പനാജി: കോൺഗ്രസ് അധികാരത്തിൽനിന്ന് പുറത്തുപോകാൻ ഇടയാക്കിയ അതേ തെറ്റുകൾ ആവർത്തിക്കുകയാണെങ്കിൽ ബി.ജെ.പിയുടെ ഭാവിയും ശുഭകരമല്ലെന്ന് പാർട്ടി നേതാവും മന്ത്രിയുമായ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു. ഗോവയിൽ പാർട്ടി എക്സിക്യൂട്ടിവ് യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബി.ജെ.പി വ്യത്യസ്തകളുള്ള പാർട്ടിയാണെന്നും അതിനാലാണ് വോട്ടർമാരുടെ വിശ്വാസം ആവർത്തിച്ച് നേടിയതെന്നും ഗഡ്കരി പറഞ്ഞു.
“കോൺഗ്രസ് ചെയ്തിരുന്നത് നമ്മൾ തുടർന്നുകൊണ്ടിരുന്നാൽ, അവരുടെ പുറത്തുകടക്കലും നമ്മുടെ പ്രവേശനവും കൊണ്ട് ഒരു പ്രയോജനവുമില്ല. ബി.ജെ.പി വ്യത്യസ്തതയുള്ള പാർട്ടിയാണെന്ന് അദ്വാനി പറയാറുണ്ടായിരുന്നു. മറ്റ് പാർട്ടികളിൽനിന്ന് നാം എത്രമാത്രം വ്യത്യസ്തരാണെന്ന് മനസ്സിലാക്കണമെന്നും മുൻ ബി.ജെ.പി അധ്യക്ഷൻ പറഞ്ഞു.
കോൺഗ്രസിൻ്റെ തെറ്റുകൾ കൊണ്ടാണ് ആളുകൾ ബി.ജെ.പിയെ തിരഞ്ഞെടുത്തത്. അതേ തെറ്റുകൾ വരുത്തുന്നതിനെതിരെ ശ്രദ്ധിക്കണം. സമാന തെറ്റുകൾ ചെയ്താൽ, കോൺഗ്രസിന്റെ പുറത്തുകടക്കലും നമ്മുടെ പ്രവേശനവും കൊണ്ട് ഒരു പ്രയോജനവുമില്ല. രാഷ്ട്രീയവും സാമൂഹികവും സാമ്പത്തികവുമായ പരിഷ്‌കാരങ്ങൾ കൊണ്ടുവരാനുള്ള ഉപകരണമാണ് പാർട്ടിയെന്ന് തിരിച്ചറിയണം. മഹാരാഷ്ട്രയിലെ രാഷ്ട്രീയത്തെ പരാമർശിച്ച്, തൻ്റെ സ്വന്തം സംസ്ഥാനത്ത് ജാതിയുടെ പേരിൽ രാഷ്ട്രീയം കളിക്കുന്ന പ്രവണതയുണ്ടെന്ന് ഗഡ്കരി അഭിപ്രായപ്പെട്ടു.
“ഈ പ്രവണത പിന്തുടരേണ്ടതില്ലെന്ന് ഞാൻ തീരുമാനിച്ചു. ജാതി രാഷ്ട്രീയത്തിൽ ഏർപ്പെടില്ലെന്ന് ഞാൻ ജനങ്ങളോട് പറഞ്ഞു. ജോ കരേഗാ ജാത് കി ബാത്ത്, ഉസ്‌കോ പടേഗി കസ്‌കെ ലാത്ത് (ജാതികളെക്കുറിച്ച് സംസാരിക്കുന്നവരെ അധികാരത്തിൽ നിന്ന് പുറത്താക്കും)- അദ്ദേഹം മുന്നറിയിപ്പ് നൽകി.
ഒരു വ്യക്തി അറിയപ്പെടുന്നത് അവൻ്റെ മൂല്യങ്ങൾ കൊണ്ടാണ്, അവൻ്റെ ജാതിയല്ല. 2027ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് അധികാരം നിലനിർത്താൻ എല്ലാ നിയോജക മണ്ഡലങ്ങളും സന്ദർശിച്ച് സംഘടനയെ ശക്തിപ്പെടുത്തണമെന്നും ഗോവ ബിജെപി കേഡർമാർക്ക് നൽകിയ സന്ദേശത്തിൽ ഗഡ്കരി അഭ്യർത്ഥിച്ചു.