയ്‌മെന്റ് സംവിധാനം ഇല്ലാതിരിക്കൽ, ഇൻഷുറൻസ് കമ്പനി നിരീക്ഷണ നിയമം ലംഘിക്കൽ, ലൈസൻസിൽ രജിസ്റ്റർ ചെയ്യാത്ത മേഖലയിൽ പ്രവർത്തിക്കൽ, സ്ഥാപനത്തിന്റെ പുറത്ത് സ്ഥാപിച്ച നെയിം ബോർഡും ലൈസൻസ് വിവരങ്ങളും പൊരുത്തപ്പെടാതിരിക്കൽ, ലൈസൻസ് കാലാവധി അവസാനിച്ച ശേഷം പ്രവർത്തിക്കൽ എന്നീ നിയമ ലംഘനങ്ങളും സ്ഥാപനത്തിൽ കണ്ടെത്തി. രാജ്യത്തെ നിയമങ്ങൾ അനുശാസിക്കുന്ന ഏറ്റവും കടുത്ത ശിക്ഷാ നടപടികൾ സ്വീകരിക്കാൻ നിയമലംഘകരെ പിന്നീട് ബന്ധപ്പെട്ട വകുപ്പിന് കൈമാറി ബിനാമി വിരുദ്ധ ദേശീയ പ്രോഗ്രാം അറിയിച്ചു.