ജിദ്ദ – ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ദേശീയ പ്ലാറ്റ്‌ഫോം ആയ ഇഹ്‌സാനില്‍ ഫിത്ര്‍ സകാത്ത് സ്വീകരിക്കാന്‍ തുടങ്ങി. ഫിത്ര്‍ സകാത്ത് ഇനത്തില്‍ വിശ്വാസികള്‍ അടക്കുന്ന പണം ഉപയോഗിച്ച് വാങ്ങുന്ന അരി സൗദിയിലെ വിവിധ പ്രവിശ്യകളില്‍ അര്‍ഹരായവര്‍ക്കിടയില്‍ ഇസ്‌ലാമിക നിയമം അനുശാസിക്കുന്ന കൃത്യസമയത്ത് വിതരണം ചെയ്യും. ഇഹ്‌സാന്‍ പ്ലാറ്റ്‌ഫോമില്‍ പ്രവേശിച്ച് സേവനങ്ങള്‍, സകാത്ത്, ഫിത്ര്‍ സകാത്ത് എന്നിവ യഥാക്രമം തെരഞ്ഞെടുത്ത് തങ്ങള്‍ താമസിക്കുന്ന പ്രവിശ്യയും കുടുംബാംഗങ്ങളുടെ എണ്ണവും നിര്‍ണയിച്ച് പണമടക്കുകയാണ് വേണ്ടത്.
സുതാര്യതയുടെയും ഗവേണന്‍സിന്റെയും ഉയര്‍ന്ന മാനദണ്ഡങ്ങള്‍ക്കനുസൃതമായി ചാരിറ്റബിള്‍ മേഖലയെ ശാക്തീകരിക്കാനും ചാരിറ്റബിള്‍ മേഖലയുടെ സ്വാധീനം വർധിപ്പിക്കാനും വിശ്വസനീയവും സുരക്ഷിതവുമായ രീതിയില്‍ ഡിജിറ്റല്‍ സംഭാവനകള്‍ സുഗമമാക്കാനും പതിമൂന്നു വകുപ്പുകളുടെ മേല്‍നോട്ടത്തിലാണ് ഇഹ്സാൻ പ്ലാറ്റ്ഫോം പ്രവർത്തിക്കുന്നത്.

റിലീഫ് പ്രവര്‍ത്തനങ്ങള്‍ക്കായി റമദാനില്‍ ആരംഭിച്ച ജനകീയ സംഭാവന ശേഖരണ യജ്ഞം ഇഹ്‌സാന്‍ പ്ലാറ്റ്‌ഫോമില്‍ പുരോഗമിക്കുകയാണ്. തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവ് നാലു കോടി റിയാലും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ മൂന്നു കോടി റിയാലും സംഭാവന നല്‍കി ഔദ്യോഗിക തുടക്കം കുറിച്ച ജനകീയ സംഭാവന ശേഖരണ യജ്ഞത്തിലൂടെ ഇതിനകം 150 കോടിയിലേറെ റിയാല്‍ സംഭാവനകളായി ഉദാരമതികളില്‍ നിന്ന് ലഭിച്ചിട്ടുണ്ട്. ഇഹ്‌സാന്‍ പ്ലാറ്റ്‌ഫോം വഴി ഇത് അഞ്ചാം വര്‍ഷമാണ് ജനകീയ സംഭാവന ശേഖരണ യജ്ഞം നടത്തുന്നത്.